ഇരുപത്തി എട്ടു വർഷം മുൻപ് തങ്ങിയ അതെ റിസോർട്ടിലെ അതെ മുറി…. ശരത് അത് ചോദിച്ചു വാങ്ങിയതാണ്. ഇപ്പോഴും ആ പഴയ, പതിനെട്ടാം നൂറ്റാണ്ടിലെ പോർട്ടുഗീസ് ബങ്കളാവ് വളരെ നന്നായി നിലനിർത്തിയിരുന്നു… ലോക വ്യാപകമായ ഒരു ഹോട്ടൽ ശൃംഖല ഏറ്റുഎടുത്തു നടത്തുന്നതിനാൽ പണ്ടത്തേക്കാളും സുന്ദരമായിരുന്നു ഇന്നു ഈ റിസോർട്ട് ! ഇരുമ്പു ലോഹത്തിൽ ചെയ്ത ബാൽക്കണികളും തൂണുകൾ നിറഞ്ഞ പൂമുഖങ്ങളും മുത്തുച്ചിപ്പി ജാലകങ്ങളും പഴയ കാല പ്രതാപത്തെ എടുത്തു കാണിക്കുന്നതായിരുന്നു. . മുറിയിൽ നിന്നും കതകു തുറന്നാൽ വരാന്തയും അതിനപ്പുറം നടു മുറ്റവും. നടുമുറ്റത്തിൽ മുല്ല ചെടികളും മറ്റു വള്ളിച്ചെടികളും.ബാൽക്കണി തുറക്കുന്നത് വെള്ളി കലർന്ന വെളുത്ത മണൽത്തരികൾ നിറഞ്ഞ തീരത്തേക്ക്. കണ്ണ് കുളിർക്കുന്ന കാഴ്ച! ഹോട്ടൽ മുറികളും വളരെ വിശാലമായവ. ഒരു സന്ദർശക മുറിയും ബെഡ്‌റൂമും കൂടിയതാണ് ശരത് എടുത്ത ആ മുറി. ഇരട്ട ഉയരത്തിൽ ആണ് മുറി സംവിധാനം. സന്ദർശക മുറിയുടെ നടുവിൽ പുരാതനമായ ഒരു ബെൽജിയൻ ചാൻഡിലിയർ തൂങ്ങുന്നു. തറ ഹെറിങ്‌ബോൺ സ്റ്റൈലിൽ പാകിയ ടെറാക്കോട്ട ടൈലുകളാൽ അലങ്കരിച്ചിരിക്കുന്നു . നാലു പോസ്റ്റർ കട്ടിലും, ബാല്കണിയിലിട്ടിരിക്കുന്ന ചാരുകസേരയും, മുറിയിലെ ചെസ്റ് ഓഫ് ട്രൗയും വീട്ടിയിൽ ചെയ്ത പുരാതന ഫർണിച്ചർ.
ശരത് തന്റെ മകളെ വിളിച്ചു എത്തിയ വിവരം അറിയിച്ചൂ. അശ്വതി ഗോവ മെഡിക്കൽ കോളേജിൽ ആദ്യ വർഷ വിദ്യാർത്ഥിനി ആണ്. കഴിഞ്ഞ മാസം അവളുടെ അമ്മയാണ് അശ്വതിയെ ഇവിടെ കൊണ്ട് ചേർത്തത്. അശ്വതിയുടെ അമ്മ എൻ .ആർ .ഐ ആയതിനാൽ ആ കോട്ടയിൽ അഡ്മിഷൻ കിട്ടി. അവളുടെ കോളേജിൽ നിന്നും ഇരുപത്തിയഞ്ചു കിലോമീറ്റർ ദൂരത്തിലുള്ള റിസോർട്ടിൽ അവളുടെ അച്ഛൻ താമസിക്കുന്നത് എന്തിനാണെന്ന് അവൾക്കു മനസിലായി കാണില്ല. ശരത്തും അശ്വതിയുടെ അമ്മയും പതിനഞ്ചു വർഷം മുൻപേ വിവാഹമോചനം തേടിയെങ്കിലും മകളുടെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും ശരത് പങ്കുകാരനായിരുന്നു. അശ്വതിക്ക് അച്ഛൻ കഴിഞ്ഞേ വേറെ ആരും ഉള്ളു. ശരത്തിനു അശ്വതി ജീവന്റെ ജീവനും. അശ്വതിക്ക് ഇന്നും ക്ലാസ് ഉണ്ട്. നാളെ ഉച്ചക്ക് ഹോസ്റ്റലിൽ നിന്നും കൊണ്ടുവന്നു രണ്ടു ദിവസ്സം കൂടെ നിർത്താനാണ് പ്ലാൻ.
