This post is part of the series വായനയും നിരീക്ഷണങ്ങളും
Other posts in this series:
ഓറിഗണ്‍ സംസ്ഥാനത്തിന്റെ വടക്കേയറ്റത്ത് പസഫിക്ക് സമുദ്രത്തിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് അസ്റ്റോറിയ. 101 സ്റ്റേറ്റ് ഹൈവേയിലൂടെ 2015-ലെ വേനല്‍ക്കാലാവധിക്ക് സിയാറ്റിലിലേക്ക് ചെയ്ത റോഡ് ട്രിപ്പില്‍ ഒരു ഇടത്താവളമായിരുന്നു അവിടം. കൊളംബിയ നദി സമുദ്രത്തിലേക്ക് ചേരുന്ന അഴിമുഖത്തു തന്നെയാണ് ആ പട്ടണം സ്ഥിതി ചെയ്യുന്നത്. തികച്ചും വിചിത്രാകൃതിയില്‍ ദൂരെ നിന്നു തന്നെ കാണാവുന്ന, കൊളംബിയ നദിക്ക് കുറുകെ കിടക്കുന്ന, അസ്റ്റോറിയ-മെഗ്‌ലര്‍ ബ്രിഡ്ജ് എന്ന നെടുങ്കന്‍ പാലം കടന്നു ചെന്നെത്തുന്നത് വാഷിംഗ്‌ടണ്‍ സംസ്ഥാനത്തിന്റെ വിജനതയിലേക്കാണ്. മൂടിക്കെട്ടിയ ആകാശവും നനുത്ത മഴയും പശ്ചാത്തലത്തില്‍ അസ്റ്റോറിയ-മെഗ്‌ലര്‍ ബ്രിഡ്ജ് നിറഞ്ഞു നില്‍ക്കുന്നതുമായ ഒരു പ്രഭാതത്തില്‍ ആ പട്ടണം “വാട്ടര്‍ വേള്‍ഡ്” എന്ന സിനിമയുടെ ജീവിക്കുന്ന സെറ്റാണോ എന്ന് തോന്നിച്ചു. സിനിമകള്‍ ധാരാളം ഈ പട്ടണത്തില്‍ പിടിച്ചിട്ടുണ്ട്: “ഫ്രീ വിലി”, “ഇന്‍റ്റു ദ വൈല്‍ഡ്”, “കിന്റര്‍ ഗാര്‍ട്ടന്‍ കോപ്പ്” തുടങ്ങിയവ അക്കൂട്ടത്തില്‍ പ്രസിദ്ധമായവ.
അമേരിക്കയിലെ പസഫിക്ക് തീരപ്രദേശങ്ങളിലേക്കുള്ള പാശ്ച്യാത്യ കുടിയേറ്റ സമയത്തെ വളരെ പ്രധാനപ്പെട്ട ഒരു പട്ടണമായിരുന്നു അസ്റ്റോറിയ. തടി വ്യവസായം, മത്സ്യബന്ധനം പ്രത്യേകിച്ച് സാല്‍മണ്‍ കാനിംഗ് തുടങ്ങിയ പ്രകൃതിവിഭവങ്ങളെ ആധാരമാക്കിയുള്ള വ്യവസായങ്ങള്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം വരെ (1945) ഈ നഗരം കുടിയേറ്റക്കാര്‍ക്ക് പസഫിക്ക് തീരത്തെ ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമായി. ധാരാളം ജോലി സാധ്യതകള്‍ ഉണ്ടായിരുന്നതുകൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് അക്കാലത്ത് തൊഴില്‍ തേടി ആള്‍ക്കാര്‍ വടക്കു നിന്ന് സിയാറ്റില്‍ വഴിയും കാനഡയിലെ വാന്‍കൂവര്‍ വഴിയും അവിടെ എത്തിച്ചേര്‍ന്നു.
