ദൈവം അറസ്റ്റിൽ

നന്നായി കോരിച്ചൊരിയുന്ന മഴക്കാലമാണ്. അത്യാവശ്യം മോശമല്ലാത്ത നിലയിൽ കഴിഞ്ഞ ആഴ്ചകളിൽ മഴ ലഭിക്കുകയും ചെയ്തിരുന്നു.

തിമർത്തു പെയ്യുന്ന മഴ സമയങ്ങളിൽ, മഴയുടെ താള സ്വരങ്ങൾ കാതിൽ അലയടിക്കുന്നതിനാൽ, ഒരു വിധം മറ്റുള്ള ശബ്ദങ്ങളൊന്നും ശരിയായി കേൾക്കാൻ സാധ്യമല്ല. അതിനാൽ അത്തരം സമയങ്ങളിൽ ചില മോഷ്ടാക്കൾ ഇറങ്ങൽ പതിവാണ്. കോരിച്ചൊരിയുന്ന മഴയത്ത് പൂട്ടുകൾ തകർക്കുമ്പോൾ, വാതിലുകൾ പൊളിക്കുമ്പോൾ, ഒരു പക്ഷെ ശബ്ദം അറിഞ്ഞില്ലെന്ന് വരും. വീട്ടിൽ താമസിക്കുന്ന എല്ലാവരും ജാഗരൂഗരായിരിക്കേണ്ട സമയമാണിത്.

വളരെ ആസൂത്രിതമായി, അത്തരം ഒരു സമയം തന്നെയാണ് നമ്മുടെ കള്ളന്മാർ തെരഞ്ഞെടുത്തത്. അവർ ചില്ലറക്കാരൊന്നുമല്ല. കേട്ടാൽ ഞെട്ടും. മനുഷ്യർ തന്നെയാണോ എന്ന് ആദ്യം ഒന്ന് സംശയിച്ച് പോവും.

എന്റെ നാട്ടിൽ നിന്ന് ഏകദേശം എഴെട്ട് കിലോമീറ്റർ അകലെയുള്ള ഒരു പ്രദേശം. അവിടെയുള്ള ഒരു വീടാണ് നമ്മുടെ കള്ളന്മാർ ഇന്ന് ലക്ഷ്യം വെച്ചത്. തോരാത്ത മഴ തുടർച്ചയായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്നുണ്ട്. രാപകുതിയായപ്പോഴാണ് അവർ സംഭവസ്ഥലത്ത് എത്തിച്ചേർന്നത്.

കള്ളന്മാർ തങ്ങളുടെ പണിയാരംഭിച്ചു. കമ്പിപ്പാരയും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് അവർ വാതിൽ തകർക്കൽ ആരംഭിച്ചു. അർധ നഗ്നരും, മുഖം മൂടി ധരിക്കാത്തവരുമായിട്ടാണ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്.

അതേ സമയം അവിടെ സ്ഥാപിച്ച ചാരക്കണ്ണുകൾ അവരുടെ പ്രവർത്തനങ്ങൾ ഒപ്പിയെടുക്കുന്നത് അവരറിഞ്ഞതേയില്ല. തസ്കരന്മാരുടെ മുഴുവൻ പ്രവർത്തനങ്ങളും അവിടെ സൂക്ഷിക്കപ്പെട്ടു. തീർച്ചയായും അവർ കാണാത്തത് കൊണ്ടായിരിക്കണം. കണ്ടിരുന്നെങ്കിൽ ആദ്യം അതിനെ മൂടിയിട്ടായിരിക്കുമല്ലോ തങ്ങളുടെ ജോലികൾ ആരംഭിക്കുക.

