ഗാഥ ( പി. വത്സലക്ക് )

 

 

 

 

തുറന്നിട്ട ജാലകത്തിലൂടെ ടീച്ചർ കണ്ണൂറ്റ് നിന്നു . കല്ല് കണക്ക് നിശ്ചലമായ നിൽപ്പ്! ഇടക്കും തലക്കും പാളി നോക്കി അപ്പു മാഷ് കടന്നു പോയി. ഈയിടെയായി ടീച്ചർക്ക് അസഹ്യത ഏറെയാണ് . സംസാരം നന്നേ കമ്മി ! ഇന്റർവ്യൂ പാടെ തിരസ്ക്കരിച്ചിരിക്കുന്നു . നാമമാത്ര ഭക്ഷണം കഴിച്ചാൽ നിശബ്ദത ചവച്ച് നിൽക്കലാണ് . ടീച്ചറുടെ ഇപ്പോഴത്തെ ശീലം.

പഴയ ‘ നെല്ല്’ കാലം ഓർക്കുകയായിരിക്കും . ഇടയ്ക്കിടയ്ക്കു ഫ്രഷ് ജൂസ്‌ മോന്തുന്നുണ്ട് . അതാണ് ഏക ആശ്വാസം – അപ്പു മാഷ് നെടുവീർപ്പിട്ടു.

യാമങ്ങൾ കൊഴിഞ്ഞുകൊണ്ടിരുന്നു

ടീച്ചർ ശിലാതുല്യനിൽപ്പു തന്നെ! നിർത്തിട്ട കിടക്ക മറ്റൊരു കല്ലായി സനിശബ്‌ദം നീണ്ടു നിവർന്നു കിടന്നു . താളം കൊട്ടുന്ന മനം മടുപ്പിന്റെ മൗനം !

” കിടക്കണില്ലേ ?’

അസഹ്യത കനം വെയ്ക്കെ അപ്പുമാഷ് രണ്ടും കൽപ്പിച്ച് ചോദിച്ചു

മൗനം മുറിഞ്ഞ ഈർഷ്യയിൽ ടീച്ചർ പ്രതിവചിച്ചു .തിരിച്ചടിയെന്നോണം.

” ഇല്ല ”

അപ്പു മാഷ് ഒന്നും മിണ്ടാതെ കിടപ്പു മുറിയിലേക്ക് നടന്നു.

‘അസ്ക്കിത’ തുടങ്ങിയതിൽ പിന്നെ വേറെ റൂമിലാണ് അപ്പുമാഷിന്റെ കിടപ്പ്. ഹോം നഴ്സിനെ നിർത്താമെന്നു പറഞ്ഞതാണ് . ടീച്ചർ സമ്മതിക്കണ്ടെ ? ആവശ്യകാര്യങ്ങൾ നിർവഹിക്കാനുള്ള ‘ ആവത് ‘ തനിക്ക് ഇപ്പോഴുമുണ്ട് ” വേണ്ട ! ” ടീച്ചർ കടുപ്പിച്ച് പറഞ്ഞു.

അപ്പു മാഷ് മറുത്തില്ല. പണ്ടേ കൊമ്പത്താണ് ടീച്ചറുടെ പിടിവാശി . കൈക്കുഞ്ഞിനെയും കൊണ്ട് വയനാടൻ ചുരം കയറിയത് ഇപ്പോഴും ഓർമ്മയുണ്ട് .

‘ നെല്ലു’ മായെ മടങ്ങു എന്നായിരുന്നു വാശി . ഭയവും, ക്ലെശവും കൊണ്ട് വലഞ്ഞ നാളുകൾ . ഒടുക്കം ടീച്ചറുടെ വാശി തന്നെ ജയിച്ചു . പര ശ്ശതം ‘ വട്ടി ‘ നെല്ല് ചുമന്ന് മടങ്ങുമ്പോൾ വിള പെറ്റ കാട്ടുമണ്ണ് കണക്കെ ടീച്ചർ ആനന്ദതുന്ദിലയായി.

മലയാള ഭാഷ വയനാടൻ മണ്ണിന്റെ ‘ ചൂര് ‘ അറിഞ്ഞു. വെളുവെളുത്ത ചൂഷണ കരങ്ങളുടെ അട്ടഹാസങ്ങളും കേട്ട് നടുങ്ങി. കറുത്ത മനുഷ്യരുടെ അകനൊമ്പരങ്ങളേറ്റ് വെന്തു. തിരസ്കരണികളോട് മല്ലിട്ട് മലയാളിയിൽ ചിരസ്‌ഥായിയായി ഇപ്പോൾ, അതെല്ലാം പൊയ്പോയി മറയുന്ന ഒരോർമ്മ

അപ്പുമാഷ് നെടുവീർപ്പിട്ടു . ഓർമ്മകൾ പക്ഷെ മരിക്കുന്നില്ല .ഓർമ്മജാലകങ്ങൾ തുറന്ന് ആതുരക്കിടക്കയെ പാടെ അവഗണിച്ച് ടീച്ചർ ഗ്രീഷ്മത്തിലേക്ക് കാലുകുത്തുന്നു .

‘ നട്ടാപ്പറ ‘ വേനൽ . കുട്ടികളുടെ അവകാശസമരം. മൂരി നിവർന്ന് മുണ്ട് മാടിക്കുത്തിയ കാടൻ പൂച്ചകളുടെ സമരാവേശ ജാഥ.