റിസോർട്ടിൽ നിന്ന് ഇറങ്ങി ശരത് കടൽത്തീരത്തേക്കു നടക്കാൻ തുടങ്ങി. സീസൺ സമയം അല്ലാത്തതിനാൽ റിസോർട്ടിൽ അധികം ആളുകളില്ല. കടൽത്തീരത്ത് നിന്നും മടങ്ങി വരുന്ന ബിക്കിനിയിട്ട മദാമ്മ ശരത്തിനെ അഭിവാദ്യം ചെയ്തു കടന്നു പോയി. കാക്കി നിറമുള്ള മുറിയൻ പാന്റും കറുപ്പ് ടി-ഷർട്ടും ഇട്ട ശരത്തിനെ കണ്ടാൽ ആരും ഒന്ന് കൂടി നോക്കി പോകും. ആറടി രണ്ടിഞ്ചു ഉയരവും അതിനൊത്ത ശരീരവും. ഈ അമ്പതാം വയസ്സിലും ശരീരത്തിൽ ഒരു കണിക കൂടി അനാവശ്യ കൊഴുപ്പില്ല. കോളേജിൽ പഠിച്ചിരുന്ന സമയത്തു നാഷണൽ ലെവൽ നീന്തൽ താരമായിരുന്നു ശരത്. അതിനു ശേഷവും കായിക രംഗത്തുള്ള താല്പര്യം ആൾ വിട്ടിട്ടില്ല. നന്നായി പറ്റെ വെട്ടിയ മുടിയും വ്യായാമം ചെയ്തു മെരുക്കി എടുത്ത മാംസപേശികളും വിരിഞ്ഞ നെഞ്ചും ശരത്തിനു ഒരു പോലീസ് ഓഫീസറുടെ എടുപ്പ് നൽകിയിരുന്നു. എന്നാൽ ആൾ കേരളത്തിലെ അറിയപ്പെടുന്ന ഒരു വ്യവസായ ശൃംഖലയുടെ ഉടമയാണ്. മഴ ചെറുതായി പെയ്യുന്നുണ്ട്. അത് വക വെക്കാതെ ശരത് നടക്കാൻ ഇറങ്ങി. ഗോവയിലെ കാലവർഷ സമയത്തിന് അതിനത്തേതായ ഭംഗിയുണ്ട്. ഏകാന്തമായ കടൽ തീരങ്ങൾ….. അവിടെ ഇവിടെ ചില തോണികൾ. സീസൺ സമയമല്ലാത്തതിനാൽ വളരെ വൃത്തിയായി കടൽ തീരം കാണപ്പെട്ടു. സെപ്തംബർ മാസം തുടങ്ങിയാൽ ബീച്ച് ഓരത്തിൽ ഷാക്കുകൾ കൂണു പോലെ മുളക്കും. പിന്നെ സംഗീതവും ലഹരികളും നിറഞ്ഞ രാത്രികൾ പകലുകൾ ആക്കുന്ന സ്ഥലമായി മാറും ഈ കടൽ തീരം.
