ഭൂതത്താൻ വയൽ…“മോനേ ആ വയലു കണ്ടോ …
അതാണ് ഭൂതത്താൻ വയൽ ..
നിറയെ ഭൂതങ്ങളാണത്രെ ..
വയലിനെ ദ്രോഹിക്കാൻ വരുന്നവരെയെല്ലാം
ഈ ഭൂതങ്ങൾ ആട്ടിയോടിക്കും ..
മോനീ ഉരുള കഴിച്ചേ ..
ഇല്ലേൽ ആ ഭൂതങ്ങൾ വന്നു കഴിക്കും ട്ടോ ..”

കരിവളയിട്ട കൈകൾ ഈണത്തിൽ ഭൂതങ്ങളുടെ കഥപറഞ്ഞുകൊണ്ട് അവരുടെ വാവയെ ഊട്ടിക്കൊണ്ടിരുന്നു …
വാവയാകട്ടെ നീണ്ടുപരന്നു കിടക്കുന്ന നെൽപ്പാടങ്ങളിൽ നിന്നും ഏതു സമയവും പ്രതീക്ഷിക്കാവുന്ന ആ ഭൂതത്തിന്റെ ചിത്രം മനസ്സിൽ വരച്ചുകൊണ്ടിരുന്നു .അതോടൊപ്പം നെയ്യും പഞ്ചസാരയും ചേർത്തുകുഴച്ച ഉരുളകൾ വാവയറിയാതെ തന്നെ കഴിച്ചുകൊണ്ടേയിരുന്നു ..
ഇരുളാൻ തുടങ്ങിയിരുന്നു അപ്പോൾ .
വാവയുടെ കണ്ണുകൾ അടയുന്നുണ്ടായിരുന്നു ഇടയ്ക്കിടെ


ഈ സമയം അകലെ ..
കരിമ്പനകൾക്കുമപ്പുറം ..
വയലുകൾക്കിടയിൽ നിന്നും ആ ഭൂതങ്ങൾ പരസ്പരം സംസാരിച്ചതും ഇതുതന്നെയായിരുന്നു .
“ആ കുട്ടി ഇന്നും ഭക്ഷണം കഴിച്ചു ..” കുട്ടിഭൂതം പറഞ്ഞു
“ഭൂതത്തെ പേടിച്ചോ അതോ ഇരുളിനെ പേടിച്ചോ ..” വൃദ്ധനായ ഭൂതം ചോദിച്ചു ..
കുട്ടിഭൂതം മറുപടിയൊന്നും പറയാതെ കയ്യിലുള്ള ചവണ കറക്കിക്കൊണ്ടിരുന്നു . അതുകണ്ട രണ്ടു കൊറ്റികൾ അവനെ നോക്കി കൊഞ്ഞനംകുത്തി കുറച്ചകലേക്കു പറന്നു . കരിമ്പനകളിൽ നിന്നുള്ള കാറ്റിന്റെ ഇരമ്പം അകലെ മലമുകളിൽ തട്ടി തിരിച്ചു വന്നു .
“എല്ലാവരും പേടിക്കുമായിരിക്കും അല്ലെ ..? “
കുട്ടിഭൂതം എന്തോ ആലോചിച്ചുകൊണ്ടു പറഞ്ഞു ..
“എത്രകാലം …” വൃദ്ധനായ ഭൂതത്തിന്റെ തോളിൽ നിന്നും കരിമ്പടം കാറ്റിൽ അകലേക്ക് പറന്നുയരാൻ ശ്രമിച്ചു .

അമ്മേ.. ഈ ഭൂതങ്ങളെന്തിനാ ആ വയലിൽ ഇരിക്കുന്നത് .?

അമ്മയുടെ ചാരത്തു കിടന്നുകൊണ്ട് വാവ ചോദിച്ചു .
വയലിൽ നിന്നുള്ള കാറ്റേറ്റ് അമ്മയുടെ മുടിയിഴകൾ പാറിക്കളിക്കുന്നത് അവൻ കൗതുകത്തോടെ നോക്കി .

