മോഹൻദാസ് കരംചന്ദ് ഗാന്ധി ഞങ്ങടെ ബാപ്പു
പ്രപഞ്ചപൌരൻ വിശ്വപ്രേമഗീതങ്ങൾ പാടിപ്പോയോൻ
ഭാവിയിൽ നൂറ്റാണ്ടുകൾക്കപ്പുറം ജനിക്കേണ്ട
ദേവദൂതൻ കാലംതെറ്റി വീണുപോയ് ഗംഗാഭൂവിൽ
വിശ്വകർമ്മാവിൻ കൈപ്പിഴയാകാമത്, പക്ഷെ,
ഗംഗയാറിന്നാജന്മം കോൾമയിർ പുളകമായ്
അയുതമയുതം ഹൃത്തടങ്ങളേറി ചരിച്ചു മഹാഗാന്ധി
ഒരുതുണിത്തുണ്ടുധരിച്ചൊരുകൈവടിയും പേറി
പല്ലില്ലാച്ചിരിയാലെ വിശ്വത്തെ മോഹിപ്പിച്ച
വിശ്വപൌരനെയാരുമറിഞ്ഞീലല്ലൊ കഷ്ടം
ആകാശതാരങ്ങളിൽ കണ്ണുനട്ടിരുന്നതാം
യോഗിവര്യനെയറിഞ്ഞില്ല അന്ധമാം മണ്ണിൻ ഗന്ധം
ഒരു ഷേക്സ്പിയർ ദുരന്തനാടകത്തിന്നത്
വഴിവെച്ചു, ഒരു തീപ്പൊരിയായ്
ഗോഡ്സെ ജനിച്ചു ഭാരതഭൂഖണ്ഡത്തിൽ
കണ്ണിലും മനസ്സിലും രോഷബീജങ്ങൾ പേറി
വിശ്വസ്നേഹത്തിൻ ഗീതം അവന് ദൂരസ്വപ്നം
ഗംഗാതടയാഥാർത്ഥ്യം നോവിക്കും മഹാവ്രണം
ഒരു മഹാസംസ്കൃതിയുടെ വിഭജനം, അതിലുപരി
അതിലുഴലും ജനകോടികളുടെ നൊമ്പരം മഹായുധം
വാടകക്കൊലയാളിയല്ലവൻ, ആദ്യനാൾകളിൽ
ബാപ്പുവെ സ്നേഹിച്ചവൻ, ദേശസ്സ്വാതന്ത്ര്യം കാംക്ഷിച്ചവൻ,
നാട്ടിൻ ദുരിതം കണ്ടുകരഞ്ഞ് ചരിത്രത്തിലൂറ്റം കൊണ്ടോൻ,
ഹാ! വിയോജിച്ചു, ഗാന്ധിമാർഗ്ഗത്തിൽ കുറ്റം കണ്ടു
ദില്ലിയിൽ ബിർലാക്ഷേത്രാങ്കണത്തിലവർ കണ്ടുമുട്ടുന്നു,
ശേഷം ചരിത്രം, ലോകം പാടുന്നു ഹേ രാം ഹേ രാം
വലിക്കെ തോക്കിൻ കാഞ്ചി കൈവിരൽ വിറയ്ക്കുന്നു,
മാപ്പപേക്ഷിക്കുന്നു ഗോഡ്സെ ഹേ രാം ഹേ രാം
ആരറിയുന്നീ കഥ, വിശ്വം കണ്ട മഹത്താമൊരു
യവനദുരന്തം, ആർക്കുണ്ടുസമയം അറിയാനതുൾക്കൊള്ളും
വിശ്വപ്രേമ-ദേശസ്നേഹവൈരുദ്ധ്യസന്ദേശങ്ങൾ?
കഷ്ടം! കൊലചെയ്തവനെന്നും ക്രൂശിക്കപ്പെടേണ്ടവൻ
ഗാന്ധിയെയിന്നും കൊലചെയ്തോണ്ടേയിരിക്കുന്നു
ചൂഷണവിദഗ്‌ധരാം ഗാന്ധിപ്രേമികൾ, ഗോഡ്സെ
പാവം കുരിശിൽ കരയുന്നു, എന്ന് പൂവിടും ഇന്ത്യയിൽ
ദേശഭക്തി വിശ്വപ്രേമത്തെ പുൽകും യാമം?
ഗാന്ധിഗോഡ്സേമാരൊത്തുമുന്നോട്ട് നയിക്കട്ടെ
ഭാരതാംബയെ, നമുക്കെന്തിനീ കുറ്റബോധം?
വേദസംസ്കൃതിനമുക്കേകട്ടെ വിശ്വപ്രേമം
ദേശഭക്തിയിലത് തളിർത്തു വളരട്ടെ
ഗാന്ധിഗോഡ്സേമാർ ലോകനാടകവൈരുദ്ധ്യങ്ങൾ,
സത്യത്തിന്നിരുമുഖം, മാറ്റാനാകുമോ യാഥാർത്ഥ്യങ്ങൾ?
ഭാരതം ഈ ദ്വന്ദത്തിനെന്നും ഗേഹം, എന്തിനു ലജ്ജ?
പോവുക മുന്നോട്ടുനാം ആരെയും ക്രൂശിക്കാതെ