” കുട്ടി എങ്ങോട്ടാ ?”

” കൂട്ടുകാരിയുടെ കൗതുകക്കണ്ണുകൾ അമ്പരപ്പോടെ ആകുലമാരായുന്നു.

ആൺകുട്ടികൾ ആവേശം കണ്ണും കാതും കൊട്ടിയടഞ്ഞ കാടൻ പൂച്ചകൾ!

പ്രകടനം ഇളകിമറിയുകയാണ് . പെൺകിടാങ്ങൾ സകലം വീടകം പൂകാനുള്ള തത്രപ്പാടിലാണ്. സമരം അവർക്ക് പറഞ്ഞിട്ടുള്ളതല്ല . ഒളിച്ചോട്ടമൊഴികെയുള്ള ഓട്ടം, ചാട്ടം ഇത്യാദി സജീവക്രിയകൾ . എന്തിന് ശബ്ദം ഉയർത്തിയുള്ള സംസാരം പോലും പെൺകുട്ടികൾക്ക് വിധിച്ചതല്ല . ഉച്ചത്തിൽ ചിരിക്കുന്നത് തന്നെ
അപഥ്യം എന്നിരിക്കെ വത്സല എന്തിന് സമരജാഥയ്ക്കു അഭിമുഖം നടക്കുന്നു അസാരം പുസ്തകങ്ങൾ വായിച്ച് കൂട്ടിയതിന്റെ കുഴപ്പം !

കൂട്ടുകാരി അവൾക്കാവും വിധം സദാചാരം പഠിപ്പിക്കാൻ തുനിഞ്ഞു.

തെല്ലു ഭാരപ്പെട്ടു തന്നെ !

” സമരം ചെയ്യാൻ എനിക്കും അവകാശമുണ്ട് ”

വത്സല ഒട്ടും ഇടറാതെ സമരത്തിലേക്ക് നൂഴ്ന്നു

കണ്ണും തുറിച്ച് കൂട്ടുകാരി പിറകിലേക്കു വേച്ചു . പടിവാതിലിൽ ചാരി കണ്ണുകളടച്ചു .

” എനിക്കിതൊന്നും കാണുക വയ്യേ !”

അവളുടെ ചുണ്ടുകൾ വിറച്ചു .

വത്സല തലയെടുപ്പോടെ സമരജാഥയിൽ നൂഴ്ന്നു. പൊടുന്നനെ ജാഥ നിശബ്ദതയിൽ കനച്ചു. മുദ്രാവാക്യങ്ങൾ ഉച്ചാക്രോശിച്ച കണ്ഠങ്ങൾ മൗനഗദ്ഗദങ്ങളായി. ചുരുട്ടിപ്പിടിച്ച മുഷ്ടികൾ താനേ താഴ്ന്നു. വിദ്യാർത്ഥി നേതാക്കളായ സിംഹങ്ങൾ പോലും വിയർത്തു . അപ്പോൾ മൗനം ഭേദിച്ച് വത്സല കണ്ഠം അവകാശമുദ്രാവാക്യങ്ങൾ മറുതാളത്തിലുയർന്നു. സെക്കന്റ് മാത്ര അവയ്ക്ക് അലയൊലികളുയർന്നു .

ആവേശച്ചച്ചൂടിൽ വത്സല വളർന്നു. സമരപ്രക്ഷോഭങ്ങളിൽ കണ്ണ് കഴച്ച്! ആഢ്യ സമൂഹം ആട്ടിപ്പായിച്ച ആദിമമനുഷ്യർ; പച്ചമണ്ണിന്റെ നേരും, നെറിയും ഉയർന്നു താണ മുഖങ്ങൾ. അക്ഷരകൊടിയേന്തി മലയാളത്തറവാട് ഭേദിച്ചു .

സ്മരണകൾ ;ഒരു കാലവും മൃതിത്തഴമ്പേന്താത്ത സ്മരണകൾ . അവയുടെ താങ്ങിൽ ടീച്ചർ തനിക്കായി നീർന്ന രുഗ്‌ണ ക്കിടക്കയെ സപുച്ഛം നോക്കി . ആ നോക്കേറ്റു വാങ്ങാൻ ധൈര്യം പോരാഞ്ഞ് ഭവ്യതയോടെ കിടക്ക മൊഴിഞ്ഞു.

” ഒന്ന് കിടക്കെന്റെ ടീച്ചറെ ! എത്ര നേരായി ഞാൻ തനിച്ചിങ്ങനെ …”!

ഓർമ്മകളുടെ ജീവസുറ്റ താങ്ങിൽ ടീച്ചർ ഇടറാതെ നിന്നു . രുഗ്‌ണശയ്യ തന്നിൽ താനേ മയങ്ങി. ചൂട്ട് കത്തുന്ന പുരുഷസൂര്യന്റെ ഗർവിന് നേർക്ക് താക്കിതിന്റെ ചൂണ്ടു വിരൽ കണക്കെ ടീച്ചർ തറഞ്ഞു നിന്നു.

” ഇല്ല; വത്സല വീഴുകയില്ല”

അപ്പുമാഷ് സഗദ്ഗദം കണ്ണുകൾ തുടച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English