കലാ സാംസ്കാരിക മുന്നേറ്റത്തിനായി വജ്ര ജൂബിലി ഫെല്ലോഷിപ്പ് സൗജന്യ കലാപരിശീലന പരിപാടി

 

നാടിന്റെ സാംസ്കാരിക ഉന്നതി നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, കുട്ടികളിലും യുവതീ യുവാക്കളിലും ഒപ്പം മുതിർന്നവരിലും പ്രായഭേദമന്യേ കലാഭിമുഖ്യം വളർത്തുക, കലാ വിഷയങ്ങളിൽ യോഗ്യത നേടുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ കേരളത്തിലെ കലാ സാംസ്കാരിക മുന്നേറ്റം ശക്തിപ്പെടുത്താൻ സംസ്ഥാന സാംസ്കാരിക വകുപ്പ് ആരംഭിച്ചിരിക്കുന്ന നൂതന പദ്ധതിയാണ് വജ്രജൂബിലി ഫെല്ലോഷിപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോർക്കുന്ന പദ്ധതിയുടെ പറവൂർ ബ്ലോക്ക് ക്ലസ്റ്റർ തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. ഇതോടെ ബ്ലോക്കിന് കീഴിലുള്ള കോട്ടുവള്ളി, ഏഴിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേക്കര എന്നീ പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ സൗജന്യ പരിശീലന പരിപാടികൾ ആരംഭിക്കും.

കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയ കലാകാരന്മാരാണ് പരിശീലകരായി എത്തുന്നത്. ജില്ലയിൽ 23 കലാരൂപങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. 150ഓളം കലാകാരന്മാർ അധ്യാപകരായി എത്തും. പറവൂർ ബ്ലോക്കിൽ ക്ലസ്റ്റർ ഫെല്ലോഷിപ്പ് ആർട്ടിസ്റ്റ് കൺവീനർ അൻവിൻ കെടാമംഗലം (സംഗീതം (വായ്പ്പാട്ട്)), ജ്യോതിഷ് ടി.പി (ചിത്രകല), വിഷ്ണു മഹീധർ (പരസ്യകല), വിനീത് എ.വി (ചവിട്ടുനാടകം), അഭിരാജ്‌ എ.ആർ (ചവിട്ടുനാടകം) എന്നിവരാണ് അധ്യാപകർ. ഓരോ പഞ്ചായത്തുകൾക്കും ഓരോ പരിശീലന കേന്ദ്രങ്ങൾ ഉണ്ടാകും. കൈതാരം വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ (കോട്ടുവള്ളി പഞ്ചായത്ത്), കെടാമംഗലം ഗവ. എൽ.പി സ്കൂൾ (ഏഴിക്കര), പുതിയകാവ് ഗവ. എച്ച്.എസ് സ്കൂൾ (ചിറ്റാറ്റുകര), പാലിയം ഗവ. എച്ച്.എസ് സ്കൂൾ (ചേന്ദമംഗലം), മൂത്തകുന്നം എസ്.എൻ.എം.എച്ച്.എസ്.എസ് (വടക്കേക്കര) എന്നിവയാണ് പറവൂർ ബ്ലോക്കിലെ പരിശീലന കേന്ദ്രങ്ങൾ.

പാട്ടുമാടം ഗായക സംഘത്തിന്റെ സ്വാഗത ഗാനാലാപനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. പ്രശസ്ത ചവിട്ടുനാടക ആശാൻ എ.എൻ അനിരുദ്ധൻ മുഖ്യപ്രഭാഷണം നടത്തി. അന്യംനിന്ന് പോയിരുന്ന ചവിട്ടുനാടകം എന്ന കലയ്ക്ക് സർക്കാർ നൽകുന്ന പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. പരസ്യകല പരിശീലികൻ വിഷ്ണു മഹീധർ വേദിയിലിരുന്ന് വരച്ച വിശിഷ്ട അതിഥികളുടെ ചിത്രങ്ങൾ അവർക്ക് നൽകി. അഞ്ച് പഞ്ചായത്തുകളിൽ നിന്നും ലഭിച്ച പഠിതാക്കളുടെ അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പരിശീലന പരിപാടിയുടെ ജില്ലാ കോഡിനേറ്റർ ഡോ. കവിത കെ.എസിന് നൽകി. ഉദ്ഘാടനത്തിന് ശേഷം വിവിധ കലാകാരൻമാർ അവതരിപ്പിച്ച ഗാനാലാപനം, ചവിട്ടുനാടകം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.

