ഇത്രമാത്രം ആയിരുന്നോ ഈ ജീവിതം?…
ഒരു ബ്ലേഡിന്റെ പരന്ന മൂർച്ചക്കുമുന്നിൽ,
രക്തം ഒലിപ്പിച്ചു തീർക്കാൻ ആയിരുന്നോ..?
ഒരു കയറിന്റെ അറ്റത്ത് തൂങ്ങി അവസാനിപ്പിക്കാൻ ഉള്ളതായിരുന്നോ..?
ഒരു പുഴയുടെ മുതുകിലേക്ക് ചാടി മുങ്ങിത്താഴാൻ ഉള്ളതായിരുന്നോ..?
ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ച്
കത്തിക്കരിക്കാൻ ഉള്ളതായിരുന്നോ..?
ഒരു തുള്ളി വിഷദ്രാവകത്തിനു മുന്നിൽ,
നുരതുപ്പി പതക്കുവാൻ ഉള്ളതായിരുന്നോ..?
അറിയില്ലെനിക്ക് “വിസ്മയ”യെ… വിസ്മരിക്കാനും ആവില്ല.
ഇനിയൊന്ന് പറഞ്ഞുതരാൻ അർച്ചനയും ശ്രുതിയും മുഹ്സിനയും
ധന്യയുമെല്ലാം അദൃശ്യരായിരിക്കുന്നു.
ഇരുളുകൾ പരത്തുന്ന വേദനയുടെ, ശ്രുതികൾമാത്രം ബാക്കിയായി.
ജനിച്ചു വീണപ്പോൾ നാമെല്ലാവരും ഒറ്റക്കായിരുന്നു.
സഞ്ചരിച്ച വഴികളിലെല്ലാം സുഹൃത്തുക്കൾ സമ്പാദ്യമായി.
മരണവേളയിലും വീണ്ടും നാം ഒറ്റക്ക് തന്നെ.
ബന്ധമായാലും അല്ലെങ്കിലും
കൂട്ടുകൂടിയവർ അകമ്പടിക്കാർ മാത്രം.
എരിഞ്ഞടങ്ങരുത്, ഉയിർത്തെഴുന്നേൽക്കുക.
ഒതുങ്ങിക്കഴിയരുത്,
ഒച്ചപ്പാടുണ്ടാക്കുക.