ഘടികാരം

 

 

 

 

 

 

ഇപ്പോള്‍ എല്ലാ വീട്ടിലും ഘടികാരങ്ങളുണ്ടല്ലോ? ഈ കഥ നടക്കുന്ന വീട്ടിലും അതുപോലെ അഴകുള്ള ഒരു ഘടികാരമുണ്ടായിരുന്നു. ഒരു ദിവസം ആ വീട്ടിലെ ഘടികാരത്തിലെ സൂചികളെല്ലാം തമ്മില്‍ മുട്ടന്‍ വഴക്കായി.

അക്കൂട്ടത്തിലെ എപ്പോഴും തിടുക്കക്കാരനായ സെക്കന്‍റ്സൂചിയാണ് വഴക്കിനു തുടക്കമിട്ടത്. തിടുക്കക്കാര്‍ പലയിടങ്ങളിലും പ്രശ്നക്കാരുമാവാറുണ്ടല്ലോ?

“ഇക്കൂട്ടത്തില്‍ ഏറ്റുവും കൂടുതല്‍ ജോലിയെടുക്കുന്നത് ഞാനാണ്. എന്നിട്ടോ, ആരെങ്കിലും അതിന്‍റെ വല്ല പരിഗണനയും തരുന്നുണ്ടോ? അതുമില്ല! ങ്ഹും! നിറുത്താതെ ഓടിയോടി ഞാന്‍ വലഞ്ഞു.” മിനിറ്റു സൂചിയെയും മണിക്കൂര് ‍സൂചിയെയും കുറ്റപ്പെടുത്തുന്നതുപോലെ നോക്കിക്കൊണ്ട് സെക്കന്‍റു സൂചി ഓട്ടം തുടര്‍ന്നു.

“നിങ്ങള്‍ക്കൊന്നുമറിയേണ്ടല്ലോ എന്‍റെ കഷ്ടപ്പാട്? വലിഞ്ഞിഴഞ്ഞിഴഞ്ഞ് എന്‍റെ പിന്നാലെ വന്നാല്‍ മാത്രം മതിയല്ലോ? ഞാനാണെങ്കില്‍ മൂട്ടിലിങ്ങനെ തീ പിടിച്ചപോലെ ഒരിക്കല്‍പ്പോലും ഒരിടത്തും നില്‍ക്കാനാവാതെ, ശ്വാസം വിടാന്‍ പോലുമാവാതെ ഓട്ടം തന്നെ, ഓട്ടം. എന്‍റെ ജന്മം ഒരു സമാധാനവുമില്ലാത്തതുപോലെ ഇങ്ങനെയായിപ്പോയല്ലോ എന്‍റീശ്വരാ…. നമ്മളൊക്കെ ഒരു വീട്ടിലെ അംഗങ്ങളല്ലേ? ഈ കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ അദ്ധ്വാനിക്കുന്ന എന്നെ ഈ വീട്ടിലെ കൊച്ചുകുട്ടികള്‍ പോലും നോക്കാറില്ല. ഞാന്‍ തീരെ മെലിഞ്ഞിരിക്കുന്നതുകൊണ്ടും ഭംഗിയില്ലാത്തതുകൊണ്ടുമല്ലേ എന്നെ ആരും ഒന്നിനും പരിഗണിക്കാത്തതും തിരിഞ്ഞുനോക്കാത്തതും?”

“എനിക്കെന്താ അദ്ധ്വാനം കുറവുണ്ടെന്നാണോ നീ പറയുന്നത്? അല്പം താമസിച്ചിട്ടാണെങ്കിലും നിന്‍റെ പിന്നാലെ ഞാനും വരുന്നില്ലേ?” മിനിറ്റ്സൂചി സെക്കന്‍റ്സൂചിയോടു ചോദിച്ചു.

“ഉവ്വേ… എനിക്കായി നിശ്ചയിച്ചിട്ടുള്ള അറുപതടയാളങ്ങളിലൂടെയുമോടി ഒരു വട്ടം പൂര്‍ത്തിയാക്കുമ്പോള്‍ ഒറ്റ പ്രാവശ്യം ഒന്നു കുണുങ്ങുന്നതിനാണോ നീയിത്ര പരാതി പറയുന്നത്?” സെക്കന്‍റ്സൂചി കോപിച്ചു.

“അതു നീ പറഞ്ഞത് ശരി തന്നെ.” മണിക്കൂര്‍ ‍സൂചിയെ ചൂണ്ടിക്കാണിച്ചിട്ട് മിനിറ്റ് സൂചി പറഞ്ഞു: “പക്ഷേ, ഈ തടിയന്‍ മന്തനെ അപേക്ഷിച്ച് ഞാന്‍ വളരെ ഭേദമല്ലേ? ഞാനൊരു വട്ടം കറങ്ങിത്തീരുമ്പോള്‍ ഇവന്‍ ഒരു അക്കത്തില്‍ നിന്നും മറ്റൊരക്കത്തിലേക്കു മാത്രമല്ലേ കടക്കുകയുള്ളു”.

