വിശാലമായ പഞ്ചസാര മണൽ പുതപ്പ് വിരിച്ച് വിനോദയാത്രക്കാരുടെ വരവേൽപ്പിനായി ഒരുക്കിവച്ചിരിയ്ക്കുന്ന ഗോവ കടൽ പുറത്ത് അൽപ്പം വിഭവങ്ങളുമായി പ്രവാസി എഴുത്തുകാർക്ക് സൗഹൃദവും, ആനന്ദവും, ആഹ്ലാദവും, സഹകരണവും, ഓർമ്മകളും ചേർത്ത് വിളമ്പാൻ തയ്യാറായിക്കൊണ്ട് ഫെഡറേഷൻ ഓഫ് ഓൾ ഗോവ മലയാളി അസോസിയേഷൻ (ഫാഗ്മ) സംഘടിപ്പിയ്ക്കുന്ന 6-മത് സാഹിത്യ സംഗമത്തിലേയ്ക്ക് പ്രവാസി എഴുത്തുകാരെ സാദരം സ്വാഗതം ചെയ്യുന്നു.
പനാജിയിൽ വച്ച് (ഗോവ) നടക്കുന്ന ആറാമത് പ്രവാസി മലയാള സാഹിത്യസംഗമം ജൂൺ ഒന്ന്, രണ്ട് തിയ്യതികളിൽ മഡ്ഗോൺ (Madgaon) രവീന്ദ്ര ഭവനിൽ വച്ച് അരങ്ങേറുന്നു. സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്ന പ്രവാസി മലയാളി എഴുത്തുകാർക്ക് കൂടുതൽ വിവരങ്ങൾക്കായി ശ്രീമതി രാജേശ്വരി നായരെ (പ്രോഗ്രാം കൺവീനർ ) +91707393964 എന്ന നമ്പറിലൂടെ വാട്സ്ആപ്പുമായി ബന്ധപ്പെട്ട് സംഗമത്തിനുവേണ്ടി രൂപീകരിച്ച ഗ്രൂപ്പിൽ അംഗത്വം ഉറപ്പുവരുത്താവുന്നതാണ്. 2019 ജൂൺ 1-നു 2 മണിയ്ക്ക് ആരംഭിയ്ക്കുന്ന സംഗമത്തിൽ കുട്ടികളുടെ കലാപരിപാടികൾ, മത്സരങ്ങൾ, അതിഥികൾക്ക് ഉപഹാര സമർപ്പണം, പുസ്തക പ്രകാശനം, പാനൽ ചർച്ച, പുസ്തക ശാല ഉത്ഘാടനം, കവിയരങ്ങു, കഥയരങ്ങു, മറ്റു കലാപരിപാടികൾ എന്നീ പരിപാടികളോടെ ആരംഭിയ്ക്കുന്ന സംഗമം ജൂൺ 2-നു ഏകദേശം 5-മണിയോടെ പര്യവസാനം കുറിയ്ക്കുന്നു.
“ഈ സംഗമത്തിൽ പ്രശസ്തരായ കവികളെന്നോ, എഴുത്തുകാരെന്നോ, ഗ്രന്ഥകർത്താക്കളെന്നോ, പുതിയ എഴുത്തുകാരെന്നോ, തുടക്ക എഴുത്തുകാരെന്നോ ഉള്ള തരം തിരിവില്ല. പ്രവാസി എഴുത്തുകാർക്കായി അവസരങ്ങൾ ഒരുക്കുക, സംഘടിയ്ക്കുക എന്ന ഉദ്ദേശത്തോടു കൂടി മാത്രമാണ് ഫാഗ്മ ഈ സംഗമത്തിന് രൂപം നല്കിയിരിയ്ക്കുന്നത് . എഴുത്തുകാർ എവിടെ നിന്ന് എന്ന ഒരു ചോദ്യത്തിനിവിടെ പ്രസക്തിയേ ഇല്ല. ആത്മാർത്ഥമായി പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്നവർ മുൻകൂട്ടി അറിയിച്ചാൽ ഫാഗ്മ കഴിയുംവിധം സൗകര്യങ്ങൾ ഒരുക്കി ഓരോരുത്തരെയും സ്വീകരിയ്ക്കുന്നതായിരിയ്ക്കും” എന്ന് പ്രോഗ്രാം കൺവീനർ ,ശ്രീമതി രാജേശ്വരി നായർ പറഞ്ഞു.