അങ്ങനെ ജോലി തേടി വന്നവരില്‍ ധാരാളം ചൈനക്കാരും മത്സ്യബന്ധനത്തില്‍ മിടുക്കരായിരുന്ന ഫിന്‍ലന്‍ഡുകാരും ഒക്കെ ഉണ്ടായിരുന്നെന്ന് അസ്റ്റോറിയയുടെ ചരിത്രമായി ബന്ധപ്പെട്ട ഏതു ചെറിയ കുറിപ്പിലും കാണാവുന്നതാണ്. പ്രത്യേകിച്ചും ചൈനക്കാരായ തൊഴിലാളികള്‍ അനുഭവിച്ച യാതനകള്‍, പ്രധാനമായും പലതരത്തിലുള്ള വിവേചനങ്ങള്‍, പിന്നീട് ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. എന്നാല്‍ ഒരു കൂട്ടം ഇന്ത്യാക്കാര്‍ അവിടെ തൊഴില്‍ ചെയ്തിരുന്നുവെന്നും അവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഗദര്‍ പാര്‍ട്ടി രൂപീകരിച്ചതില്‍ പ്രധാന പങ്കുവഹിച്ചുവെന്നുമൊക്കെ അറിയാന്‍ കഴിഞ്ഞത് അസ്റ്റോറിയയിലെ കൊളംമ്പിയ റിവര്‍ മാരിറ്റൈം മ്യൂസിയത്തില്‍ കണ്ട ഓറിഗണ്‍ ഹിസ്റ്റോറിക്കല്‍ ക്വാര്‍ട്ടര്‍ലിയുടെ 2012 സമ്മര്‍ ലക്കം മറിച്ചുനോക്കുമ്പോഴാണ്. അതില്‍ ജൊഹാന ഗോഗ്‌ഡന്‍ അസ്റ്റോറിയയില്‍ ജീവിച്ചിരുന്ന പഞ്ചാബികളുടെ ജീവിതം വളരെ ഗഹനമായി ഒരു ഗവേഷണ പ്രബന്ധത്തില്‍ പ്രതിപാദിക്കുന്നുണ്ട്; പ്രത്യേകിച്ചും ഗദര്‍ പാര്‍ട്ടി രൂപീകരിച്ചതിന്റെ പശ്ചാത്തലം. ആ ജേണലിന്റെ മുഖചിത്രം തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അസ്റ്റോറിയയില്‍ ജീവിച്ചിരുന്ന ഒരു സിക്ക് കുടുംബത്തിന്റെയാണ്. ഇന്ത്യന്‍ വെബ് സൈറ്റുകളില്‍ പോലും പസഫിക്ക് തീരത്തുനിന്നുള്ള പഞ്ചാബികള്‍ക്ക് ഗദര്‍ പാര്‍ട്ടി രൂപീകരിച്ചതില്‍ പങ്കുണ്ടായിരുന്നു എന്ന് പറഞ്ഞുപോകുന്നതല്ലാതെ അതിന്റെ ഉത്ഭവം അസ്റ്റോറിയയില്‍ ആണെന്ന് ആരും എഴുതിക്കാണുന്നില്ല.
ഗദര്‍ പാര്‍ട്ടി രൂപീകരിച്ചത് സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ ആണെന്നാണ് പൊതുവായ ധാരണ. പക്ഷേ, ഓറിഗണ്‍ ഹിസ്റ്റോറിക്കല്‍ ക്വാര്‍ട്ടര്‍ലിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം അത് അസ്റ്റോറിയയില്‍ ആണെന്ന് സമര്‍ത്ഥിക്കുന്നുണ്ട്. 1913 മെയ് 30-നാണ് ഗദര്‍ പാര്‍ട്ടി ഔപചാരികമായി സ്ഥാപിക്കപ്പെടുന്നത്. അതിന്റെ നൂറാം വാര്‍ഷികമാണ് ഇക്കൊല്ലം; അസ്റ്റോറിയയിലോ പിന്നീട് ആ പാര്‍ട്ടിയുടെ കേന്ദ്രമായിരുന്ന സാന്‍ ഫ്രാന്‍സിസ്‌ക്കോയിലോ ഇന്ത്യയില്‍ തന്നെയോ ആ ധീരദേശാഭിമാനികളെ ഓര്‍മിക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്തോ എന്ന് അറിയില്ല. അവരുടെ കഥ അമേരിക്കന്‍ ചരിത്രത്തിലേക്ക് ഇപ്പോള്‍ എഴുതി ചേര്‍ക്കുന്നത് ഒരു വെള്ളക്കാരി തന്നെ ആയത് ഉചിതമാണെന്ന് തോന്നുന്നു. പ്രബന്ധത്തില്‍, അമേരിക്ക പടുത്തുയര്‍ത്തിയതില്‍ വെള്ളക്കാരല്ലാത്തവരുടെ സംഭാവനകള്‍ പൊതുവേ അവഗണിക്കപ്പെട്ടതിന്റെ ധാരാളം സൂചനകള്‍ ഉണ്ട്. ഗോഗ്‌ഡന്റെ പ്രബന്ധം ഒരു അക്കാദമിക്ക് പ്രായശ്ചിത്തം കൂടി ആകാം.
1830 മുതല്‍ അടുത്ത നൂറുവര്‍ഷക്കാലത്തിനിടക്ക് ഏകദേശം 3 കോടി ഇന്ത്യാക്കാര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പലഭാഗത്തേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് കണക്ക്. സാമ്പത്തിക മെച്ചം നോക്കി, ജോലിക്കും വ്യാപാരത്തിനുമൊക്കെ സ്വമേധയാ പോയവരാണ് അതില്‍ ഭൂരിപക്ഷമെങ്കിലും, നാടുകടത്തപ്പെട്ട സ്വാതന്ത്ര്യസമരസേനാനികളും കുറച്ചു വിദ്യാര്‍ഥികളുമൊക്കെ അവരില്‍ ഉണ്ടായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന രണഭൂമികള്‍ ആയിരുന്നു പഞ്ചാബും ബംഗാളും. ആ പ്രദേശങ്ങള്‍ ബ്രിട്ടീഷ് ഇന്ത്യയുടെ രണ്ടു വശങ്ങളില്‍ ആയിരുന്നെങ്കിലും അവിടങ്ങളിലെ ചെറുത്തുനില്പ്പുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തമ്മില്‍ ബന്ധപ്പെട്ടിരുന്നു. 1905-ലെ ബംഗാള്‍ വിഭജനം ബ്രിട്ടീഷ് ഇന്ത്യയിലെ അഭ്യന്തരപ്രശ്നങ്ങള്‍ രൂക്ഷമാക്കി; അതിന്റെ അലയൊലി പഞ്ചാബിലും എത്തി. പ്രക്ഷോഭകാരികളെ ഇന്ത്യയില്‍ നിന്ന് നാടുകടത്തി സമരങ്ങളെ തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചപ്പോള്‍ മെച്ചപ്പെട്ട ജീവിതസാധ്യതകള്‍ തേടി വിദേശരാജ്യങ്ങളില്‍ ജീവിച്ചിരുന്ന ഇന്ത്യാക്കാരുടെ ഇടയിലേക്ക് ഒരു പുതിയ പറ്റം ആള്‍ക്കാര്‍ വന്നുപെട്ടു: മികച്ച വിദ്യാഭ്യാസവും സംഘടനാ വൈഭവവും അതിലൊക്കെ ഉപരിയായി വിപ്ലവാവേശം മനസ്സില്‍ കൊണ്ടുനടക്കുന്നവരുമായ സ്വാതന്ത്ര്യസമരസേനാനികള്‍.