“എന്നിട്ടും, പേരും പെരുമയും മുഴുവന്‍ നിങ്ങള്‍ക്കല്ലേ? ഒട്ടും പണിയെടുക്കാത്തവന് കൂടുതല്‍ പരിഗണന. പീക്കിരി പിള്ളേരു മുതല്‍ മനുഷ്യരായ മനുഷ്യരൊക്കെ പ്രധാനമായും ഇവനെ മാത്രം നോക്കി സമയം പറയും. ചിലപ്പൊ ഘടികാരത്തിലേക്കു നോക്കിയിട്ട് അവര്‍ പറയും. ഇപ്പൊ എട്ടു മണി. ചിലപ്പൊ പറയും: പത്തുമണി കഴിഞ്ഞ് പത്തുമിനിറ്റ്. പന്ത്രണ്ടു കഴിഞ്ഞ് ഇരുപത്തഞ്ചു മിനിറ്റ്….. പക്ഷേ, ഒരിക്കലും സെക്കന്‍റ് പറയില്ല. ഏറ്റവും കൂടുതല്‍ പണിയെടുക്കുന്ന എനിക്ക് അയിത്തം! ഇതെന്തൊരു ലോകം!” സെക്കന്‍റ്സൂചി സങ്കടത്തോടെയും അവജ്ഞയോടെയൂം ചുണ്ടുകോട്ടിക്കാണിച്ച് അതിന്‍റെ പ്രതിഷേധമറിയിച്ചു.

“അതിനിപ്പോ, ഞാനെന്തു ചെയ്യാനാ? എനിക്കെന്‍റെ ഈ തടിയന്‍ ശരീരവും വലിച്ചുകൊണ്ടു നടക്കേണ്ടേ? നിന്നെപ്പോലെ മെലിഞ്ഞാണിരുന്നതെങ്കില്‍ ഞാനും നിന്നെപ്പോലെ ഓടി നടന്നേനെ. കണ്ടോ, എന്നെക്കാണാന്‍ എന്തു ഭംഗിയാണുള്ളത്? തടിച്ച്, കുറുകി…. ഇങ്ങനെയുള്ള ഞാനെങ്ങനെ ഓടിനടക്കും?” മണിക്കൂര്‍സൂചി അതിന്‍റെ നിസ്സഹായത പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, സെക്കന്‍റ്സൂചിക്ക് അതൊന്നും കേള്‍ക്കേണ്ട.

“ഇതൊന്നും ശരിയായ കാര്യങ്ങളല്ല. തുല്യജോലിക്ക് തുല്യപ്രതിഫലം കിട്ടണം. എനിക്ക് കൂടുതലും വേണ്ട, കുറവും വേണ്ട.” സെക്കന്‍റ്സൂചി വാദിച്ചു.

മിനിറ്റ്സൂചി തന്നെ സഹായിക്കാനായി ഒന്നും പറയുന്നില്ലെന്നും മനസ്സുകൊണ്ട് സെക്കന്‍റ് സൂചിയുടെ കൂടെയുമാണെന്നു മനസ്സിലാക്കിയ മണിക്കൂര്‍സൂചി ഒരു ദീര്‍ഘശ്വാസം വിട്ടുകൊണ്ട്, പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:

“ശരി. നമ്മുടെ അദ്ധ്വാനങ്ങളുടെ ഏറ്റക്കുറച്ചിലുകളില്‍ നിങ്ങള്‍ക്കത്രയ്ക്കു പരാതിയുണ്ടെങ്കില്‍ പരിഹാരത്തിനായി നമുക്ക് ദൈവത്തിന്‍റെയടുത്തു ചെല്ലാം. അവിടുന്നല്ലേ സമയത്തിന്‍റെ നാഥന്‍? അവിടുന്നല്ലേ നമ്മുടെ സൃഷ്ടികര്‍ത്താവ്?” മണിക്കൂര്‍സൂചി പറഞ്ഞു.

അതനുസരിച്ച് അവര്‍ ദൈവ തിരുസന്നിധിയിലെത്തി.

