നിരാശ…
അക്ഷരത്തോടാണോ
പേനയോടാണോ….?
വ്യക്തമാക്കാൻ കഴിയാത്ത
നിഗൂഢമായ ഒരു വികാരം,
അയാളുടെ വാക്കുകൾ
എന്നിൽ തിരി കൊളുത്തി.
അക്ഷരങ്ങൾ
ജീവൻ നൽകിയ
കവിതകൾക്കൊരു ചട്ടക്കൂട്
സ്വപ്നം കണ്ടു കൊണ്ട്
അയാളെ ഞാൻ സമീപിച്ചു.
എന്റെ ബേഗിനകത്തിരുന്ന
കവിതാശകലങ്ങൾ
കുറിപ്പടിയാക്കിയ കടലാസുകൾ
സന്തോഷാധിക്യത്താൽ
ബേഗിന്റെ തുളയിലൂടെ
അയാളെ ഒളി കണ്ണിട്ട് നോക്കി.
ഞങ്ങൾ പുസ്തകമാകാൻ പോകുന്നു വെന്ന്…
അക്ഷരങ്ങൾ പരസ്പരം
പറഞ്ഞ് സന്തോഷിച്ചു.
അവരുടെ ചിരിയുടെ മുഴക്കത്തിൽ
എന്റെ ബേഗ് വിറ വിറച്ചു.
നിരാശ സമ്മാനിച്ച്
ആ കൂടിക്കാഴ്ച അവസാനിച്ചു.
വിഷമത്തോടെ ആ മുറിയിൽ നിന്നും
തല താഴ്ത്തിക്കൊണ്ട്
ഞാനിറങ്ങി വന്നു.
ബേഗിലിരുന്ന കവിതകൾ
എല്ലാം കേൾക്കുന്നുണ്ടായിരുന്നു.
വായനയ്ക്ക് സാധ്യതയില്ലാത്ത
പാഴ് ജന്മങ്ങളാണവരെന്ന –
പരാമർശമവരെ ദുർബലരാക്കി.
പൊടുന്നനെ വീശിയ,
വികൃതമായ ആ കാറ്റിൽ,
ആ കടലാസുകൾ പാറിയകന്നു.
സ്വതന്ത്രമായ വഴിയേ സാധ്യമായ
മുഴുവൻ അവിഘ്നവും ആസ്വദിച്ച്
അവരെന്നോട് നന്ദി പറഞ്ഞു.
ശൂന്യമായ തുണി സഞ്ചിയുടെ
ഇരു കൈകളും മുറുകിപ്പിടിച്ച്
കവിതയുടെ വ്യഥകളറിയാനായി
ഞാൻ നെഞ്ചോട് ചേർത്തി
കാത്തിരുക്കുമ്പോൾ…..
അവരെന്റെ ഹൃദയ കവാടം തുറന്ന്
അകത്തേക്ക് കയറിയിരുന്നു.
ഉറ്റ ചങ്ങാതിമാർക്കൊരിക്കലും
വേർപിരിയാൻ കഴിയില്ലല്ലോ…..!
(അബു വാഫി, പാലത്തുങ്കര)