അന്ന് ഇന്ത്യാക്കാര്‍ക്ക് ബ്രിട്ടീഷ് സാമ്രാജ്യത്തിലെവിടെയും പോകാമായിരുന്നുവെങ്കിലും വര്‍ണവിവേചനം വെള്ളക്കാരുടെ പ്രദേശങ്ങളില്‍ ജോലി കണ്ടെത്തുന്നതിനും സമാധാനമായി ജീവിക്കുന്നതിനും ഒരു പ്രതിബന്ധമായി: പ്രത്യേകിച്ചും ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, കാനഡ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കാരല്ലാത്തവരെ ഉദ്ദേശിച്ചുള്ള പുതിയ വിലക്കുകള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍. അമേരിക്കയില്‍ അക്കാലത്ത് പസഫിക്കിന്റെ തീരത്ത് മത്സ്യബന്ധനം, കൃഷി, മരവ്യവസായം തുടങ്ങിയ മേഖലകളില്‍ ധാരാളം തൊഴിലാളികളെ ആവശ്യമുണ്ടായിരുന്നു. ആ സാധ്യത മനസ്സിലാക്കി, 1908-നു ശേഷം ഏകദേശം 7000 പഞ്ചാബികള്‍ ബ്രിട്ടീഷ് കൊളംബിയ വഴി തെക്ക് കാലിഫോര്‍ണിയ വരെയുള്ള പസഫിക്ക് തീരത്തെ പല സ്ഥലങ്ങളിലും എത്തിച്ചേര്‍ന്നു. അവരില്‍ നൂറുകണക്കിന് പേര്‍ അസ്റ്റോറിയയിലും സമീപപ്രദേശങ്ങളിലുമായിട്ടാണ് ജീവിച്ചിരുന്നത്. ഹിന്ദുക്കളും മുസ്ലിംങ്ങളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കിലും സിക്കുകാരായിരുന്നു അവരില്‍ എണ്ണത്തില്‍ ഏറെയും.
അക്കൂട്ടത്തില്‍ സ്വാതന്ത്ര്യസമരാവേശം ഉള്ളില്‍ കൊണ്ടുനടന്നവര്‍ക്ക്‍, അമേരിക്കയിലെ ജനാധിപത്യ രീതികളും അമേരിക്കക്കാര്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെടുത്തതിന്റെ ചരിത്രവുമൊക്കെ അടുത്തറിയാന്‍ കഴിഞ്ഞത്, സ്വാതന്ത്ര്യലബ്ധിക്കുള്ള പുതിയ സാധ്യതകള്‍ മനസ്സിലാക്കി കൊടുത്തിട്ടുണ്ടാകണം. തന്നെയുമല്ല, പൊതുവേ ആ കാലം തൊഴിലാളികളുടെ അന്താരാഷ്ട്ര സാഹോദര്യത്തിന്റെയും വിപ്ലവത്തിന്റെയും ഒക്കെ അന്തരീക്ഷം നിലവിലിരുന്ന സമയവുമാണ്, പ്രത്യേകിച്ച് അമേരിക്കയില്‍ ജോലി ചെയ്തിരുന്ന ഇറ്റാലിയന്‍, ജര്‍മന്‍, ജൂത തൊഴിലാളികളുടെ ഇടയില്‍. അസ്റ്റോറിയയില്‍ ആ സമയത്ത് ധാരാളം ഫിന്‍ലാഡ്കാരും ഉണ്ടായിരുന്നു. ഒരു റഷ്യന്‍ കോളനി ആയിരുന്നു ഫിന്‍ലാന്‍ഡ് അക്കാലത്ത്. റഷ്യന്‍ മേല്‍ക്കോയ്മക്കെതിരെ സോഷ്യലിസ്റ്റ് അനുഭാവികളുടെ നേതൃത്വത്തിലുള്ള ചെറുത്തുനില്‍പ്പ്, അവരുടെ സ്വദേശത്തും പ്രവാസികളുടെ ഇടയ്ക്കും ശക്തമായിരുന്നു അന്ന്. അങ്ങനെ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട, വളരെ വിശാലവും അന്തര്‍ദ്ദേശീയ തലത്തിലുള്ളതുമായ ആശയങ്ങളുമായി പരിചയപ്പെടാന്‍ വെറും ജോലി തേടി നടക്കുന്നവരും വിപ്ലവകാരികളും വിദ്യാര്‍ഥികളുമൊക്കെ അടങ്ങിയ ആ പഞ്ചാബിക്കൂട്ടത്തിന് ജോലിസ്ഥലത്ത് വച്ച് അവസരം ലഭിച്ചിട്ടുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. അത് സംഭവിച്ചത് അന്ന് വിദേശജോലിക്കാരുടെ പസഫിക്ക് തീരത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളായിരുന്ന വാന്‍ കൂവറിലോ സാന്‍ ഫ്രാന്‍സിസ്ക്കോയിലോ അല്ല, മറിച്ച്, കൊളംബിയ നദിയുടെ മുനമ്പില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണത്തിലായിരുന്നു എന്നോര്‍ക്കണം. പക്ഷേ, അന്ന് അസ്റ്റോറിയക്ക് ഇന്നത്തേക്കാള്‍ പ്രാധാന്യം ഉണ്ടായിരുന്നു, പ്രത്യേകിച്ചും കൊളംബിയ നദിയില്‍ അന്ന് സമൃദ്ധമായിരുന്ന തടിയന്‍ ഷിനൂക്ക് സാല്‍മണ്‍ മത്സ്യബന്ധനത്തിനും സംസ്ക്കരണത്തിനും. അതിന്റെ ഓര്‍മ കാത്തുസൂക്ഷിക്കുന്ന കൊളംമ്പിയ റിവര്‍ മാരിറ്റൈം മ്യൂസിയമാണ് ആ പട്ടണത്തിലെ ഒരു പ്രധാന ആകര്‍ഷണം ഇപ്പോള്‍.