മുൻപത്തെ ശരത്തിന്റെ ഗോവ യാത്രയും ഓഗസ്റ്റ് മാസത്തിൽ ആയിരുന്നു. പ്രതിശ്രുത വധുവായിരുന്ന വിദ്യയുടെ കൂടെ. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാന്തര ബിരുദം കഴിഞ്ഞു അമേരിക്കയിൽ ജോലിക്കു ചേരുന്നതിനു മുൻപ്. വിദ്യയുടെയും ശരത്തിന്റെയും മാതാപിതാക്കളെ കണ്ടു കല്യാണത്തിനുള്ള അനുവാദം വാങ്ങാനായിരുന്നു ആ യാത്ര. യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിക്കൾക്കായുള്ള പരസ്യ നോട്ടീസ് ബോർഡിലൂടെ ആണ് വിദ്യയെ ശരത് പരിചയപ്പെട്ടത്. വീട് ഷെയർ ചെയ്യാനുള്ള ശരത്തിന്റെ പരസ്യത്തിന് പ്രതികരിച്ചതാണ് വിദ്യ. കുട്ടി ഉടുപ്പിട്ട വെള്ളക്കാരൻ കുട്ടികളെയോ ചൈനീസ് കുട്ടികളെയോ പ്രതീക്ഷിച്ചിരുന്ന ശരത്തിനു സാരി ഉടുത്തു മലയാളം സംസാരിക്കുന്ന വിദ്യ വാതിലിൽ വന്നു മുട്ടിയത് പ്രസന്നമായ അതിശയമായി. മലയാളിയും സീനിയറും ആയ ശരത്തിനെ കൂട്ടായി കിട്ടിയതിൽ വിദ്യക്കും സന്തോഷമായിരുന്നു. അധികം വൈകാതെ ആ സൗഹൃദം പ്രണയമായി മാറി. രണ്ടു പേരുടെ വീട്ടുകാർക്കും സമ്മതം. മകൻ വല്ല വെള്ളക്കാരിയെ കെട്ടുമോ എന്നു പേടിച്ചിരുന്ന ശരത്തിന്റെ അമ്മക്ക് നൂറു വട്ടം സമ്മതമായിരുന്നു വിദ്യയുമായുള്ള മകന്റെ ബന്ധം. മകനോളം വിദ്യാഭാസവും, സുന്ദരിയും സുശീലയുമായ വിദ്യയേ ശരത്തിന്റെ അമ്മക്ക് നന്നായി ബോധിച്ചു. തങ്ങളെക്കാളും ഉയർന്ന സാമ്പത്തിക സ്ഥിതിയും തറവാട്ട് മഹിമയും ഉള്ള ശരത്തിനെ വിദ്യയുടെ മാതാപിതാക്കൾക്കും വളരെ ഇഷ്ടപ്പെട്ടു. നല്ല വിധത്തിൽ നടക്കുന്ന വ്യവസായ ശൃംഖലയുടെ ഉടമസ്ഥൻറെ ഒരേ ഒരു ആൺ തരി ആയിരുന്നു ശരത്. വിദ്യയുടെ പഠിത്തം കഴിഞ്ഞ ഉടനെ കല്യാണം എന്നു പറഞ്ഞു ഉറപ്പിക്കുകയും ചെയ്തു.