കേരളത്തിന്റെ കലാ സാംസ്കാരിക പാരമ്പര്യത്തെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്റർനെറ്റ് യുഗത്തിൽ ജീവിക്കുന്ന കുട്ടികൾക്ക് നല്ല കല ആസ്വദിക്കാൻ പഠിപ്പിക്കുവാനുള്ള സർക്കാരിന്റെ ഇടപെടൽ കൂടിയാണ് ആയിരം യുവ കലാകാരന്മാർക്കുള്ള ഈ പദ്ധതി. രണ്ട് വർഷമാണ് പദ്ധതിയുടെ ദൈർഘ്യം. പദ്ധതിക്ക് കീഴിൽ ആദ്യപാദത്തിൽ തെരഞ്ഞെടുക്കപ്പെട്ട 394 കലാകാരന്മാർക്ക് വിദഗ്ധ പരിശീലനം നൽകി. സംസ്ഥാനത്തെ മുനിസിപ്പൽ കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച 75 ക്ലസ്റ്ററുകളിൽ ഈ കലാകാരന്മാരെ വിന്യസിച്ചിരിക്കുകയാണ്. ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെയുള്ള സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള കമ്മ്യൂണിറ്റി കേന്ദ്രങ്ങൾ, സാംസ്കാരിക ഭവനുകൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലും സൗകര്യപ്രദങ്ങളായ ഗ്രന്ഥശാലകൾ, യുവജന കലാസമിതികൾ എന്നിവിടങ്ങളിലേക്കും ഈ കലാകാരന്മാരെ നിയോഗിക്കുകയും അവർ കുട്ടികൾക്കും യുവാക്കൾക്കും കലാ പരിശീലനം നൽകുന്നതുമാണ്. വിദ്യാലയങ്ങളും കമ്മ്യൂണിറ്റി കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന പരിശീലനത്തിൽ ഏകോപനം ജില്ലാ പഞ്ചായത്താണ് നടത്തുന്നത്. സർവ്വശിക്ഷാ അഭിയാൻ പദ്ധതിക്ക് കീഴിൽ കലാ പരിശീലനത്തിനായി നീക്കിവച്ചിട്ടുള്ള അധ്യയന സമയമാണ് നിലവിൽ ഫെല്ലോഷിപ്പ് കലാകാരന്മാർ പരിശീലനത്തിനായി ഉപയോഗിക്കുന്നത്. രണ്ടര മണിക്കൂർ സമയമാണ് ക്ലാസ്. ഓരോ പരിശീലന കേന്ദ്രത്തിലെയും പ്രവർത്തനങ്ങൾ നിരന്തരം വിലയിരുത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് / വാർഡ് മെമ്പർ അധ്യക്ഷനായ പ്രത്യേക സമിതികൾ രൂപീകരിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന പരിശീലന കേന്ദ്രത്തിന് ഒരു ക്രമനമ്പർ നൽകുകയും പെട്ടെന്ന് തിരിച്ചറിയുന്ന വിധത്തിൽ ലോഗോ സഹിതമുള്ള സൈൻബോർഡ് സ്ഥാപിക്കുകയും ചെയ്യും. നിശ്ചിത ഇടവേളകളിൽ ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ ഫെല്ലോഷിപ്പ് കലാകാരന്മാരും പഠിതാക്കളും നടത്തുന്ന കലാവതരണം പദ്ധതിയുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. പരിശീലനം പൂർത്തിയാക്കുന്ന പഠിതാക്കളുടെ അരങ്ങേറ്റം സംഘടിപ്പിക്കുകയും തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണയും ഉറപ്പാക്കും. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ കലാ സാംസ്കാരിക മേളകളിൽ പങ്കെടുത്ത് കലാപ്രവർത്തനങ്ങൾ നടത്തുന്നതിന് പദ്ധതിയിലുൾപ്പെട്ട കലാകാരന്മാർക്ക് പ്രത്യേക പരിഗണനയും നൽകും.

കലാ പരിശീലനത്തിനും അവതരണത്തിനും അത്യാവശ്യമായ വാദ്യോപകരണങ്ങൾ, ചമയങ്ങൾ, മറ്റ് ആടയലങ്കാരങ്ങൾ എന്നിവ ക്ലസ്റ്റർ അടിസ്ഥാനത്തിൽ വിതരണം ചെയ്യും. കേരള സംഗീത നാടക അക്കാദമി മുഖേന ശേഖരിക്കുന്ന സംഗീതോപകരണങ്ങളും മറ്റ് സാമഗ്രികളും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് സാംസ്കാരിക വകുപ്പ് കൈമാറും.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എ ചന്ദ്രിക, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എ രശ്മി, ടി.ഡി സുധീർ, ടൈറ്റസ് ഗോതുരുത്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി ശ്രീദേവി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി ശ്രീകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English