അവൾക്ക് ആയിരം കണ്ണുകൾ !
അടി തൊട്ട് മുടി വരെ
മുന്നിലും പിന്നിലും
എവിടെയും എപ്പോഴും
കവചം പോലെ
ആയിരം അദൃശ്യ കണ്ണുകൾ!
തെരുവിൽ
തിരക്കിൽ
ഇരുട്ടിൽ
തനിച്ചായപ്പോഴൊക്കെയും
ഉടലാകെ അവ മുളച്ചു പൊന്തി
ഇമയനങ്ങാതെ കാവൽ നിന്നു
കൂർത്ത മൂർത്ത കുന്തങ്ങൾ കൊണ്ടൊരു പരിച തീർത്ത്
അവളെ പൊതിഞ്ഞ് നിന്നു
അറച്ച വാക്കുകളും
തുറിച്ച നോട്ടങ്ങളും
അതിൽ തട്ടി തെറിച്ചു വീണു
നീണ്ട കൈകളിൽ ചോര പൊടിഞ്ഞു….
ചുറ്റും കണ്ണുണ്ടാകണമെന്ന് ആരാണ് അവൾക്ക് പറഞ്ഞു കൊടുത്തത്?
നടക്കുമ്പോഴും
ഇരിക്കുമ്പോഴും
കിടക്കുമ്പോഴും
ബോധത്തിലും
അബോധത്തിലും
അവളെ വലയം ചെയ്ത്
ജാഗ്രതയോടെ പാറാവ് നിന്നു
ഉടലിന്റെ പടയാളികൾ!
വസന്തത്തിലും വരൾച്ചയിലും
അവ ഒരുപോലെ ഉണർന്നിരുന്നു
ജീവിത തീയിൽ അസ്ഥികൾ തെളിഞ്ഞ്
ആത്മാവ് വെളിപ്പെട്ടപ്പോഴും
ഉടലിലെ ഓരോ ചുളിവിലും ഓരോ കണ്ണ് ഒളിച്ചിരുന്നു
ചത്താൽ ചീയുന്ന ദേഹത്തിനെന്തിന് ഇത്ര നോട്ടം എന്ന്
ഉള്ളിലൊരുവൾ
അവളോട് ചോദിക്കും വരെ!
ഉത്തരം മുട്ടിയപ്പോൾ
ഉടലിലെ കണ്ണുകൾ ഓരോന്നായി തുരന്നെടുത്ത്
കൃഷ്ണമണികൾ കൊരുത്തൊരു മാല തീർത്ത്
പറമ്പ് കിളച്ചപ്പോൾ കിട്ടിയ കൽപ്രതിമക്കു ചാർത്തി!
പിന്നെ, മണമുള്ള പൂക്കൾ കൊണ്ടൊരു ഉടുപ്പ് തുന്നി,
പല നിറത്തിലുള്ള തൂവലുകൾ ചേർത്തൊരു ചിറകും!
സ്വർണ വെളിച്ചം പരന്നൊരു പകലിൽ
ചിന്തകളെ കാറ്റിൽ പറത്തി അവൾ
സ്വപ്നങ്ങളിലേക്ക് കുതിച്ചു…!