കുത്തിത്തുറന്ന് അകത്ത് കയറി കിട്ടിയതും കൊണ്ട് കള്ളന്മാർ കടന്ന് കളഞ്ഞു. ഒരു പക്ഷേ മോഷ്ടാക്കൾ അവരുടെ സങ്കേതത്തിലേക്ക് തിരിച്ച് എത്തുന്നതിന്ന് മുമ്പേ ദൃശ്യങ്ങൾ പ്രദേശവാസികളുടെ വിരൽ തുമ്പിൽ നിന്ന് കളിയാടൽ ആരംഭിച്ചിട്ടുണ്ടാകാം. ലോകം അതാണല്ലോ. പാവം തസ്കരന്മാർ. പിറ്റെ ദിവസം തന്നെ കയ്യിൽ ആമം വീണു. വളരെ ദൂരെയൊന്നുമല്ലാത്ത, അടുത്ത് താമസിക്കുന്ന അന്യ സംസ്ഥാനക്കാരായ ഒരു ജേഷ്ഠനും അനിയനും. പരിസരം അറിയുന്നവർ തന്നെ. പക്ഷെ കാമറ അറിയാതെ പോയി.

എന്നാൽ തൊട്ടടുത്ത ദിവസത്തെ സായാഹ്ന പത്രങ്ങളിൽ ഇത് സംബന്ധമായി വന്ന വാർത്തയാണ് കള്ളന്മാർ ആരാണെന്നറിയുന്നതും, കൗതുകമാകുന്നതും. ”കണ്ണാടിപ്പറമ്പിലെ കവർച്ച, സൂര്യനും ചന്ദ്രനും അറസ്റ്റിൽ”. സമൂഹ മാധ്യമങ്ങളിൽ ഏതായാലും സൂര്യ ചന്ദ്രന്മാരുടെ അറസ്റ്റ് അരങ്ങായി തന്നെ വന്നു.

ചെക്കന്മാരെല്ലാം ഉറങ്ങാൻ തന്നെ തീരുമാനിച്ചു. അറസ്റ്റിലായ സൂര്യൻ പുറത്തിറങ്ങിയാലല്ലേ ഉദിക്കൂ…. അവരെ ജാമ്യത്തിലിറക്കേണ്ടത് ദൈവമാണ്. എന്നാൽ ദൈവവും മറ്റൊരു കുറ്റകൃത്യത്തിൽ അറസ്റ്റിലായ വാർത്തയും കൂട്ടിച്ചേർത്താണ് ഈ കൗതുകത്തിന്ന് ഒരു പൂർണ്ണത നൽകുന്നത്. അൽപം പഴക്കമുള്ള ഒരു അറസ്റ്റാണത്. ചേർത്ത് വായിക്കുമ്പോൾ പേരിലെ വികൃതികൾ ചിന്തനീയം തന്നെ. കട്ടപ്പനയിൽ സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നതിനിടെയാണ് ദൈവം പിടിക്കപ്പെടുന്നത്. സ്കൂൾ പ്രായത്തിൽ കഞ്ചാവ് വാങ്ങുന്ന കുട്ടികളോ…? അതോ, അത് വിൽക്കുന്ന ദൈവമോ…? ആരാണ് വല്യേട്ടൻ……?

ഏതായാലും മൂവരുടെയും അറസ്റ്റ് ഒരു സംഭവമായിട്ടുണ്ട്. മനുഷ്യത്വത്തിന് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ പിടിക്കപ്പെടുമ്പോൾ, ഉയർന്ന് വരുന്ന പേരുകൾ പല രീതിയിലും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇത്തരത്തിൽ ദൈവത്തെ തന്നെ പിടിക്കപ്പെടുമ്പോൾ പ്രത്യേകിച്ചും…. പിന്നെ പറയണോ കുലുമാല്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രണയം
Next article‘വഴിയെ’ സിനിമ
കണ്ണൂർ ജില്ലയിൽ, മയ്യിൽ പഞ്ചായത്ത് പാലത്തുങ്കര എന്ന പ്രദേശത്താണ് ജനനം. (അബു വാഫി പാലത്തുങ്കര) എന്ന തൂലിക നാമത്തിൽ എഴുതിക്കൊണ്ടിരിക്കുന്നു. പല ആനുകാലികങ്ങളിലും കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബികോം. കഴിഞ്ഞ പതിനൊന്ന് വർഷമായി UAE യിൽ പ്രവാസ ജീവിതത്തിലാണ്.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here