യാത്രയിലെ രസഗുള

 

പടിപ്പെര വീട്ടിൽ കുഞ്ഞി ലക്ഷ്മിയമ്മയും പരിവാരങ്ങളും സമ്മർ വെക്കേഷൻ അടിച്ചു പൊളിക്കാൻ നഗരത്തിൽ നിന്നും
നാട്ടിലെത്തി. ഉത്സവകാലമായതിനാൽ പ്രത്യേകം സജ്ജമാക്കിയ സർവ്വാണി പുരയിലെ മൂന്നു നേരം മൃഷ്ടാന്ന ഭോജനം, നാലു മണിക്കുള്ള ചായ, പലഹാരം മിതശീതോഷ്ണ മുറിയിലെ അന്തിയുറക്കം, ബന്ധുജന വെടിവട്ടം, ഇത്യാദികൾക്ക് ഒന്നിനും മുട്ടില്ലായിരുന്നു.

“നഗരം നാട്യപ്രധാനം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം” എന്ന് “ക്ഷെ” ബോധ്യപ്പെട്ടു. ഇതെഴുതിവെച്ചു കാലയവനികക്കുള്ളിൽ മറഞ്ഞ കെ.സി. കേശവപിള്ളയെ അറിഞ്ഞവർ  ഞങ്ങളിൽ

ചരിത്രകാരനായ  ഞാനും പിന്നെ പണ്ഡിറ്റ് കുഞ്ചാവയും മാത്രം. ബെടക്കൂസ് തോട്ടശ്ശേരിക്കാർക്കു മൂന്നു കേശവന്മാരെ മാത്രമേ അറിയുകയുള്ളൂ. ഒന്ന് എന്റെ ശിഷ്യൻ ചേറൂരെ വീട്ടിൽ കേശവൻ. രണ്ടാമത് ചരിഞ്ഞു ചത്തുപോയ ഗുരുവായൂർ കേശവൻ. ലാസ്റ്റിലി മ്മടെ അമ്മമ്മടെ നായര് കേശവൻ നായര്. എന്തായാലും പിന്നീട് കെ.സി. യെ കൂടുതൽ അറിഞ്ഞപ്പോൾ കെട്ടിപ്പിടിച്ചൊരു മുത്തം കൊടുക്കുവാൻ തോന്നി.  എനി  ഹൌ, കു. ല .അമ്മക്ക് മൂന്നു നാലു ദിവസത്തെ നിൽപ്പും നടപ്പും കാരണം മുട്ടുങ്കാലിന്  താഴെ ചെറിയ നീരുണ്ടായി എന്നതൊഴിച്ചാൽ സബ് ടീക് ഹെ.

നാക്കിനു റെസ്ററ് കൊടുക്കാതെ ഒരാഴ്ച  കൂട്ടം കൂടുവാനുള്ള വിഭവങ്ങൾ സ്റ്റോക്കിലായപ്പോൾ തിരിച്ചു നഗരത്തിലേക്കുള്ള യാത്രക്ക് കോപ്പുകൂട്ടി. ശുദ്ധാശുദ്ധിയില് കടുകിട കോംപ്രമൈസില്ലാത്തതിനാൽ ദിവസം രണ്ടു ജോഡി വസ്ത്രങ്ങൾ ആളൊന്നുക്ക് കണക്കുവെച്ചു ചക്രങ്ങൾ പിടിപ്പിച്ച നാലു വലിയ പെട്ടികളും അകമ്പടിക്കു് മൂന്നു വൻ ചരക്കു കൊള്ളിസഞ്ചികളും (ബിഗ് ഷോപ്പേർ) കയറ്റിയ ടാക്സി കൃത്യ സമയത്തന്നെ തീവണ്ടിയാപ്പീസിലെത്തി.

