അത്താണിച്ചുവട്ടിലെ ഓലമേഞ്ഞ കള്ളുഷാപ്പ് അടഞ്ഞു കിടക്കുകയാണ്. ചാക്കണയുടെ എച്ചിലില വീഴുന്നിടത്ത് ചുരുണ്ടു കിടന്നിരുന്ന ചാവാലിപ്പട്ടി അയാളെ നോക്കി ഒന്നു വാലാട്ടിയശേഷം കാലുകള്‍ക്കിടയിലേക്ക് തലതാഴ്ത്തി . നീല വീപ്പകളില്‍ വന്നിറങ്ങുന്ന ചിറ്റൂരിലെ തെങ്ങിന്‍ മണ്ടകള്‍ ചുരത്തുന്ന പതയുന്ന പാനീയം നുകരാന്‍ പതിവുപോലെ ഓടിയെത്തിയ കണ്ടച്ചാമി മിണ്ടാട്ടം മുട്ടി മിഴിച്ചിരുന്നു പോയി. അല്പ്പനേരത്തെ ആ അന്ധാളീപ്പിനു ശേഷം അയാള്‍ അടുത്തുള്ള പെട്ടിക്കടയില്‍ ചെന്ന് കാര്യം തിരക്കി.
” കോവാലാ , അവന്റപ്പന്‍ ചത്തോ?”
ഷാപ്പിലെ ജീവനക്കാരന്‍ കിട്ടുണ്ണിയുടെ കിടപ്പിലായ അപ്പനെയാണ് ഉദ്ദേശിച്ചതെന്ന് ഊഹിച്ചെടുത്ത ഗോപാലന്‍ ഒന്നൂറിച്ചിരിച്ചു .
” കണ്ടച്ചാമിയേട്ടാ ഇന്ന് ഒക്ടോബര്‍ രണ്ടല്ലേ അരിഷ്ടക്കടകളൊക്കെ അടഞ്ഞു കിടക്കുന്ന ദിനം”
കണ്ടച്ചാമിക്കു അപ്പോഴും കാര്യം പിടികിട്ടിയില്ല.
” ഇന്ന് ഗാന്ധി ജയന്തി കണ്ടച്ചാമിയേട്ടന്‍ പനങ്കാവിലേക്കു വിട്ടോ”
” കാന്തിയും കീന്തിയും” കണ്ടച്ചാമി പിറുപിറുത്തുകൊണ്ട് നേരെ പാടത്തേക്കിറങ്ങി.
കുളവരമ്പെത്തിയപ്പോള്‍ കൂട്ടുകാരനായ കുട്ടായിയെ കണ്ടു.
” കണ്ടച്ചാമിയേട്ടന്‍ പനങ്കാവിലേക്കു പോയിട്ടിപ്പോള്‍ കാര്യമില്ല. ചെക്കറുകാര്‍ എത്തിയിട്ടുണ്ട് ചെത്തുകാരൊ എലികളെപ്പോലെ മാളത്തിലൊളിച്ചു ”
കുട്ടായി അറിയിച്ചു.
” അപ്പഴ് ആ വഴിയും അടഞ്ഞു ”
കണ്ടച്ചാമി ഇടുപ്പില്‍ കൈ കുത്തിക്കൊണ്ട് ഒന്നു നെടുവീര്‍പ്പിട്ടു
” എന്താണ്ട കുട്ടായിയേ ഒരു പോമ്പഴി?”
ആ നില്പ്പില്‍ തൊണ്ടയിടറിക്കൊണ്ട് കണ്ടച്ചാമി ചോദിച്ചു.
” ” വഴീണ്ട് കണ്ടച്ചാമിയേട്ടന്‍ എന്റെ കൂടെ വാ” അത്രയും പറഞ്ഞ് കുട്ടായി മുമ്പേ നടന്നു.
” മിലട്ടറിയാണോ നീ ഉത്തേസിച്ചത്?”
തലയില്‍ കെട്ടിയ ഈരിഴത്തോര്‍ത്തഴിച്ചു കുടഞ്ഞു കൊണ്ട് കണ്ടച്ചാമി ചോദിച്ചു.