അതോ ..
അതൊരു കഥയാണ്
പണ്ടുമുതലേ ഇവിടെയുള്ള ആളുകൾ പാടി നടന്നിരുന്ന ഒരു നാട്ടുകഥ .
ഈ വയലുകൾക്കപ്പുറം , ആ വലിയ മലയിലേക്കുള്ള വഴിനീളെ ഈ കഥയുടെ ഈരടികൾ കേൾക്കുമായിരുന്നു .അവയാകട്ടെ കരിമ്പനകളുടെ ഇരമ്പം പോലെ കാതുകളിൽ അടിച്ചുകൊണ്ടേയിരിക്കും .

വാവ ഉറക്കമായിരുന്നു അപ്പോഴേക്കും …
അമ്മയാകട്ടെ ആ കഥ പറഞ്ഞുകൊണ്ടേയിരുന്നു
വയലുകൾ ഇളകിയാടൽ നിർത്തി ,സാകൂതം അവരുടെ വാക്കുകളെ ശ്രവിച്ചുകൊണ്ടിരുന്നു. ആ വലിയ കരിമ്പനയുടെ മുകളിലൂടെ അകലെയെങ്ങോ വെളിച്ചം കാണാമായിരുന്നു .
അമ്മയുടെ കഥയുടെ മേൽ കൊയ്ത്തുപാട്ടിന്റെ ശീലുകളുയർന്നു .
കിഴക്കു വെള്ളകീറുമ്പോഴും അമ്മ കഥപറച്ചിലിൽ ആയിരുന്നു .
വാമൊഴികളിലൂടെ പകർന്നു കിട്ടിയ കഥയിലെ വയൽഭൂതങ്ങളെല്ലാം അമ്മയ്ക്ക് ചുറ്റും നിന്നുകൊണ്ട് കഥ വീണ്ടും വീണ്ടും കേട്ടു.
കുട്ടി ഉറക്കമുണർന്നപ്പോൾ അമ്മ പാതിവഴിയിൽ കഥയെ ഉപേക്ഷിച്ചുകൊണ്ട് കുട്ടിയെ ലാളിക്കാൻ തുടങ്ങി .


“ഇനിയുമെത്രയോ പറയാനുണ്ടായിരുന്നു .. കൊച്ചുണർന്നതാണ് കുഴപ്പമായത് ..അല്ലെ ..?
“ഏയ് ..അവന്റെ ജിജ്ഞാസയല്ലേ ഈ കഥയിലേക്കവരെ വീണ്ടും കൊണ്ടുപോയത് .പക്ഷെ കഥയിൽ ഏറെ ഏച്ചുകെട്ടലുകൾ വന്നതുപോലെ.”
ഭൂതങ്ങൾ തിരിഞ്ഞു നടക്കുന്നതിനിടയിൽ സംസാരിച്ചുകൊണ്ടിരുന്നു .
അവർ സഞ്ചരിക്കുന്ന വഴി പിരിയൻ ഗോവണിപോലെ ആ മലമുകളിലേക്ക് പൊയ്ക്കൊണ്ടിരുന്നു .