സെക്കന്‍റ്സൂചി അവന്‍റെ ജന്മനാലുള്ള തിരക്കു മുഴുവന്‍ വാക്കുകളിലും പെരുമാറ്റങ്ങളിലും പ്രകടിപ്പിച്ചുകൊണ്ട് അവന്‍റെ പരാതി പറഞ്ഞു. മിനിറ്റ്സൂചി അവന്‍റെ വേഗത്തിനനുസരിച്ചും പറഞ്ഞു. പാവം, മണിക്കൂര്‍സൂചി മാത്രം വളരെ സ്വരം താഴ്ത്തി പതുക്കെ പറഞ്ഞു: “ദൈവമേ, അങ്ങ് എനിക്കു നല്‍കിയ കഴിവിനനുസരിച്ച് ഞാന്‍ അദ്ധ്വാനിക്കുന്നുണ്ട്. പക്ഷേ, എന്‍റെ അവസ്ഥ ഇവര്‍ക്കു മനസ്സിലാവുന്നില്ല. ഞാനെന്തു ചെയ്യാനാണ്?”

മൂന്നുപേരുടെയും പരാതികള്‍ കേട്ട ദൈവം ഒരു മന്ദസ്മിതത്തോടെ പറഞ്ഞു:

“മണിക്കൂര്‍സൂചീ, നീ പറഞ്ഞത് സത്യമാണ്. നിന്നാലാവുംവിധം നീ അദ്ധ്വാനിക്കുന്നുണ്ട്. അതിനു തക്ക ശരീരഘടനയും മനോഘടനയുമാണ് നിനക്കു തന്നിരിക്കുന്നത്.”

മറ്റു രണ്ടു സൂചികളെയും നോക്കി ദൈവം തുടര്‍ന്നു.

“നിങ്ങളോടും എനിക്കതു തന്നെയാണു പറയുവാനുള്ളത്. ഭൂമിയിലെ എല്ലാ കാര്യങ്ങളും എത്രയും കൃത്യമായി നടക്കുവാന്‍ നിങ്ങളുടെ രൂപവും വേഗവും ഇതാണെന്ന് ഞാന്‍ തന്നെ നിശ്ചയിച്ചിട്ടുള്ളതാണ്. നിങ്ങളെ മാത്രമല്ല, പ്രപഞ്ചത്തിലെ സര്‍വ്വ സൃഷ്ടികളെയും ഞാന്‍ അങ്ങനെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഉപയോഗമില്ലാത്ത ഒന്നിനേയും ഈ പ്രപഞ്ചത്തില്‍ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. പലര്‍ക്കും പലയിടങ്ങളിലായിരിക്കും പ്രാധാന്യം വരുന്നതെന്നൊരു വ്യത്യാസം മാത്രം. നിങ്ങള്‍ക്ക് നിങ്ങളുടേതായ പ്രാധാന്യം വരുന്ന നേരങ്ങളുണ്ട്. സ്ഥലങ്ങളുണ്ട്. അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വില സ്വയം തിരിച്ചറിയാനാവും. വരൂ. എന്‍റെ കൂടെ വരൂ. അങ്ങനെയുള്ള ചില സാഹചര്യങ്ങളില്‍ ചിലത് ഞാന്‍ കാണിച്ചു ഞാന്‍ കാണിച്ചുതരാം.”

ദൈവം അവരെ മൂന്നുപേരെയും ആദ്യമായി ഒരു സര്‍ക്കാര്‍ ഓഫീസിലേക്കാണ് കൊണ്ടുപോയത്. അവിടെ ഓഫീസ് കാര്യങ്ങളെല്ലാം ആരംഭിച്ചത് കൃത്യം പത്തുമണിക്കും അവസാനിച്ചത് കൃത്യം അഞ്ചു മണിക്കുമായിരുന്നു. ആരും സെക്കന്‍റ്സൂചിയെയോ മിനിറ്റ്സൂചിയേയോ പ്രത്യേകമായൊന്നും ശ്രദ്ധിച്ചതേയില്ല. അപ്പോള്‍ ദൈവം അവരോടായി ചോദിച്ചു:

“ഇവിടെ ആര്‍ക്കായിരുന്നു പ്രാധാന്യം?”

സെക്കന്‍റ്സൂചി സ്വരത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടു പിറുപിറുത്തു:

“സംശയമെന്താ, പതിവുപോലെ മണിക്കൂര്‍ ‍സൂചിക്കുതന്നെ!”

അതുകേട്ട് ദൈവം ചിരിച്ചുകൊണ്ടു പറഞ്ഞു:

“നേര്. ഇതു പോലെ മണിക്കൂറുകള്‍ക്കു പ്രാധാന്യമുള്ള ലക്ഷക്കണക്കിനു സ്ഥലങ്ങളും സാഹചര്യങ്ങളും ഭൂമിയില്‍ ഞാന്‍ സൃഷ്ടിച്ചിട്ടുണ്ട്.”