നാട്ടിൽ നിന്നും അമേരിക്കയിലേക്ക് മടങ്ങും മുൻപേ മൂന്നു ദിവസം ചിലവിടാൻ ശരത്തും വിദ്യയും ഗോവ തിരഞ്ഞെടുത്തു ! മനസിനെ സ്വതന്ത്രമാക്കി ശരത്തും വിദ്യയും ആ ദിനങ്ങൾ ശരിക്കും ആസ്വദിച്ചൂ. മഴക്കാലത്തെ ഗോവ കേരളത്തെ ഓർമിപ്പിക്കും. പ്ലാവും, തെങ്ങും, ഉപ്പൂറ്റി മരങ്ങളും, ബബ്ലൂസ് നാരകങ്ങളൂം തേക്കും നിറഞ്ഞ സ്ഥലം. ആമ്പലുകൾ നിറഞ്ഞ കുളങ്ങൾ, കുളങ്ങൾക്കു ചുറ്റും സൗഭാര്യം പരത്തുന്ന പൂക്കൾ നിറഞ്ഞ ചെമ്പക മരങ്ങൾ, കുളക്കരയിൽ നിന്നും കയറുവാൻ ചെങ്കൽ പടവുകൾ, പായൽ പിടിച്ച മതിലുകളിൽ വളരുന്ന മഷിച്ചെടികൾ, കമ്മ്യൂണിസ്റ്റ് പച്ച നിറഞ്ഞ വഴിയരികുകളിൽ തുമ്പയും, ശംഖപുഷ്പവും …. ഇതുവരെ ശരത്തിന്റെ കുസൃതി കൈകൾ തട്ടിമാറ്റി ഓടാറുള്ള വിദ്യ ഇത്തവണ ശരത്തിന്റെ കൈയിൽ ഒരു മാൻ പേടയെ പോലെ ഒതുങ്ങി. മുന്ന് ദിവസത്തെ അവധിക്കു ശേഷം ബോംബയിൽ നിന്നും വിദ്യ ഫീനിക്സ് നഗരത്തിലേക്കും ശരത് തന്റെ പുതിയ ജോലി സ്ഥലമായ ഡള്ളാസിലെക്കും വിമാനം കയറി. വിദ്യയെ അവസാനമായി ശരത് കണ്ടതും ആ ഓഗസ്റ്റ് മാസത്തിലേ കോരിച്ചൊരിയുന്ന മഴയുള്ള രാത്രിയിൽ എയർപോർട്ടിൽ വെച്ചാണ്. എപ്പോഴും സാരി ഉടുക്കാൻ ഇഷ്ടപ്പെട്ടിരുന്ന വിദ്യ അന്ന് ഉടുത്തിരുന്നത് ശരത്തിന്റെ സമ്മാനമായിരുന്ന ചുവപ്പു ജോർജറ്റ് സാരി. ഒരു വശത്തേക്ക് കൈകൊണ്ടു അരയോളം വരുന്ന കോലൻ മുടി ഒതുക്കി, ശരത്തിന്റെ കവിളുകളിൽ ലജ്ജയോടെ ഒരു മുത്തം കൊടുത്തു അവൾ ട്രാൻസിറ്റ് ബസ്സിലേക്ക് നടന്നു നീങ്ങി. തിരിഞ്ഞു നോക്കാതെ!
ജോലിയിൽ ചേർന്ന ശരത് വളരെ തിരക്കിലായിരുന്നെങ്കിലും ആഴ്ചയിൽ ഒരിക്കൽ വിദ്യയുമായുള്ള സംസാരം തുടർന്ന് കൊണ്ടിരുന്നു. വിദ്യയുടെ കോഴ്സ് തീരാനുള്ള സമയത്താണ് വിദ്യയുടെ വശത്തു നിന്ന്ഒരു അകൽച്ച ശരത്തിനു തോന്നിയത്. വിദ്യയോട് അതു സൂചിപ്പിച്ചപ്പോൾ പ്രൊജക്റ്റ് പ്രഷർ എന്നു