അവിടെ മൊബൈൽ മന്നൻ സെൽഫി
ഗോബാലേട്ടനും കെട്ടിയോൾ പൊട്ടിച്ചിരിച്ചേച്ചിയും ഹാജർ ഉണ്ടായിരുന്നു. ചേച്ചി ഡ്രസ്സ് ചേഞ്ച് ചെയ്താൽ ഉടൻ ഒരു സെൽഫി എടുത്തു  പോസ്റ്റിയില്ലെങ്കിൽ ഗോബാലേട്ടന് എന്തോ ഒരു ഇദാണത്രേ .

അപ്പോഴേക്കും മുണ്ടിന്റെ കുത്ത്
വയറിനു മേലെ കേറ്റി കുത്തി കൊച്ചു
മണിയേട്ടനും കെട്ടിയോളും പൂരം കഴിഞ്ഞു മടങ്ങുന്ന മദ്ദളം കൊട്ടുകാരെ പോലെ രണ്ടു വണ്ടൻ ചക്കകളും പാക്ക് ചെയ്‌ത്‌ എത്തിപ്പെട്ടു. കംപാർട്മെന്റ് എവിടെ വരുമെന്ന് അറിയിക്കുന്ന ഉച്ചഭാഷിണി കമാന്നു മിണ്ടാത്ത കാരണം അടുത്ത് കണ്ട റൂമിൽ ഇടിച്ചുകയറി അന്വേഷിച്ചു. നീചൻ ലാപ്ടോപ്പിൽ എന്തോ തിരഞ്ഞു. ഒന്നും കാണാതെ ദൂരവാണി കയ്യിലെടുത്തു രണ്ടുമൂന്നു കുത്തുകുത്തി. അമ്മ വീട്ടിലെ അനിയൻ കുട്ടിപ്പൊങ്ങൻ അളവിൽ കവിഞ്ഞു ചക്കപ്പഴം തിന്ന്‌ വയറുവേദനിച്ചു തൊള്ള തുറക്കുമ്പോൾ കുട്ടിക്ക് കൊതി പെട്ടതാണെന്നും പറഞ്ഞു ഭസ്മം തലയിലിട്ട്‌ ഊതുമ്പോൾ അമ്മമ്മ കുശുകുശുക്കുന്നപോലെ ദൂരവാണിയുടെ വയ്ക്കഷണത്തിലേക്ക് എന്തോ മർമർ ചെയ്തു. പിന്നെ കൊതി കൺഫേം ചെയ്യാൻ “പുഹാ..യ്” എന്ന് അമ്മമ്മ കോട്ടുവായ ഇടുമ്പോലെ ഒന്ന് വായപൊളിച്ചു കൂക്കിയ ശേഷം സ്ഥലം വെളിപ്പെടുത്തി. അവിടെ തീവണ്ടിപ്പുരക്ക് മേൽക്കൂര ഇല്ലായിരുന്നു. ഇതിനിടക്ക് വണ്ടിയും ഒപ്പം അയിലൂർ വേലക്ക്‌ രാത്രി പൊട്ടിക്കുന്ന ആലുഴി അമിട്ടുപോലെ പാർർർർ ന്നു പറഞ്ഞു തകർപ്പൻ മഴയും തുടങ്ങി. മഴനനഞ്ഞു കുളിച്ചു ലഗേജുകളും താങ്ങി ഓടി വണ്ടിയിൽ കയറ്റി ഗോബാലേട്ടനും സംഘവും വെള്ളത്തിൽ വീണ ചാത്തൻ കോഴിയെപ്പോലെ അവരുടെ മദിരാശി വണ്ടിക്കു നേരെ പാഞ്ഞു. എ. സി. കംപാർട്മെന്റിൽ മഴയും നനഞ്ഞു കയറിയ ഞങ്ങൾ ടോയ്‌ലെറ്റിൽ കയറി കുപ്പായമെല്ലാം മാറി. കുഞ്ഞു ലക്ഷ്മി അമ്മ തണുത്തു വിറച്ചു, മുഷ്ടി ചുരുട്ടി റെയ്ൽവേയ്ക്കും മഴക്കും മൂർദ്ദാബാദ് വിളിക്കാനും, അതിശൈത്യം കൊണ്ട് ഒറ്റയ്ക്ക് വസ്ത്രം മാറാൻ പറ്റാത്ത അത്രയ്ക്ക് അവശയുമായി വെളിച്ചപ്പാട് തുള്ളാനും പല്ലു കൊണ്ട് ചെണ്ട കൊട്ടാനും തുടങ്ങി.  സഹയാത്രികയായ തുളുനാടൻ പ്രൗഢ പ്രതിസന്ധിക്കു പരിഹാരം കണ്ടു. വിരിക്കാൻ വെച്ചിട്ടുള്ള വെള്ള വിരി എടുത്തു കഥകളിക്കു തിരശീല പിടിക്കുന്നതുപോലെ മറ പിടിച്ചാൽ രണ്ടു പേര് ചേർന്ന് വസ്ത്രം മാറാൻ സഹായിക്കാമെന്ന് പറഞ്ഞു.

