ചങ്ങാതിതന്ന നൽ പകിട്ടുള്ളാപ്പീലി
പുസ്തിക്കഴകേഴും നല്കി.
കൂരിരുട്ടിലാമഗ്ന പെരുങ്ങാപ്പീലി,
ആകാശമുറ്റത്തു കണ്ടേൻ.
വർണ്ണങ്ങളേറെയും കൺപൂട്ടി മേവുന്നു
മായാമയൂകത്തെ പോലെ.
തിളങ്ങാവർണ്ണങ്ങളാകമേ ശോഭിച്ചു,
തമസ്സല്ല,റിവിൻ ചായം.
ക്ഷണം കേട്ടാക്ഷണം ത്യജിച്ചീ ഭൂമുഖം
സർവ്വജ്ഞ സന്നിധേയെത്താൻ.
വീടുവിട്ടിറങ്ങും മുൻപച്ഛനവളോ-
ടോതിയീ രഹസ്യം ചെമ്മെ:
“ദേഹമീ ധൂളിയിൽ കലരും വരേയ്ക്കും
ഉണ്മയായ്, പുത്രിയായ് തീരൂ.
എൻ പുത്രിയെന്നിന്നെല്ലാരുമാർക്കുമോർക്കൂ!
നാളെ ഞാൻ നിന്നുടെ അച്ഛൻ.
ജീവിച്ചു നേടിടൂ! ജീവിതം നല്കിടൂ!
ജഗത്നായകനെ നേടൂ!”
ഓരോ പിടി മണ്ണോൾ മൃതാംഗേയിടുമ്പോൾ
അച്ഛന്റെ വാക്കേറ്റു നൊന്തു.
വാക്കായിരുന്നേ നിയമാവലി, നയം,
മെയ്യിലൂടൊഴുകും രക്തം.
നോവിലെന്തായിരം ഓർമ്മകൾ വിടർന്നാ
നാവിൻ രുചിയോർത്തു തേങ്ങി.
സൂര്യൻ മാഞ്ഞിരുണ്ടു; ചൂടാറീല്ലാച്ചൂട-
വളുള്ളുറക്കം കെടുത്തി.
നേദിപ്പൂ ഞാനീ വഴിപ്പോക്കനൊരുവൻ
ശാശ്വത അക്ഷരയാഗം!!
അക്ഷരക്കൂട്ടം! അവളക്ഷയദീപം!
അറിവിൻ ലയമാം രാഗം!
ആ കൂടക്കീഴിൽ വരുവോരവർക്കെന്നു-
മറിവിൻ അക്ഷാഗ്രം നല്കും.
നീറുന്ന ദേഹം; അറിവാകുവാനായി
തൂവലടർത്തുന്ന ആജം!
നോവുന്ന ഹൃദയം; അകലാതകലം
പാലിച്ചു നില്ക്കുന്ന ജാപം!
ചെറുതായി ദീപം തെളിയുന്ന പോലെ
ചിരിതൂകി നില്ക്കും ധ്യാനം!
കണ്ണീരാലേ സ്നേഹം, കനിവും വരയ്ക്കും
കല്മഷമേല്ക്കാത്ത കന്യ!
സേവനപാതേ – ഉടഞ്ഞുലഞ്ഞലിയും,
ഒഴുകിത്തെറിക്കും സ്വേദം!
നേതൃത്വസ്ഥാനേ – കനൽവിട്ടുയരുന്ന-
ണയാതടിയും സ്ഫുലിംഗം!
തീരത്തടിയ്ക്കുന്ന ഏഴാംതിരപോലെ
നെറികേടു മായ്ക്കും ഓളം!
പൊടിതുപ്പി മാറ്റി, പടവെട്ടിയേറി,
ദേശത്തൊഴുകുന്ന ഗംഗ!
വിസ്മേരവദനം, വിശ്വസ്തഹൃദയം
വിശ്വത്തിൽ വേറില്ല ചെറ്റും!!!