പറഞ്ഞു അവൾ ഒഴിഞ്ഞു. അവസാനം വിദ്യയിൽ നിന്നും ശരത്തിനെ ആശങ്കയിൽ ആഴ്ത്തിയ ആ കത്ത് വന്നു. ഉപരി പഠനത്തിന് പോകാനാണ് താൽപര്യയം എന്നും കല്യാണത്തിന് താല്പര്യമില്ല എന്നും പറഞ്ഞു. ഫോനിക്സിലേക്കു അന്ന് രാത്രി തന്നെ പറന്ന ശരത്തിനു കിട്ടിയത് ഫോർവഡിങ് അഡ്രസ്സില്ലാതെ വിദ്യ സ്ഥലം ഒഴിഞ്ഞു എന്ന വാർത്ത ആണ്. വിദ്യയുടെ കൂട്ടുകാരെയും സഹപാഠികളേയും നേരിട്ട് കണ്ടു. ആർക്കും പുതിയതായി ഒന്നും പറയാനുണ്ടായിരുന്നില്ല. വിദ്യയുടെ അടുത്ത സുഹൃത്തായ സന്ധ്യയെ കണ്ടുപിടിക്കാനുള്ള ശരത്തിന്റെ ശ്രമവും പരാജയത്തിലായി. വീട്ടിലുണ്ടായ എന്തോ അത്യാവശ്യത്തിനായി കേരളത്തിലേക്ക് പോയിരിക്കുക ആയിരുന്നു സന്ധ്യ. ജോലിസ്ഥലത്തെ സമ്മർദം ഒരു തരത്തിൽ ശരത്തിന്റെ രക്ഷ ആകുകയായിരുന്നു. കഠിനാധ്വാനം ശരത്തിനെ ഔദ്യോദിക ജീവിതത്തിൽ വളരെ വേഗം ഉയർത്തി. അമ്മ കൊണ്ടുവന്ന വിവാഹാലോചനകൾ തള്ളിക്കളയാൻ കാരണങ്ങൾ ഇല്ലാത്തതിനാൽ അമ്മക്ക് ഇഷ്ടപെട്ട ഒരു ബന്ധത്തിന് ശരത് സമ്മതിച്ചു. അമേരിക്കയിൽ തന്നെ ജോലിയുള്ള ഒരു കുട്ടി. രേവതി! ജീവിതം ശാന്തമായൊഴുകി. അശ്വതിയുടെ ജനനം ശരത്തിനെ വളരെ സന്തോഷമുള്ള ഒരു അച്ഛനും ഭർത്താവുമാക്കി. വിദ്യ വേദന നിറഞ്ഞ ഒരു സ്വപ്നം പോലെ ഇടയ്ക്കു ഇടയ്ക്കു ശരത്തിനെ സന്ദർശിച്ചു. ആ സന്ദർശനങ്ങളുടെ ഇടവേള സാവധാനം നീളമുള്ളവ ആയി…..
അച്ഛന്റെ മരണം ശരത്തിനെ തിരിച്ചു നാട്ടിലേക്കു വരാൻ നിർബന്ധിതനാക്കി. സംസ്ഥാനം മുഴുവൻ പരന്നു കിടന്നിരുന്ന വ്യവസായ ശൃംഖലയുടെ സാരഥ്യം ശരത്തിനു ഏറ്റെടുക്കേണ്ടി വന്നു. രേവതിക്ക് കേരളത്തിലേക്ക് ഒരു പറിച്ചിടലിൽ താല്പര്യമില്ലാത്തതും ശരത്തിന്റെ പുതിയ ഉത്തരവാദിത്വം രേവതിക്ക് ഇഷ്ടപെടാത്തതും ഇരുവരെയും വിവാഹമോചനത്തിലേക്കു എത്തിച്ചു. പെൺകുട്ടി ആയതിനാൽ അശ്വതി അമ്മയുടെ ഒപ്പവും ആയി.
