ഗതികേടുകള്‍

vayal-9വയലേ
വയലേ
കിളിയേ
കിളിയേ

വയല്‍ക്കിളിയേ
കിളിവയലേ

വയലിലെന്തുണ്ട്
വയലിന്‍ നെഞ്ചില്‍
കുന്നുകള്‍ തന്‍ കുഴിമാടത്തിനു മീതെ
കണ്ണുമിഴിക്കും ഉറവക്കുഞ്ഞിന്‍
കണ്ണീരിനു മീതെ
ഒട്ടും വയറുകള്‍ കൊട്ടിപ്പാടും
പ്രേതപ്പാട്ടിനു മീതെ

കണ്ണില്ലാ കാതില്ലാ
യന്ത്രപ്പന്തയക്കുതിരകള്‍ പായും
സ്ഫടികപ്പെരുവഴിയുണ്ടല്ലോ

കിളികളിതെവിടെപ്പോയ്
കിളികളിവിടെ
പണ്ടു കൊയ്തൊരു
പൊന്നാര്യന്റെ മണമൂറും
പാട്ടു മറന്ന്
എന്നുമൊരിക്കലും
നമ്മുടെതാകാ മണ്ണിന്‍ ചുറ്റും
തീത്തൂവലുചുറ്റി
ചുട്ടുകനക്കും
ആഗ്നേയാണ്ഡം
നിറനെഞ്ചിലൊളിപ്പിച്ചും
കൊക്കു പിളര്‍ത്തുന്നു

പെരുവഴി വന്നാലെന്തുണ്ട്
വഴി വന്നാല്‍ വേഗം കൊണ്ടേ
സമയത്തെപ്പറ്റിക്കാം
ദാഹിക്കില്ല വിശക്കില്ല
കിനാവു പോലും വേണ്ടല്ലോ
ഇമ ചിമ്മിത്തുറക്കും മുമ്പേ
ലോകം നമ്മുടെ മുമ്പില്‍
പ്രണമിച്ചു കിടക്കും സാഷ്ടാംഗം
അത് കണികണ്ടു നമുക്കെന്നും
നെടുവീര്‍പ്പുകളിട്ടീടാം

വയലു പോകട്ടെ
കിളി പോകട്ടെ
പെരുവഴിയുണ്ടല്ലോ ശരണം

വയലേ വിട
കിളിയേ വിടയതിവേഗത്തില്‍
ബലിപീഠങ്ങളിലിങ്ങനെയെത്ര
പിണകോടികള്‍..
നാവൊതുക്കീടാം ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here