അസ്റ്റോറിയയിലെ ജനസംഖ്യയില്‍ പകുതിയും അന്ന് വിദേശ തൊഴിലാളികള്‍, പ്രത്യേകിച്ച് ചൈനക്കാരും ഫിന്‍ലന്‍ഡ്കാരും, ആയിരുന്നെങ്കിലും പഞ്ചാബികള്‍ക്ക് തൊലിനിറം കൊണ്ടും പരദേശികളായതുകൊണ്ടുമുള്ള വിവേചനങ്ങള്‍ നേരിടേണ്ടി വന്നു. അവര്‍ക്കു നേരെ തദ്ദേശികള്‍ നിയമനിര്‍മാണം കൊണ്ടും ശാരീരികമായും ആക്രമണം ഉണ്ടായി; അവരുടെ പങ്ക് പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ നിലനില്‍പ്പിന് അത്യാവശ്യമാണ് എന്നറിയാമായിരുന്നതുകൊണ്ട് ഓറിഗണില്‍ പൊതുവേ അത്തരം ആക്രമണങ്ങള്‍ക്ക് ജനനേതാക്കന്മാരുടെയോ ഉദ്യോഗസ്ഥന്മാരുടെയോ വലിയ പിന്തുണ ഉണ്ടായിരുന്നില്ല.
ഡല്‍ഹി സ്വദേശിയും പണ്ഡിതനും ലോകസഞ്ചാരിയും മാര്‍ക്സിസ്റ്റ് അനുഭാവിയുമൊക്കെ ആയിരുന്ന ഹര്‍ ദയാല്‍ അവരുടെ ഇടയിലേക്ക് കടന്നു വരുന്നതോടെയാണ് സംഘടിതരാവാനുള്ള നീക്കങ്ങള്‍ ആരംഭിക്കുന്നത്. ഹര്‍ ദയാല്‍ അന്ന് സാന്‍ ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയയിലുള്ള സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ ഫിലോസഫി പഠിപ്പിക്കുന്നുമുണ്ടായിരുന്നു. ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്സ് ഓഫ് ദ വേള്‍ഡ് (Industrial Workers of the World) എന്ന തൊഴിലാളി സംഘടനയുടെ സാന്‍ ഫ്രാന്‍സിസ്കോ ഘടകത്തിന്റെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധ തൊഴിലാളികളെ സംഘടിപ്പിക്കലായിരുന്നു. അസ്റ്റോറിയയിലെ പഞ്ചാബി തൊഴിലാളികളെ ബന്ധപ്പെടുവാനുള്ള കാരണവും അതായിരിക്കണം. ഹര്‍ ദയാല്‍ ഗദര്‍ പാര്‍ട്ടിയുടെ രൂപീകരണവുമായി പിന്നീട് ഏറ്റവും അറിയപ്പെടുന്ന ആളായി അറിയപ്പെടുമെങ്കിലും അതിന്റെ പിന്നില്‍ മറ്റു പലരും ഉണ്ടായിരുന്നു. പഞ്ചാബിലെ തന്റെ കൃഷി ഭൂമിയെ കടത്തില്‍ നിന്ന് രക്ഷിക്കുന്നതിന്നു വേണ്ടി പൈസയുണ്ടാക്കാന്‍ ലോകത്തിന്റെ ഇങ്ങേയറ്റംവരെയെത്തി പോര്‍ട്ട്‌ലന്റിലെ ഒരു തടി മില്ലില്‍ ജോലി ചെയ്തിരുന്ന സോഹന്‍ സിംഗ് ബാക്ക്‌ന; തടി വ്യവയായ സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ എത്തിച്ചുകൊടുത്തിരുന്ന കരാറുകാരന്‍ കന്‍ഷി റാം; വാന്‍കൂവറിലെ ഇന്ത്യാക്കാരുടെ ഇടയില്‍ പൊതുക്കാര്യപ്രവര്‍ത്തകനായിരുന്ന ജി.ഡി.കുമാര്‍ എന്നിവരായിരുന്നു അവരില്‍ പ്രമുഖര്‍. 1912 സമയത്തോടുകൂടി ഇവരെല്ലാവരും തമ്മില്‍ ബന്ധപ്പെട്ടിരുന്നു.
തൊഴിലാളികളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചിരുന്നത് അക്കൂട്ടത്തില്‍ ജി.ഡി.കുമാര്‍ ആയിരുന്നു. വാന്‍കൂവര്‍, സിയാറ്റില്‍,പോര്‍ട്ട്ലന്റ്, പസഫിക്കിന്റെ തീരത്തുള്ള അസ്റ്റോറിയ പോലുള്ള പട്ടണങ്ങള്‍ എന്നിവിടങ്ങളിലൊക്കെ അദ്ദേഹം തൊഴിലാളികളുമായി ബന്ധപ്പെടുകയും ബ്രിട്ടീഷുകാര്‍ക്കെതിരെ അഭിപ്രായരൂപീകരണത്തിന് പരിശ്രമിക്കുകയും ചെയ്തു. ബ്രിട്ടീഷ് സൈന്യത്തിലെ സിക്കുകാരെക്കൊണ്ട് സായുധകലാപത്തിന് പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. അതുകൊണ്ട് ഇന്ത്യയിലുള്ളവരുമായും അദ്ദേഹം നിരന്തരം ബന്ധപ്പെട്ടു; പ്രചരണത്തിന് താരക്‌നാഥ് ദാസ് എന്ന ബംഗാളി തീവ്രവാദിയുമായി ചേര്‍ന്ന് “ഫ്രീ ഹിന്ദുസ്ഥാന്‍” എന്ന പത്രവും അദ്ദേഹം സിയാറ്റിലില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം വായിക്കുമ്പോള്‍, ഇന്ത്യയ്ക്കു പുറത്ത് ലണ്ടന്‍ മാത്രമേ സ്വാതന്ത്ര്യസമരസേനാനികളുടെ പ്രവര്‍ത്തന രംഗമായി കാണാറുള്ളൂ. പക്ഷേ, അമേരിക്കയുടെ പസഫിക്ക് തീരത്തെ പല നഗരങ്ങളും അങ്ങനെ കരുതപ്പെടാന്‍ യോഗ്യമാണെന്ന്, പലപ്പോഴും ഓര്‍മിക്കപ്പെടാതെ പോകുന്ന ഈ വീരന്മാരുടെ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു.
1912 മാര്‍ച്ച് 12-ന് കന്‍ഷി റാമിന്റെ പോര്‍ട്ട്ലന്റിലെ വീട്ടില്‍ വച്ചു കൂടിയ യോഗത്തില്‍ വച്ച് ഹിന്ദുസ്ഥാനി അസോസിയേഷന്‍ ഓഫ് അമേരിക്ക എന്ന സംഘടന രൂപീകരിച്ചു. ബാക്ക്‌ന അതിന്റെ പ്രസിഡന്റും കന്‍ഷി റാം ട്രഷററും ജി.ഡി.കുമാര്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. അക്കൊല്ലം തന്നെ അസ്റ്റോറിയയില്‍ അതിന്റെയൊരു ശാഖയും തുടങ്ങി. രാഷ്ട്രീയത്തില്‍ താല്പര്യമുള്ളവരുടെ ഒരു കൂട്ടായ്മ എന്നതില്‍ കവിഞ്ഞ് അതിന്റെ പ്രവര്‍ത്തനം അധികമൊന്നും മുന്നോട്ടു നീങ്ങിയില്ല. ജി.ഡി.കുമാര്‍ പിന്നീട് രോഗബാധിതനായി; സംഘടനാപ്രവര്‍ത്തനങ്ങളില്‍ സഹായം അഭ്യര്‍ഥിച്ച് ബാക്കിയുള്ളവര്‍ ഹര്‍ ദയാലിനെ സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ നിന്ന് വരുത്തി. ആ നേതാക്കളും പഞ്ചാബി തൊഴിലാളികളും സെന്റ് ജോണ്‍സ് എന്ന പട്ടണത്തില്‍ വച്ച് 1913 മാര്‍ച്ച് 25-ന് ഹിന്ദുസ്ഥാനി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ചരിത്രപ്രധാനമായ ഒരു യോഗം ചേരുകയും പിന്നീട് ഗദര്‍ പാര്‍ട്ടിയുടെ രൂപീകരണത്തിന്റെ അടിസ്ഥാനപ്രമാണങ്ങളായി മാറിയ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ഇന്ത്യന്‍ വിദ്യാര്‍ഥികളെ അമേരിക്കയിലേക്ക് കൊണ്ടു വരാന്‍ സ്പോണ്‍സര്‍ ചെയ്യണമെന്നൊക്കെയുള്ള ഹര്‍ ദയാലിന്റെ ആവശ്യങ്ങള്‍ (അദ്ദേഹം അന്ന് സ്റ്റാന്‍ഫോര്‍ഡില്‍ അദ്ധ്യാപകനായിരുന്നു എന്നോര്‍ക്കുക) തൊഴിലാളികള്‍ ആ യോഗത്തില്‍ വച്ച് തള്ളിക്കളയുകയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പുതിയ സംഘടന യത്നിക്കണമെന്ന തീരുമാനമെടുക്കുകയും ചെയ്തു. അതിന്നു വേണ്ടി സാന്‍ ഫ്രാന്‍സിസ്ക്കോ ആസ്ഥാനമാക്കി ഒരു പ്രവര്‍ത്തന കേന്ദ്രവും പത്രവും അവരുടെ പ്രധാന ലക്ഷ്യങ്ങളായിരുന്നു.
