ഇന്നലെയാണ് ഞാൻ അയാളെ കണ്ടെത്തിയത്
പല പേരുകളിൽ തിരഞ്ഞിട്ടും മുഖപുസ്തകത്തിൽ ഇന്നോളം തെളിയാത്തൊരു മുഖം
എന്നെ നോക്കി ചിരിച്ചു..
മലകൾക്ക് താഴെ കൂട്ടുകാരോടൊന്നിച്ചു
സാന്ധ്യവെയിൽ നെറ്റിയിലൊലിച്ചിറങ്ങി പരന്ന ചിരി
ചുണ്ടിലെ സിഗരറ്റു കറയിൽ കുടുങ്ങി
വാക്കുകളുടെ പിശുക്കിൽ വറ്റി വരണ്ട്
പുഴ പോലെ ഇല്ലാതായ ചിരി
ചൂണ്ടുവിരലിനിടയിൽ അപ്പോഴും ചിന്തയുടെ ഒരു കനലെരിയുന്നുണ്ടോ എന്നു
ഞാൻ തുറിച്ചു നോക്കി
ഇല്ല,
സൂര്യവെളിച്ചമാണ്.
വയസ്സായി,
പക്ഷെ നര കേറിയിട്ടില്ല.
അല്ലെങ്കിലും അയാളുടെ അനുവാദമില്ലതെ ആരും….
അപേക്ഷിച്ചു, എന്നെയും സുഹൃത്താക്കൂ
ഓർമയുടെ ഇത്തിരി നൂലിൽ
രണ്ടിടങ്ങളിലെങ്കിലും നമുക്കിനി സൗഹൃദം പറത്താം
മറുപടിയില്ല
ഇമയനങ്ങാത്ത നിശബ്ദതയിൽ
അയാൾ എപ്പോഴും ലോകത്തെ ചങ്ങലക്കിട്ടിരുന്നല്ലോ
തനിക്ക് വേണ്ടപ്പോൾ മാത്രം കുലുങ്ങി ചിരിച്ചു അതിനെ മോചിപ്പിച്ചു.
ഓർമയിൽ അങ്ങനെയാണ് അയാൾ അയാളെ വരച്ചിട്ടത്
ശീലമല്ലേ, എനിക്കും അയാൾക്കും!
കാത്തിരിക്കാം!
അപ്പോൾ
സ്വർഗത്തിനും നരകത്തിനും ഇടയിലിരുന്ന്
ഒരു ചിലന്തി
പല്ലിളിച്ചു
‘എന്റെ വല താണ്ടി പോയവരെത്ര പേർ’