പൂങ്കാവനം

തെളിയുന്നൊരീ കവിതാപുഷ്പങ്ങൾ
ചേതനയുൾക്കൊണ്ടൊരീ ദളങ്ങളിൽ
തൊട്ടുതലോടുന്ന തെന്നലായ്ഞാൻ!

ചുറ്റും പ്രസാദമായ് നിന്നൊരാശാഖികൾ
എങ്ങും പ്രഭാതം ചൊരിഞ്ഞ പോലെ
തിരികെയും മന്ദമായെത്തുന്നോരെന്മനം
ഈ പകലൊളികളെ കണ്ടിരിയ്ക്കാൻ

ശൈലങ്ങളൊക്കെയും മഞ്ഞിൽ പുതച്ചു –
കൊണ്ടോരോരോ ചെറുകഥകൾ ചൊല്ലിടുന്നു
കിളികൾതൻ കൂജനമെങ്ങും
കഥകൾക്കൊരീണമായ് മൂളിടുന്നു…

കണ്ചിമ്മിനിൽക്കുമീ കുഞ്ഞുദളങ്ങൾ
അലിയട്ടെ ഞാനുമീ ദിവ്യതയിൽ
തന്നിതൾ കൊണ്ടെന്റെ നെറുകയിൽ
ഒരായിരം വർണങ്ങൾ തൂവുകയായ്

കാത്തൊരീ നാളുകളേറെ കഴിഞ്ഞിട്ടും
കേൾക്കാൻ കൊതിച്ചൊരീ പൈതലെപോലെ
കാണുവാൻ മോഹിച്ചു കുഞ്ഞുമിഴികൾ
ഓമനപ്പൂക്കളെ തേടുവാനായ് …….

അലകളായെത്തുന്ന വെട്ടവുമേന്തി
അരികിലേയ്‌ക്കെന്നപോൽ കുഞ്ഞുപൂക്കൾ
ഞെട്ടിയുണർന്നുഞാൻ കൺമയക്കത്തിൽ
നിശ്ചലമായെൻ കിനാവും !!

മന്ത്രിക്കുന്നിതായെൻ അന്തരംഗങ്ങളിൽ
മാറുകനീയൊരു ചിത്രശലഭമായ്
പോകാമൊരു യാത്രവീണ്ടും
ഈ പൂങ്കാവനത്തിലെ കാഴ്ച്ചകാണാൻ

ശാന്തമാം തേജസ്സിൽ മുഴുകിയൊരാപ്പകൽ
മാടിവിളിച്ചെന്നെ അരികിലേക്കെന്നപോൽ
കുഞ്ഞുമനമൊന്നിടറുന്നുവോ ?
തുള്ളിത്തുളുമ്പുവാനൊരുങ്ങുന്നുവോ ?

ഈ മനോരഥത്തിലുണരുന്നൊരു
ശലഭമായ് പറന്നുയരുന്നു ഞാനും
വിസ്മയജനകമാം ദൃശ്യങ്ങളൊക്കെയും
നിറയട്ടെയെന്റെയീ പൂങ്കാവനത്തിൽ!

കാക്കുന്നുഞാനെൻ അകക്കണ്ണിൻ
ഓടിയൊളിക്കാത്തൊരീകാഴ്ചകൾ
മങ്ങാതെ, മായാതെയെന്നുമെൻ …
മാനസപ്പൂങ്കാവനത്തിൽ!!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here