ബാക്ക്‌നയും കന്‍ഷി റാമും മുന്‍കൈ എടുത്ത് കൊളംമ്പിയ നദിക്കരയിലെ പട്ടണങ്ങളില്‍ പണിയെടുത്തിരുന്ന ഇന്ത്യന്‍ തൊഴിലാളികളെ അസോസിയേഷന്റെ കുടക്കീഴില്‍ കൊണ്ടുവരാന്‍ അവിടങ്ങളിലൊക്കെ ശാഖകള്‍ തുടങ്ങി. സംഘടനയുടെ ഭാവിപത്രത്തിന്റെ പേരായിരുന്നു ഗദര്‍ എങ്കിലും പൊതുവേ സംഘടന ആ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഗദര്‍ എന്നാല്‍ പഞ്ചാബിയിലും ഉര്‍ദുവിലുമൊക്കെ വിപ്ലവം എന്നാണ് അര്‍ത്ഥം. അതിന്റെ പ്രധാന നേതാക്കന്മാരുടെയും അണികളുടെയും വിപ്ലാവേശമാണ് പാര്‍ട്ടിയുടെ പേരിലും പ്രതിഫലിച്ചത്. ഹര്‍ ദയാല്‍ കമ്യൂണിസ്റ്റ് ആശയങ്ങളോട് (റഷ്യയില്‍ ഒക്ടോബര്‍ നടക്കുന്നതിന് അഞ്ചു വര്‍ഷങ്ങള്‍ മുമ്പാണ് ഈ സംഭവങ്ങള്‍ അരങ്ങേറുന്നത്) അനുഭാവമുള്ള ആളായിരുന്നെങ്കിലും ബാക്കിയുള്ളവര്‍ക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യം സായുധമാര്‍ഗത്തിലൂടെ നേടണം എന്ന സൂചന മാത്രമേ ആ പേരില്‍ കണ്ടിട്ടുണ്ടാവുകയുള്ളൂ. (ഗദര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ പൊതുവേ അകൃഷ്ടരായിരുന്നു; സ്വാതന്ത്ര്യാനന്തരം ബാക്ക്‌ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായത് ഒരു ഉദാഹരണം.)
അക്കൊല്ലം, ഏപ്രില്‍ പകുതിവരെയുള്ള ചുരുങ്ങിയ സമയം കൊണ്ട് അസ്റ്റോറിയയിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്തിരുന്ന നൂറുകണക്കിന് തൊഴിലാളികളെ ബാക്ക്‌നയും കന്‍ഷി റാമും പുതിയ സംഘടനയില്‍ ചേര്‍ത്തു. ആ പരിശ്രമത്തിന്റെ പരിസമാപ്തിയായി 1913 മെയ് 30-ന് അസ്റ്റോറിയയില്‍ ഒരു വലിയ പൊതുയോഗം ചേരുകയും ഗദര്‍ പാര്‍ട്ടിയുടെ ലക്ഷ്യങ്ങള്‍ ഔപചാരികമായി പ്രഖ്യാപിക്കുകയും അതിന്ന് അംഗങ്ങളുടെ അംഗീകാരം നേടുകയും ചെയ്തു. ഹര്‍ ദയാലായിരുന്നു ആ പൊതുയോഗത്തിലെ പ്രധാന പ്രാസംഗികന്‍. നേരത്തേ സൂചിപ്പിച്ചതുപോലെ സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തില്‍ അന്ന് പ്രാമുഖ്യമുണ്ടായിരുന്ന സിക്ക്‌കാരെ കലാപത്തിന് പ്രേരിപ്പിച്ച്, ബ്രിട്ടീഷുകാരെ ബലമായി രാജ്യത്തുനിന്ന് അടിച്ചോടിച്ച്, അമേരിക്കന്‍ ഐക്യനാടുകളുടെ മാതൃകയില്‍ ഇന്ത്യന്‍ ഐക്യനാടുകള്‍ സ്ഥാപിക്കുകയായിരുന്നു. ഗദര്‍ പാര്‍ട്ടിയിലെ അംഗങ്ങളില്‍ ഭൂരിപക്ഷവും സിക്കുകാര്‍ തന്നെ ആയിരുന്നത് അത്തരമൊരു തീരുമാനത്തിലേക്ക് വഴിതെളിച്ചിട്ടുണ്ടാകും എന്ന് തീര്‍ച്ച. (ഇതിന്നു വിപരീതമായി 1914-ല്‍ പൊട്ടിപ്പുറപ്പെട്ട ഒന്നാം ലോകമഹായുദ്ധത്തില്‍ ഇന്ത്യാക്കാര്‍, സ്വാതന്ത്ര്യസമര നേതാക്കളും രാജാക്കന്മാരും, സൈന്യത്തിലെ ആള്‍ബലം കൊണ്ടും ധനസഹായും വഴിയും, ബ്രിട്ടീഷുകാരെ വളരെ സഹായിച്ചു. പ്രത്യുപകാരമായി ഇന്ത്യക്ക് സ്വയം ഭരണമെങ്കിലും ലഭിക്കുമെന്നായിരുന്നു പൊതുവായുണ്ടായിരുന്ന പ്രതീക്ഷ. ബ്രിട്ടീഷുകാര്‍ അടങ്ങിയ സഖ്യകക്ഷികള്‍ ആ മഹായുദ്ധത്തില്‍ വിജയം നേടുമെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യപരിശ്രമങ്ങള്‍ക്ക് വലിയ മെച്ചമൊന്നുമുണ്ടായില്ല. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം രൂക്ഷമാകാന്‍ അത് ഒരു കാരണമാകുകയും ചെയ്തു.)
