അയാൾ ചീട്ടു കാണിച്ച് കൺസൾട്ടിങ് റൂമിലേക്ക് കയറിച്ചെന്നു.
സമയം കളയാതെ ഡോക്ടർ വിശദാംശങ്ങളിലേക്ക് കടന്നു.
നിങ്ങൾക്ക് ശ്വാസമെടുക്കാൻ കഴിയുന്നുണ്ടോ…?
ഉണ്ട് ഡോക്ടർ.
പിന്നെയെന്താണ് പ്രശ്നം…?
വായു വിലയില്ലാതെ ചുറ്റുമുണ്ട്. പക്ഷെ വിഷം പുരണ്ടിരിക്കുന്നു ഡോക്ടർ. ഇടയ്ക്ക് വിശ്വാസം മുട്ടുന്നു.
നിങ്ങളുടെ ശ്വാസകോശം സ്പോഞ്ച് ആണോയെന്ന് ഞാൻ തീരുമാനിക്കും. വാ തുറക്കൂ, ആ ആ എന്നു പറയൂ…
ആ, ആവൂ വയ്യാ ഡോക്ടർ, ശബ്ദത്തിന് അർത്ഥമില്ലാതാവുന്നു.
പറഞ്ഞുതള്ളിയ ശബ്ദത്തിന്‍റെ അർത്ഥം തീരുമാനിക്കേണ്ടത് കേൾവിക്കാരനാണ്. ഉച്ചത്തിൽ പറയൂ, ആ…
ഓ, ഉം.
കാതുകൾ കാണട്ടെ. മുഖം തിരിക്കൂ. ഇതെന്താ, കാതിൽ പഞ്ഞിപോലെയെന്തോ നിറച്ചിരിക്കുന്നത്…?
എന്റെ ശബ്ദം കേൾക്കാതിരിക്കുവാൻ ഡോക്ടർ, ഈയം കിട്ടിയില്ല, അല്ലെങ്കിൽ ഉരുക്കി ഒഴിച്ചേനെ.
നിങ്ങളുടെ കാതിനു നീളം കൂടുതലാണ്. കുറയ്ക്കേണ്ടി വരും. കണ്ണുകൾ തുറന്നുപിടിക്കൂ, രക്തം ഉണ്ടോന്നു നോക്കട്ടെ…
എന്തു കാണണം എന്നറിയാതെ കണ്ണടച്ചിരിക്കുകയാണ് ഞാൻ. തുറക്കാൻ കഴിയുന്നില്ല ഡോക്ടർ.
നോക്കൂ, നിങ്ങളുടെ കണ്ണിലെ മഞ്ഞപ്പ് എന്നിലേക്ക് പടരുന്നതിനു മുൻപേ കണ്ണടക്കൂ. തുറക്കരുത് ഒരിക്കലും…
ഡോക്ടർ ബെല്ലടിച്ചപ്പോൾ കണ്ണടയിട്ട നേഴ്സ് ഓടി വന്നു. ഇയാളെ കൊണ്ടുപോകൂ.
രോഗി അനുസരണയോടെ നടന്നു, മോർച്ചറിയിലേക്ക്.