പണ്ടാരോ പറഞ്ഞു
ജീവിതമീശ്വരൻ തന്ന വരമെന്ന്
ജനിമൃതി സങ്കീർണ്ണതകൾക്കിടയി –
ലുല്ലസിക്കാൻ കിട്ടിയൊരിടവേളയതിൽ
കണ്ണീരിൻ കറുത്ത കുത്തുകൾ വീഴ്ത്തിയും
നിരാശതൻ കരിനിഴൽ പടർത്തിയും
ചിരി മായ്ച്ചും ശങ്കകൾ നിറച്ചും
വികൃതമാക്കി കോറിയിടുകയാണു മനുഷ്യൻ
അതിക്ഷണികമാമീ ജീവിതം
നിലാവു പോലെ നിർമ്മലം
മഞ്ഞുതുളളി പോലെ സുഖദായകം
സംഗീതം പോലെ സ്നേഹ സാന്ദ്രം
അതിൻ മാധുര്യം നുകരുവാൻ
നീയാദ്യം നിന്നെ അറിയുക
നിന്നെ തന്നെ സ്നേഹിക്കുക
തന്നെതന്നെ സ്നേഹിക്കുന്നവനന്യനെയും
സ്നേഹിക്കുമന്യനാൽ സ്നേഹിക്കപ്പെടും
നിന്നെ തകര്‍ക്കുന്ന , തടവിലാക്കുന്ന
ഋണചങ്ങലകളെ പൊട്ടിച്ചെറിയുക
ആത്മവിശ്വാസം നിന്നുളളിൽ
അർക്കനായി ഉദിച്ചുയരട്ടെ
അതിന്റെ പൊന്നിൻകിരണങ്ങൾ
മായാത്ത പുഞ്ചിരിയായിയെന്നെന്നും
നിന്റെ വദനത്തിൽ പ്രതിപതിച്ചീടട്ടെ
കദനത്തിൻ കാരമുളളുകൾ
കരളിലടവെച്ചതിൻ മീതെ
നീ ഒത്തിരിയൊത്തിരി സ്വപ്നങ്ങൾ വിരിയിക്കുക
ആ സ്വപ്നങ്ങൾ നിനക്കതിരില്ലാത്ത ആകാശം തന്നിടും
ആകാശത്ത് വർണ്ണച്ചിറകുളള
പൊൻതൂവലുകളായി നീ പറന്നിടുമ്പോൾ
ഒരിക്കൽ നീ കോറി വികൃതമാക്കിയ
വരകൾ ജീവചൈതന്യമാർന്നിടും
അന്നു നിനക്കും ധന്യമീ വരം