”അല്ലന്നേ , ഇത് മറ്റേവനാ , മലഞ്ചരക്ക്. മിലിട്ടിരിയൊന്നും ഏഴയലത്തു വരില്ല”
കുട്ടായി പറഞ്ഞു.
” കുറുക്കന്‍ വേലൂന്റെ ചരക്കെന്നു പറ”
കയ്യടിച്ചു കൊണ്ട് കണ്ടച്ചാമി നിന്നിടത്തുനിന്നും ഒന്നു ചാടീ.
” പുള്ളിക്കാരന്‍ എപ്പഴാ മലയെറങ്ങീത്? ” കണ്ടച്ചാമിയുടെ വാക്കുകളില്‍ ആവേശം നുര പൊന്തി.
” അതിപ്പോ പറയാനുണ്ടോ? നാട്ടിലെ ഷാപ്പുകള്‍ അടഞ്ഞു കിടക്കുമ്പോഴൊക്കെ വേലുവേട്ടന്‍ മലയിറങ്ങും” കുട്ടായി ഒന്നു നിറഞ്ഞു ചിരിച്ചു.
” ആപത്ത് വാന്തവന്‍” കണ്ടച്ചാമി ദൂരെ തെമ്മലയിലേക്ക് നോക്കി കൈകൂപ്പി തൊഴുതു.
വയല്‍ വരമ്പുകള്‍ പിന്നിട്ട് പുഴയിറക്കത്തിലെ കൈതപ്പൊന്തകള്‍ ലഷ്യമാക്കി അവര്‍ നടന്നു.
” അറിയാലോ അമ്പതു മില്ലിക്ക് അമ്പതുറുപ്പികയാണ്” കുട്ടായി ഓര്‍മ്മിപ്പിച്ചു.
” അമ്പതെങ്കില്‍ അമ്പത് എന്താപ്പ് ചെയ്യാ ” കണ്ടച്ചാമി ഒന്നു നെടുവീര്‍പ്പിട്ടു.
പുഴയിറങ്ങിയതും കുട്ടായി ചുറ്റും നോക്കി ആരുമില്ലെന്നു ഉറപ്പു വരുത്തിയ ശേഷം കുറുക്കനെ പോലെ മൂന്നു വട്ടം ഓരിയിട്ടു. അല്പ്പനേരത്തിനു ശേഷം മറുപടിയെന്നോണം മറുകരയിലെ കൈതപ്പൊന്തയില്‍ നിന്നും ഒരു ഓരിയിടല്‍ കേട്ടു. കുട്ടായിയുടെ മുഖം തെളീഞ്ഞു.
” കുറുക്കന്‍ ആ പൊന്തയിലാണ്”
അവര്‍ ധൃതിയില്‍ മറുകര പറ്റി കൈതപ്പൊന്തക്കുള്ളില്‍ മറഞ്ഞു. പിന്നെ പുറത്തിറങ്ങിയത് മണിക്കൂറുകള്‍ക്കു ശേഷമാണ്. നാലു കാലില്‍ പുഴമേടു കയറുമ്പോള്‍ കാലത്തു മുതല്‍ മനസിലിട്ടുകൊണ്ടു നടന്ന ആ സംശയം കണ്ടച്ചാമിയുടെ വായില്‍ നിന്നും പതുക്കെ പുറത്തു ചാടി.
” കുട്ടായി , ഒരു സംഷയം ആരണ്ടാപ്പാ ഈ കാന്തി?”
കുട്ടായി നടവഴിയില്‍ മലര്‍ന്നു കിടന്ന് ഒന്നുറക്കെ ചിരിച്ചു.
” എന്റെ കണ്ടച്ചാമിയ്യേട്ട നമ്മള്‍ കുറുക്കന് എണ്ണിക്കൊടുത്ത കടലാസാണ് ആ സാതനം” ചിരിക്കൊടുവില്‍ കുട്ടായി പറഞ്ഞു.
അപ്പോഴും കാര്യം പിടി കിട്ടാതെ കണ്ടച്ചാമി മാനം നോക്കി മലര്‍ന്നു കിടന്നു.