വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ്(91) അന്തരിച്ചു. ലോക സിനിമയെ ആഴത്തില്‍ സ്വാധീനിച്ച ഫ്രഞ്ച് നവതരംഗ സിനിമയുടെ പതാകാ വാഹകരില്‍ ഒരാളായിരുന്നു. 1960 ല്‍ പുറത്തിറങ്ങിയ ബ്രെത്ത്‍ലെസ് മുതല്‍ 2018ല്‍ പുറത്തിറങ്ങിയ ദി ഇമേജ് ബുക്ക് വരെയുള്ള അദ്ദേഹത്തിന്‍റെ ഫിലിമോഗ്രഫി ഒരു ചലച്ചിത്ര വിദ്യാര്‍ഥിക്ക് ഒഴിവാക്കാനാവാത്തതാണ്.
കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എഫ്കെയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഗൊദാര്‍ദിന് ആയിരുന്നു. നേരിട്ടെത്തിയില്ലെങ്കിലും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം ഡെലിഗേറ്റുകളോട് സംവദിച്ചിരുന്നു.
തിരക്കഥാ രചനയിലൂടെ സിനിമയിലേക്ക് കടന്നു വന്ന ഗൊദാർദിന്‍റെ ചിത്രങ്ങളെല്ലാം പരീക്ഷണസ്വഭാവമുള്ളവയായിരുന്നു. ആദ്യ ചിത്രമായ ബ്രെത്ത്‌ലെസ്, കംണ്ടെപ്ട് എന്നിവ വിഖ്യാത സിനിമകളാണ്. എ വുമണ്‍ ഈസ് എ വുമണ്‍ (1969) ആണ് ആദ്യ കളര്‍ ചിത്രം.
അറുപതുകളുടെ മധ്യത്തോടെ ഗൊദാര്‍ദ് ഇടതുപക്ഷ രാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്ക് മാറി. ടൂ ഓര്‍ ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെര്‍ (1966) ഈ ഘട്ടത്തിലെ മുഖ്യ സൃഷ്ടിയാണ്. 1930 ഡിസംബർ മൂന്നിന് പാരിസിലെ ഫ്രഞ്ച്-സ്വിസ് ദമ്പതികളുടെ മകനായാണ് ജനനം. സമഗ്ര സംഭാവനക്കുള്ള ഓസ്കാർ പുരസ്കാരം നേടിയിട്ടുണ്ട്.