“നോ ആർമി ക്യാൻ സ്റ്റോപ്  ആൻ ഐഡിയ ഹൂസ് ടൈം ഹാസ് കം” എന്ന് വിക്ടർ ഹ്യൂഗോ തമാശക്ക് പറഞ്ഞതല്ല എന്ന് അപ്പോളാണ് പിടി കിട്ടിയത്. അങ്ങിനെ രണ്ടുപേർ തിരശീല കൊണ്ട് മറ പിടിച്ചു സ്ത്രീ ജനങ്ങൾ അമ്മയുടെ തുണി മാറ്റിക്കൊണ്ടിരിക്കെ അതുവഴി കടന്നുപോയ ഒരു സഹൃദയൻ അകത്തു ഡോക്ടറുണ്ടല്ലോ എന്ന് തിരക്കി. വേറൊരാൾ ചൂടുവെള്ളം വേണോ എന്നും ചോദിച്ചു. മൂന്നാമതൊരു മനുഷ്യസ്നേഹി അപ്പാപ്പൻ, നവാഗത ശിശുവിന്റെ ആദ്യരോദനം കേൾക്കാൻ ചെവി കൂർപ്പിക്കാൻ പേനാക്കത്തിയെടുത്തു.

കേന്ദ്ര കഥാപാത്രം പരുക്കുകളൊന്നും ഇല്ലാതെ മറ നീക്കി പുറത്തുവന്നപ്പോൾ ഏതാണ്ട് അഞ്ചു മിനിട്ടോളം ജനത്തെ മുൾമുനയിൽ നിർത്തിയ സംഭവം  അങ്ങനെ ശുഭപര്യവസാനിയായി കലാശിച്ചു.അന്തരീക്ഷം ശാന്തമായപ്പോൾ  സുഖവിവരം തിരക്കാൻ ഗോബാലേട്ടനെ വിളിച്ചു. അങ്ങേ തലക്കൽ മൂപ്പിലാന്റെ പെണ്ണുംപിള്ള പൊട്ടിചിരിച്ചേച്ചി. ഗോബാലേട്ടൻ എവിടെ എന്ന് ചോദിച്ചപ്പോൾ ഫാനിന്റെ ചോട്ടിൽ ഉണക്കാൻ ഇട്ടിരിക്കുകയാണെന്നു പറഞ്ഞു തുടങ്ങിയ ചിരിക്ക് ബ്രേക്ക് ഫെയിലിയർ മണത്തപ്പോൾ സംഭാഷണം മുറിച്ചു.

സംഭവം കേട്ട ശേഷം ഡ്രൈവർ ശശി “ഓരോ യാത്രയും അനുഭവങ്ങളുടെ മുതൽകൂട്ടാണെന്ന്”
വളരെ ദാർശനികമായ് പറഞ്ഞപ്പോൾ അതിൽ കുറച്ചു സത്യത്തിന്റെ മധുരമുണ്ടെന്നു തോന്നി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here