ഗിന്നസ് ബുക്കില്‍ പേരു വരും

 

അതിസാഹസിക കൃത്യങ്ങള്‍ കാണിക്കുന്ന ഒരത്ഭുത മനുഷ്യനാണ് രാംദാസ്. അയാളുടെ സഹായികള്‍ ശരശയ്യ നിര്‍മിക്കും. രാംദാസ് നീണ്ടു നിവര്‍ന്ന് താഴെ കിടന്ന് പ്രാര്‍ത്ഥിക്കും. അതിനു ശേഷം സഹായികള്‍ രാംദാസിനെ എടുത്ത് ശരശയ്യയില്‍ കിടത്തും. പിന്നീട് പുതിയ പത്തു മേച്ചില്‍ ഓടുകള്‍ ഒരടുക്കായി വയര്‍ ഭാഗത്തു വയ്ക്കും. ഒരാള്‍ ഒരു വലിയ ഹാമര്‍ കോണ്ട് ശക്തിയായി അടിച്ച് ഓടുകളെല്ലാം പൊട്ടിക്കും. അതുകഴിഞ്ഞ് രാംദാസിനെ എടുത്ത് താഴെ കിടത്തും. ഒന്നും സംഭവിക്കാത്ത മട്ടില്‍ അയാള്‍ എഴുന്നേറ്റു വരും.

പൊതു വേദികളിലും ടി വിയിലും ഈ പരിപാടി അവതരിപ്പിച്ചു. ഈ അസാധാരണ കഴിവ് കാണികളെ ആശ്ചര്യപ്പെടുത്തി. ഈ പ്രകടനം കണ്ട് പലരും അഭിനന്ദിച്ചു. ചിലര്‍ അസൂയപ്പെട്ടു. മറ്റു ചിലര്‍ ഒന്നും മിണ്ടിയില്ല. രാംദാസിന്റെ ഈ കഴിവിന്റെ വിവരണം ഒരു വലിയ വാര്‍ത്തയായി പത്രത്തില്‍ വന്നു.

ഈ പ്രകടനം കണ്ട് വയോവൃദ്ധനായ കവി രാംദാസിനോട് ചോദിച്ചു.

” ഇതുകൊണ്ട് എന്താണൂ പ്രയോജനം?”

” എന്താണ് പ്രയോജനം എന്നു ചോദിച്ചാല്‍ മനുഷ്യനു വിവിധയിനം കഴിവുകള്‍ തന്നിട്ടുണ്ട്. ആ കഴിവുകള്‍ ബുദ്ധി ഉപയോഗിച്ച് വളര്‍ത്തിയെടുത്ത് പ്രയോജനപ്പെടുത്തണം. ഗിന്നസ് ബുക്കില്‍ പേരു വരുത്താനുള്ള ശ്രമത്തിലാണു ഞാന്‍ ” രാംദാസ് പറഞ്ഞു.

” ഗിന്നസ് ബുക്കില്‍ പേരു വരുമോ?” കവി ചോദിച്ചു.

”പരിശ്രമിച്ചാല്‍ ഏതു കാര്യവും നേടാന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു. മടിയന്മാരില്‍ നിന്ന് നേട്ടങ്ങള്‍ ഓടി മറയും. അലസന്മാര്‍ ഉയര്‍ച്ച കൈവരിക്കുകയുമില്ല. ഞാന്‍ ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകുന്നു ” രാംദാസ് പുഞ്ചിരി തൂകി മൊഴിഞ്ഞു .

” കൊള്ളാം നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. ശുഭാപ്തി വിശ്വാസിക്ക് ജലദോഷം പെട്ടന്നു ബാധിക്കുകയില്ലെന്നു ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദോഷൈക്കുകളെ ജലദോഷം പെട്ടന്ന് ബാധിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട് ” കവി പറഞ്ഞു.

”സാറ് പറഞ്ഞത് ശരിയാണല്ലോ. എനിക്ക് ജലദോഷം വരാറില്ല. ആരു കണ്ടെത്തിയതാണെങ്കിലും ഈ കണ്ടെത്തല്‍ എന്റെ കാര്യത്തില്‍ വളരെ ശരിയാണ്” രാംദാസ് പറഞ്ഞു.

” പ്രശസ്തിയോടുള്ള നിങ്ങളുടെ മോഹമാണ് ഈ സാഹസത്തിനു നിങ്ങളെ പ്രേരിപ്പിക്കുന്നത്. നിങ്ങളുടെ ഈ സാഹസപ്രവൃത്തി മൂലം നിങ്ങള്‍ പ്രശസ്തനാകും. ഗിന്നസ് ബുക്കില്‍ പേരു വരും നിങ്ങളുടെ സംരഭങ്ങള്‍ക്ക് സാഫല്യമുണ്ടാകട്ടെ എന്നാശംസിച്ചു കൊള്ളുന്നു ” കവി അഭിപ്രായപ്പെട്ടു .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here