ചെന്നൈ എയർപോർട്ടിൽ വച്ച് നാലു വർഷം മുൻപ് ശരത് അവിചാരിതമായി സന്ധ്യയെ കണ്ടുമുട്ടി. സന്ധ്യ വിദ്യയെ പറ്റി പങ്കുവച്ച വിവരങ്ങൾ ശരത്തിനെ വല്ലാതെ ഉലച്ചു. വിദ്യയുടെ വേദനാജനകമായ ആർത്തവനാളുകൾ വിശദമായ മെഡിക്കൽ പരിശോധനക്ക് വിദ്യയെ നിർബന്ധിതയാക്കി. വളരെ മോശമായ PCOS ആയിരുന്നു വിദ്യയുടേത്. ഒരു ‘അമ്മ ആകാൻ യാതൊരു സാധ്യതയുമില്ലാത്ത സാഹചര്യം. ശരത്തിൽ നിന്നും അകലാൻ വിദ്യയെ പ്രേരിപ്പിച്ചതും ഇതാണത്രെ. വിദ്യയുടെ ഇപ്പോഴത്തെ വിവരം ഒന്നും സന്ധ്യയുടെ കൈയിൽ ഇല്ലായിരുന്നു. കാനഡയിൽ നിന്നും ഡോക്ടറേറ്റ് എടുത്തതിനു ശേഷം കേരളത്തിൽ തിരിച്ചു വന്നുവെന്നും, ഏതോ എഞ്ചിനീയറിംഗ് കോളേജിൽ പഠിപ്പിക്കുക ആണെന്നും ആയിരുന്നു അവസാന ന്യൂസ്! .വിദ്യയെ കണ്ടുപിടിക്കാൻ അന്ന് മുതൽ ശ്രമിക്കുകയാണ് ശരത്!
ശരത് നനഞ്ഞ മണലിലൂടെ കടലിനോടു ചേർന്ന് നടന്നു. കടൽ തീരം നിറയെ ചെറിയ ചെറിയ ഞണ്ടുകൾ. വളരെ വേഗത്തിൽ അവ വെള്ളത്തിലേക്ക് ഓടി പോകുന്നു. മീൻകാർ പിടിച്ചുകൊണ്ടു വന്ന മീനുകളുടെ ബാക്കി കടൽത്തീരത്ത് അങ്ങിങ്ങു കിടക്കുന്നു. മത്തി ആണ് അധികവും. തിരകൾ കടൽ തീരത്തെ മണലിൽ ചിത്രങ്ങൾ മാറ്റി മാറ്റി വരച്ചു കൊണ്ടിരിക്കുന്നു. മഴ വളരെ ശക്തമായതും ശരത് റിസോർട്ടിലിലേക്കു തിരിഞ്ഞു നടക്കാൻ തുടങ്ങി …. കുറച്ചു ദൂരെ കരയിൽ വലിച്ചിട്ടിരിക്കുന്ന ഒരു തോണിയിൽ ചാരി ഒരു സ്ത്രീ രൂപം മഴ ആസ്വദിച്ചു നിൽക്കുന്നതു കണ്ടു . ഒരു കൗതുകത്തിൽ ശരത് മഴ വകവയ്ക്കാതെ ആ സ്ത്രീയൂടെ അടുത്തേക്ക് നടന്നു നീങ്ങി. അരവരെ നീണ്ടു കിടക്കുന്ന നീളൻ മുടി മഴയിൽ കുതിർന്നു കിടക്കുന്നു. അവൾ അണിഞ്ഞിരുന്ന വെള്ളയിൽ വയലറ്റ് പൂക്കളുള്ള ഷിഫോൺ സാരി നനഞ്ഞു അവളുടെ ശരീരത്തോടെ ഒട്ടി നിൽക്കുന്നു.ഒരു കൈ കൊണ്ട് അവൾ സാരി പൊക്കിപിടിച്ചിരിക്കുന്നു. മറ്റേ കൈയിൽ ചെരുപ്പും. നല്ല ഉയരമുള്ള സ്ത്രീ… ശരത് നടന്നു വരുന്നത് അറിഞ്ഞോ എന്തോ അവൾ തിരിഞ്ഞു നോക്കി. നെറ്റിയിൽ വീണ നനഞ്ഞ കുറുനിരകൾ കൈത്തണ്ട കൊണ്ട് ഒതുക്കി അവൾ ശരത്തിനു നേരെ തിരിഞ്ഞു. മുടിയിൽ നിന്നും മൂക്കിലേക്ക് ഇറ്റ് വീഴുന്ന മഴത്തുള്ളികൾക്കിടയിലൂടെ ശരത് അവളുടെ മുഖം കണ്ടു. വിദ്യ! രണ്ടാളും സമചിത്തത വീണ്ടെടുക്കാൻ തെല്ലു നേരം എടുത്തു. മഴ ശക്തമായി. രണ്ടാളും ഒന്നും ഉരിയാടാതെ റിസോർട്ടിലിലേക്കു നടന്നു. ഗേറ്റിൽ എത്തിയതും ഒരു സന്തുലനാവസ്ഥ അവരുടെ ഇടയിലേക്ക് എത്തി. ശരത് താൻ ഇവിടെ എത്തിയ കഥ വിദ്യയെ അറിയിച്ചു. പിറ്റേന്ന് അത്താഴത്തിനു ശരത് വിദ്യയെ ക്ഷണിച്ചു. വിദ്യ ഉടനെ അതു സ്വീകരിക്കുകയും ചെയ്തു.