ദൈവം രണ്ടാമതായി അവരെ കൂട്ടിക്കൊണ്ടു ചെന്നത് ഒരു റെയില്‍വേ സ്റ്റേഷനിലേക്കാണ്. അവിടുത്തെ സമയക്രമമനുസരിച്ച് തീവണ്ടികള്‍ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു. അവിടെ കുറേ സമയം ചിലവഴിച്ച അവരോടായി ദൈവം ചോദിച്ചു:

“ഇവിടെ പ്രാധാന്യം ആര്‍ക്കായിരുന്നു?”

“മിനിറ്റു സൂചിക്ക്. അപൂര്‍വ്വം ചിലപ്പോള്‍ മണിക്കൂര്‍സൂചിക്കും! പക്ഷേ, അപ്പോഴും, അവിടെയും എന്നെ പരിഗണിക്കുന്നില്ലല്ലോ പ്രഭോ?” സെക്കന്‍റ്സൂചിയുടേതു തന്നെയായിരുന്നു ആവലാതി.

“ശരി, സെക്കന്‍റ് സൂചിയേ നീ വിഷമിക്കാതിരിക്കൂ. എന്‍റെ കൂടെ വരൂ”.

ദൈവം, പിന്നെ അവരെ അത് ലറ്റിക് മത്സരങ്ങള്‍ നടക്കുന്ന ഒരു വലിയ സ്റ്റേഡിയത്തിലേക്കാണ് കൊണ്ടുപോയത്. അവിടെ നടന്ന, ഒരു വാശിയേറിയ നൂറു മീറ്റര്‍ ഓട്ടമത്സരത്തില്‍ ആര്‍ക്കാണ് ഒന്നാം സ്ഥാനം കിട്ടിയതെന്നതിനെക്കുറിച്ചു തര്‍ക്കം നടക്കുകയായിരുന്നു.

തര്‍ക്കങ്ങള്‍ തീര്‍പ്പായത് ഓട്ടക്കാരിലൊരാള്‍ മറ്റെയാളെക്കാള്‍ ഒരു സെക്കന്‍റ് മുന്നിലാണെത്തിയതെന്നു പറഞ്ഞാണ്. സെക്കന്‍റ്സൂചിയുടെ മനം തെളിഞ്ഞു:

“ഞാനും വളരെയധികം പ്രാധാന്യം നല്‍കപ്പെട്ടു കരുതപ്പെട്ടു പോരുന്ന ചില ഇടങ്ങള്‍ ഭൂമിയിലുണ്ടെന്ന് എനിക്കു മനസ്സിലായി പ്രഭോ. അങ്ങയുടെ സൃഷ്ടികളില്‍ എല്ലാത്തിനും അതാതിന്‍റേതായ ഇടങ്ങളില്‍ തക്കതായ സ്ഥാനമുണ്ട്. വിലയുമുണ്ട്. സ്ഥാനം തെറ്റിയിരുന്നാല്‍ വിലയും തെറ്റും. കാര്യങ്ങളറിയാതെ സംസാരിച്ചതും തെറ്റിയതും എനിക്കാണ്. എനിക്കതു ബോധ്യമായി. ഇപ്പോഴെനിക്കു സന്തോഷവുമായി.”

ദൈവം ചിരിച്ചുകൊണ്ടു പറഞ്ഞു:

“ചില ഇടങ്ങളല്ല, ലക്ഷക്കണക്കിന് ഇടങ്ങള്‍! ഭൂമിയില്‍ വലുതെന്നും ചെറുതെന്നും വേഗമുള്ളതെന്നും വേഗമില്ലാത്തതെന്നും അഴകുള്ളതെന്നും ഇല്ലാത്തതെന്നുമുള്ള വേര്‍തിരിവുകളും തോന്നലുകളും എല്ലാവരും ഒഴിവാക്കണം. എല്ലാത്തിനും പ്രാധാന്യമുണ്ട്. പുല്ലിനും പുഴുവിനും നക്ഷത്രങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ഉചിതമായ ഇടങ്ങളിലാണ് അവയെ ഇരുത്തിയിരിക്കുന്നത്. വില കിട്ടുന്നത്, അവ ഇരിക്കേണ്ട ഇടങ്ങളില്‍ ഇരിക്കുമ്പോള്‍ മാത്രമാണ്.”

ഭൂമിയില്‍, തന്‍റെ ജോലിയില്‍ തന്‍റേതായ സ്ഥാനവും മഹത്വവും സെക്കന്‍റ് സൂചി തിരിച്ചറിഞ്ഞു. അപ്പോള്‍ മുതല്‍ സെക്കന്‍റ്സൂചി പരാതികളെല്ലാം മാറ്റിവെച്ച് തന്‍റെ ജോലിയില്‍ മാത്രം ശ്രദ്ധിച്ചു തുടങ്ങി.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English