പാര്‍ട്ടിയുടെ പ്രചരണാര്‍ഥം സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ നിന്ന് പഞ്ചാബി, ഉര്‍ദു, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഹര്‍ ദയാലിന്റെ മേല്‍നോട്ടത്തില്‍ “ഗദര്‍” എന്ന പത്രം പ്രസിദ്ധീകരിച്ചു തുടങ്ങി. അതിന്റെ സഹായത്താല്‍ ഗദര്‍ പാര്‍ട്ടി രൂപീകരണത്തിന്റെ വാര്‍ത്ത അമേരിക്കയിലെങ്ങും പുറം രാജ്യങ്ങളിലും ഇന്ത്യന്‍ പ്രവാസികളുടെ ഇടയില്‍ അധികം വൈകാതെ ചെന്നെത്തി; അവിടങ്ങളില്‍ പാര്‍ട്ടിയുടെ ശാഖകള്‍ രൂപീകരിക്കപ്പെടുകയും ചെയ്തു. പസിഫിക്ക് തീരത്ത് പണിയെടുത്തിരുന്ന പഞ്ചാബികളില്‍ നിന്ന് വ്യത്യസ്തമായി അന്നാളുകളില്‍ തന്നെ നല്ല നിലയില്‍ കഴിഞ്ഞിരുന്ന പഞ്ചാബി കര്‍ഷകര്‍ അന്ന് കാലിഫോര്‍ണിയയിലെ സെന്ട്രല്‍ വാലിയില്‍ ഉണ്ടായിരുന്നു; അക്കൊല്ലം ഡിസംമ്പറില്‍ തന്നെ സാക്രമെന്റോയില്‍ പാര്‍ട്ടിയുടെ മറ്റൊരു യോഗം നടന്നു. പാര്‍ട്ടിയുടെ നടത്തിപ്പ് സാന്‍ ഫ്രാന്‍സിസ്ക്കോ കേന്ദ്രമാക്കി ഉത്തര കാലിഫോര്‍ണിയക്ക് മാറിയത് ആയിരിക്കണം പാര്‍ട്ടിയുടെ ഉത്ഭവം പോലും അവിടെയാണെന്ന് പില്‍ക്കാല ചരിത്രകാരന്മാരെ ഊഹിപ്പിക്കാന്‍ പ്രേരിപ്പിച്ചത്; അങ്ങനെ അസ്റ്റോറിയക്ക് പ്രതീകാത്മകമെങ്കിലും ഒരു പ്രധാനപ്പെട്ട സ്ഥാനം ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തില്‍ കിട്ടാതെ പോയതിന്റെ കാരണവും അതായിരിക്കും.
ഗദര്‍ പാര്‍ട്ടിയുടെ സാന്‍ ഫ്രാന്‍സിസ്ക്കോയിലെ സാന്നിദ്ധ്യം സമീപത്തുള്ള യു.സി.ബെര്‍ക്കിലി പോലുള്ള അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ പഠിച്ചിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെയും മറ്റും അതിലേക്ക് ആകര്‍ഷിക്കാന്‍ സഹായിച്ചു. അതില്‍ ഒരു പ്രധാനി കര്‍ത്താര്‍ സിംഗ് സരാബാ ആയിരുന്നു. “ഗദര്‍” പത്രത്തിന്റെ നടത്തിപ്പിലൊക്കെ സഹായിച്ചിരുന്ന അദ്ദേഹത്തിനെ പിന്നീട് ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹത്തിന് തൂക്കിക്കൊല്ലുമ്പോള്‍ വെറും 19 വയസ്സേ ഉണ്ടായിരുന്നുള്ളൂ. (ബ്രിട്ടീഷുകാര്‍ ഇന്ത്യയോട് ചെയ്ത ക്രൂരതകള്‍ എന്നെങ്കിലും മറക്കാനിടവന്നാല്‍ ജാലിയന്‍ വാലാ ബാഗിനൊപ്പം ഈ കൗമാരക്കാരനെ വധിച്ചതു കൂടി ഓര്‍ക്കുക.)