പിറ്റേന്ന് വൈകുന്നേരം ശരത് റെഡി ആയി. അശ്വതി വൈകുന്നേരം ഒരു കൂട്ടുകാരിയുടെ കൂടെ കറങ്ങാൻ പോകുന്നു എന്നു പറഞ്ഞു. വിദ്യക്ക് ഇഷ്ടപെട്ട കസവു മുണ്ടു തന്നെ എടുത്തു ഉടുത്തു. കറുപ്പ് ഷർട്ടും. അവൾ ഇതെല്ലാം എപ്പോഴും ഓർമിക്കുന്നുണ്ടാകുമോ? വിദ്യ എന്തായിരിക്കും ഇന്നു അണിയുക? സാരി തന്നെ എന്നു ഉറപ്പുണ്ട്. ശരത്തിനിഷ്ടപ്പെട്ട കറുപ്പ് സാരി ആയിരിക്കുമോ?
ബീച്ചിൽ അത്താഴവിരുന്നു ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് ശരത് നടന്നു. അവിടെ അശ്വതിയുടെയും വേറെ ഒരു പെൺകുട്ടിയുടെയും കൂടെ കളി തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന കറുപ്പ് സാരിയും ചുവന്ന ബ്ലൗസും ധരിച്ച വിദ്യയെ കണ്ടു. ശരത്തിനെ കണ്ടതും അശ്വതി വിദ്യയുടെ കഴുത്തിൽ കൈ ഇട്ടു, ആന്റി, ഇതാ എന്റെ അച്ഛൻ എന്നു പറഞ്ഞു പരിചയപ്പെടുത്തി. മറ്റേ പെൺകുട്ടിയെ കാണിച്ചു എന്റെ ഫ്രണ്ട് മാളു എന്നും പറഞ്ഞു. എൻെറ മകൾ എന്നു വിദ്യ കൂട്ടിച്ചേർത്തു . ശരത്തിന്റെ മുഖത്തെ ആശയകുഴപ്പം കണ്ടു മാളു വന്നു ശരത്തിന്റെ കൈ പിടിച്ചു ‘അമ്മ പറഞ്ഞു എനിക്ക് അങ്കിളിനെ അറിയാം. കൺഫ്യൂഷൻ വേണ്ട അങ്കിൾ, ഞാൻ ദത്തു പുത്രി ആണ്. എന്നാൽ ഇപ്പോൾ അമ്മയുടെ സ്വന്തം മാളു…
അത്താഴ സമയം മുഴുവൻ കുട്ടികളുടെ വർത്തമാനവും കളിയും ബഹളവും ആയിരുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ നടന്ന സംഭവവികാസങ്ങൾ ശരിക്കും ഉൾക്കൊള്ളുവാൻ ശരത് പണിപ്പെട്ടു…പിറ്റേ ദിവസത്തേ പ്രഭാത ഭക്ഷണത്തിനു വിദ്യയുടെ പ്രത്യേക സമയം വാങ്ങി ശരത് തന്റെ മുറിയിലേക്ക് നടന്നു. കുറച്ചു നേരത്തേക്ക് ചോർന്ന് നിന്നിരുന്ന മഴ അതിശക്തമായി വീണ്ടും പെയ്യാൻ തുടങ്ങി!