അമ്മയുടെ കഥയിലൂടെ ആ കുട്ടി ചവണയുമായി ഓടി .
തോട്ടിലെ മീനുകളെ നോക്കി തെല്ലുനേരം ഇരുന്നു .ശേഷം നീല ട്രൗസറിന്റെ പിന്നിലെ ചെളി തട്ടിക്കളഞ്ഞുകൊണ്ടു മുന്നോട്ടു നടന്നു .വയലിരമ്പിലൂടെ നടക്കുന്നതിനിടയിൽ അവൻ ‘അയ്യേ’ എന്ന് വലിയ വായിൽ ശബ്ദമുണ്ടാക്കുകയും കൊമ്പൻ മീശക്കാരനായ ഒരു കുറിയ മനുഷ്യൻ കൈതക്കാടിനിടയിൽ നിന്നും എഴുന്നേറ്റുനിന്നുകൊണ്ട് അവനെ ആട്ടിയോടിക്കുകയും ചെയ്തു .അയാളുടെ ട്രൗസർ കൈതമുള്ളിൽ കുരുങ്ങി കിടന്നിരുന്നു .
അമ്മയുടെ കഥയിലൂടെ വൃദ്ധൻ നടന്നതും അതെ വരമ്പിലൂടെയായിരുന്നു .
ഒരുപക്ഷെ ആ കുട്ടിയുടെ എതിർവശത്തൂടെയായിരിക്കും അയാൾ വരുന്നത്
കുട്ടിയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നടന്നുനീങ്ങിയ അയാളുടെ ചുമലിൽ തൂമ്പയായിരുന്നു .പിന്നീടെപ്പോഴോ ആയിരിക്കണം അയാൾ കരിമ്പടത്തിനുള്ളിൽ തന്റെ ശരീരമാകെ പൊതിയാൻ തുടങ്ങിയത് .
കുട്ടി വരിവരിയായി വരച്ചുവച്ച തെങ്ങുകൾക്കിടയിലൂടെ ചവണയുമായി നടക്കുമ്പോൾ വൃദ്ധൻ അടുത്ത കണ്ടത്തിലേക്ക് വെള്ളത്തെ വഴിതിരിച്ചു വിടുകയായിരുന്നു .

കൊയ്ത്തുപാട്ടിന്റെ ശബ്ദം നേർത്തുവരുമ്പോഴാണ് വൃദ്ധൻ നാലു ചുമരുകൾക്കുള്ളിലേക്കു വലിഞ്ഞത് .ഇരുളിൽ വലിയ ശബ്ദത്തോടെ എന്തോ വീഴുന്നത് കേൾക്കുമ്പോൾ കുട്ടി ചുമരിലെ ചെറിയ വിടവിലൂടെ നോക്കുന്നു . ലോറിയിൽ നിന്നും കല്ലുകളും മറ്റും ഇറക്കുന്ന ശബ്ദം വൃദ്ധനും കേൾക്കുകയുണ്ടായി .

വികസനമെന്ന മന്ത്രം ഉരുവിടാൻ തുടങ്ങുന്ന നാട്ടുകാർ .

വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുള്ള വഴി ഇതിലൂടെയാവുന്നതോടെ ജനങ്ങളുടെ വരുമാനമാർഗത്തിൽ ഗണ്യമായ വർധനയെന്ന മന്ത്രങ്ങൾ വയലുകളൂടെ ,കുളങ്ങളിലൂടെ ..ബഹു ദൂരം സഞ്ചരിക്കുന്നു .

പാതി മൂടിക്കഴിഞ്ഞ കുളത്തിലേക്ക് ഉറ്റുനോക്കുന്ന കുട്ടി .ശ്വാസം മുട്ടി പിടയുന്ന മീനുകൾക്കൊപ്പം അവനും ശ്വാസമെടുക്കാനാവാതെ പിടയുന്നു .
വയലുകൾക്കു മീതെ വിതറിയ പാറക്കഷ്ണങ്ങളിൽ തട്ടി വൃദ്ധനും തവളകളും അലറിക്കരയുന്നു.

“എത്രയോ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് വയലുകളും കുളങ്ങളുമെല്ലാം .ശരിക്കും ഭൂമിയുടെ കവിത .ഓരോ ദിനരാത്രങ്ങളിലും ഇവിടങ്ങളിൽ എത്രയോ ജീവജാലങ്ങൾ വരുന്നു ,പോകുന്നു .മഴയും വെള്ളവുമെല്ലാം നിലനിർത്തുന്ന ….”
മാഷിന്റെ ക്ലാസ്സിലെ വരികൾ വൃദ്ധനോട് പറയുന്ന കുട്ടി ..