ഒന്നാം ലോകമഹായുദ്ധം, ഇന്ത്യയില്‍ ബ്രിട്ടീഷ് സൈന്യത്തിലെ സിക്ക് പട്ടാളക്കാരെ പ്രകോപിച്ച് കലാപങ്ങള്‍ ആസൂത്രണം ചെയ്യാന്‍, ഗദര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കിക്കൊടുത്തു. ബ്രിട്ടന്റെ ശത്രുവായിരുന്ന ജര്‍മന്‍കാരുടെ സഹായവും ആ ശ്രമത്തിന് കിട്ടിയിട്ടുണ്ടാവണം; അതിന്ന് സാന്‍ ഫ്രാന്‍സിസ്ക്കോയിലെ ജര്‍മന്‍ കോണ്‍സുലേറ്റുമായി ഗദര്‍ പാര്‍ട്ടി പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് ചാരന്മാര്‍ ഗദര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ അതിന്നിടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അധികാരികളെ ഭയന്ന് ഹര്‍ ദയാല്‍ യൂറോപ്പിലേക്ക് രക്ഷപ്പെട്ടു. പക്ഷേ, ഇന്ത്യയില്‍ ബ്രിട്ടീഷ് സൈന്യത്തില്‍ കലാപം തുടങ്ങുക എന്ന ലക്ഷ്യത്തോടെ അമേരിക്കയില്‍ നിന്നും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളില്‍ നിന്നുമുള്ള ഗദര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ത്യയിലേക്ക് രഹസ്യമായി നീങ്ങി. ഒന്നാം ലോകമഹായുദ്ധത്തില്‍ പൊതുവേ ഇന്ത്യാക്കാര്‍ ബ്രിട്ടനെ പിന്താങ്ങിയിരുന്ന ഒരു സമയമായിരുന്നു അത് എന്നുകൂടി ഓര്‍ക്കണം; അതിന്ന് എതിരായിട്ടായിരുന്നു ഗദര്‍ പാര്‍ട്ടിയുടെ നീക്കം, പ്രത്യേകിച്ചും ബ്രിട്ടീഷുകാരുടെ ശത്രുക്കളായ ജര്‍മന്‍, ഐറിഷ് റിപ്പബ്ലിക്കന്‍ പിന്തുണയോടുകൂടിയും ആയിരുന്നു അത്.
ഒറ്റപ്പെട്ട ചില പ്രശ്നങ്ങളൊക്കെ കുത്തിപ്പൊക്കാന്‍ പറ്റിയതല്ലാതെ കാര്യമായ ലഹളകള്‍ ബാരക്കുകളില്‍ തുടങ്ങുന്നതിന്ന് മുമ്പ് ബ്രിട്ടീഷുകാര്‍ അതിന്റെ പ്രധാനപ്പെട്ട ആസൂത്രകരെ ഒറ്റുകാരുടെ സഹായത്തോടെ പിടികൂടി. ആ സംഭവങ്ങളുടെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. പല വിചാരണകളും അതുമായി ബന്ധപ്പെട്ട് ഉണ്ടായി. 1915-ല്‍ ലാഹോറിലെ ഒരു പ്രത്യേക ട്രൈബൂണനില്‍ മാത്രം 291 പേരെ വിചാരണ ചെയ്തതില്‍ 42 പേരെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. 19-കാരനായ കര്‍ത്താര്‍ സിംഗ് സരാബാ അതില്‍ ഒരാളായിരുന്നു. കര്‍ഷി റാമിനെയും തൂക്കിക്കൊന്നു. ഗദര്‍ പാര്‍ട്ടിയുടെ മറ്റൊരു സ്ഥാപകനായ സോഹന്‍ സിംഗ് ബാക്ക്‌നക്ക് ആദ്യം വധശിക്ഷ ലഭിച്ചെങ്കിലും അത് പിന്നീട് ജീവപര്യന്തമാക്കി കുറച്ചു. ജയിലില്‍ നിന്ന് മോചിതനായ ശേഷം ഇന്ത്യന്‍ കമൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ അദ്ദേഹം മരിക്കുന്നത് 1968-ല്‍ ആണ്.
സ്റ്റാന്‍ഫോര്‍ഡില്‍ നിന്നും യു.സി.ബെര്‍ക്കിലിയില്‍ നിന്നും സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ നിന്നും ഏതാനും മൈലുകള്‍ ദൂരത്തില്‍ മാത്രം സ്ഥിതിചെയ്യുന്ന ഫ്രീമോണ്ടിലെ തെരുവുകളില്‍, ആഗസ്റ്റ് 15-ന്, ബോളിവുഡ് താരങ്ങങ്ങളുടെ കൊഴുപ്പോടെ എല്ലാ വര്‍ഷവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഗംഭീരമായി കൊണ്ടാടാറുണ്ട്. സ്വന്തം ജീവിതങ്ങള്‍ പോലും ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിക്കു വേണ്ടി കൊടുക്കാന്‍ മടിക്കാതിരുന്ന കുറെ വീരന്മാരുടെ ഒരു നൂറ്റാണ്ടു പഴക്കമുള്ള കഥകളെക്കൊണ്ട് ആ പ്രദേശങ്ങള്‍ സമ്പന്നമാണെന്ന് ആ മേളയില്‍ ആരെങ്കിലും പൊതുജനത്തെ ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് സംശയം. കാരണം ഞാന്‍ അങ്ങനെയൊന്നും ഇതുവരെ കണ്ടതായി ഓര്‍ക്കുന്നില്ല.
തുടർന്ന് വായിക്കുക :
കാഫ്കയുടെ കാഴ്ചബംഗ്ലാവിൽ
Click this button or press Ctrl+G to toggle between Malayalam and English