“നമുക്ക് ബണ്ടു കെട്ടാം”
വൃദ്ധൻ കുട്ടിയെ നോക്കി ചിരിക്കുന്നു
“മഴയിൽനിന്നും മറ്റും കണ്ടങ്ങളെ സംരക്ഷിക്കുന്ന ഒരു രീതിയാണിത് ..”


അമ്മയുടെ കഥകളിൽ നിന്നും ഉണർന്നെഴുന്നേറ്റ വാവ ,കഥ പറഞ്ഞിരുന്ന അമ്മയെ അവിടെമാകെ തിരഞ്ഞു .വയലുകളിൽ കാറ്റേറ്റ് പാറിക്കളിച്ചിരുന്ന അമ്മയുടെ മുടിച്ചുരുളുകളിൽ ചിലത് അവിടെമാകെ പറന്നു കളിക്കുന്നുണ്ടായിരുന്നു .അമ്മയുടെ കഥകളിലെ നാടൻ ശീലുള്ള വരികളും അമ്മയുടെ ഈണവും ആ മുറിക്കുള്ളിൽ ഉണ്ടായിരിക്കണം .പറഞ്ഞു തീരാത്ത ആ കഥയിലെ ഭൂതങ്ങൾ അമ്മയെ കൊണ്ടുപോയിക്കാണണം .
അമ്മയെ കാണാതെ അവനു കരച്ചിൽ വന്നു .
വയലിലെ കാറ്റവനെ ആശ്വസിപ്പിക്കാനെത്തി .
അമ്മയുടെ ഗന്ധമുള്ള കാറ്റിലൂടവൻ ഒഴുകി നടന്നു .

“എന്റെ കുഞ്ഞിന്റെ കാല് നോവുന്നുണ്ടാവും ..” ‘
അമ്മ ഭൂതം വിഷമത്തോടെ പറഞ്ഞു
“അവന്റെ മാംസപേശികൾ വളർന്നു വലുതായത് ഇപ്പോഴും മനസ്സിലായില്ലേ
അതോ ..” കുട്ടി ഭൂതം ചവണ കറക്കുന്നതിനിടയിൽ പറഞ്ഞു ..
“എന്നിട്ട് നീയിപ്പോഴും വലുതാവാത്തതെന്താ ..
കഥയിലെങ്ങും നിനക്കിതേ പ്രായമാണല്ലോ ..”
ഭൂതങ്ങൾ എല്ലാവരും ചിരിക്കാൻ തുടങ്ങി ..

“മഴ വരുന്നു …
നമുക്ക് ബണ്ടുകെട്ടാം..
ബണ്ടുകളാവാം …”
ഭൂതങ്ങളിലാരോ വിളിച്ചു പറഞ്ഞു ..

അകലെ വരിയായി നിൽക്കുന്ന തെങ്ങിൻ തോപ്പുകൾ ..
കരിമ്പനകളുടെ കൂട്ടം ..
വയലുകളിൽ നിന്നും നാടൻപാട്ടിന്റെ ശീലുയരുന്നു ..
അവയ്ക്കുമപ്പുറം മലയുടെ മുകളിൽ വിളക്കുകൾ ഇനിയും തെളിക്കാനാവാതെ എണ്ണമറ്റ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ..

അതേ സമയത്ത് ഒരുപറ്റം അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെയുമെടുത്തുകൊണ്ട്
ഭൂതങ്ങളുടെ കഥപറയാൻ തുടങ്ങിയിരുന്നു
അവരാകട്ടെ കുഞ്ഞുവായ പാതി തുറന്നുകൊണ്ട്
അമ്മയുടെ മുഖത്തേക്ക് നോക്കി ഇരുന്നു .അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here