വി.രവികുമാറിന്റെ പരിഭാഷ-ഫ്രാൻസ് വെർഫെലിന്റെ മൂന്നു കവിതകൾ

ജന്തുവിന്റെ നോട്ടം
————————–

കൂറ്റനായ നായയുടെ മൃദുരോമക്കെട്ടു നീ തലോടുന്നു,
അതിന്റെ കണ്ണുകളിലേക്കാഴത്തിൽ നോക്കി നീ പറയുന്നു,
നമ്മിൽത്തന്നെ തറഞ്ഞുനില്ക്കുന്ന ആ കണ്ണുകളിൽ
ഒരു വിപുലശോകം നിറയുന്നതു നീ വിളിച്ചുകാട്ടുന്നു.

മാലാഖമാർ മനുഷ്യരുടെ കണ്ണുകളിലേക്കു നോക്കുമ്പോഴും
– ഞാൻ പറഞ്ഞു- അവർ കാണുന്നതിതു തന്നെയാവും,
നൈരാശ്യത്തോടവർ പറയുന്നതുമിതു തന്നെയാവും,
താങ്ങരുതെന്നതിനാലവർ മുഖം തിരിക്കുന്നുമുണ്ടാവും. 

ചാപ്പ കുത്തിയവൻ 
—————————
മരണം നിങ്ങളെ ചാപ്പ കുത്തിക്കഴിഞ്ഞാൽ
ആർക്കും പിന്നെ നിങ്ങളെ ഇഷ്ടമില്ലാതാവുന്നു,
അവൻ നിങ്ങളെ കൊണ്ടുപോകും മുമ്പേ തന്നെ
നിങ്ങൾ മാറ്റിനിർത്തപ്പെട്ടവനായിക്കഴിഞ്ഞു. 

നിങ്ങൾ ചിരിച്ചുകളിച്ചു നടക്കുമായിരുന്നു,
നിങ്ങൾ നന്നായി പിയാനോ വായിക്കുമായിരുന്നു,
ഇന്നു പക്ഷേ, എന്തു കാരണത്താലെന്നറിയുന്നില്ല,
കൂട്ടുകാർ നിങ്ങളിൽ നിന്നകന്നുപോയിരിക്കുന്നു. 

എത്ര ഊർജ്ജസ്വലമാണു നിങ്ങളുടെ പ്രകൃതമെന്ന്
ഒരിക്കലവരേറെ- പ്പുകഴ്ത്തിയതായിരുന്നു;
ഇന്നവരുടെ നിശിതമായ ചൂണ്ടുവിരലുകൾ
നിങ്ങളെ ഏകാന്തത്തടവിലേക്കയക്കുന്നു. 

നിങ്ങളുടെ കവിളുകൾ കുഴിഞ്ഞുകഴിഞ്ഞു,
നിങ്ങളുടെ കണ്ണുകൾ വീങ്ങിയിരിക്കുന്നു,
അവരിലൊരാളിങ്ങനെ ചോദിച്ചുവെന്നു വരാം:
‘ഇയാൾക്കിതെന്തു പറ്റി?’ 

അവസാനത്തെ രാത്രിക്കായൊരുങ്ങി
നിങ്ങൾ ചെന്നു കിടക്കും മുമ്പേ
ഭ്രഷ്ടിന്റെ ഉണക്കറൊട്ടി
നിങ്ങൾക്കു രുചിക്കേണ്ടിവരും. 

ശൂന്യമായിക്കഴിഞ്ഞ സുഹൃദ് വലയത്തിനുള്ളിൽ നിന്നും
അപ്രത്യക്ഷനാവാൻ നിങ്ങൾക്കനുമതി കിട്ടും മുമ്പേ
ഗോളാന്തരാളങ്ങളുടെ മഞ്ഞുവെള്ളം
നിങ്ങൾക്കേറെക്കുടിക്കേണ്ടിവരും. 

എന്റെ ബാല്യത്തിലെ പ്രിയസ്നേഹിതൻ 
—————————
നിന്റെ മരണത്തിന്റെ ഗ്രാമീണഭവനത്തിൽ നിന്നും
എന്നെക്കാണാനിത്രയും വഴി താണ്ടി നീയെത്തുമ്പോൾ,
നിനക്കു വൃദ്ധനായിക്കഴിഞ്ഞ ഒരാളോടുള്ള ബഹുമാനത്താൽ
നീ തലയിൽ നിന്നു തൊപ്പിയെടുക്കുമെന്നെനിക്കറിയാം.

ഈ മാന്യദേഹം നിനക്കത്ര പരിചിതനായിരിക്കില്ല;
അയാളുടെ മുഖമത്രമേൽ മാറിപ്പോയിരിക്കുന്നു.
എനിക്കു പക്ഷേ ആ പൂർവവിശുദ്ധിയോടെ നീയെരിയും,
മരണം കെടാതെ കാത്തൊരു ബാല്യകാലവെളിച്ചം.

എന്റെ സാന്നിദ്ധ്യത്തിലല്പനേരം കൂടി നില്ക്കാൻ
നീ കരുണ കാണിച്ചുവെന്നു വന്നാൽ,
ഞാനപ്പോഴെന്റെ കണ്ണുകളടച്ചുവെന്നു വരാം,
ഞാനപ്പോഴെന്റെ മുട്ടുകാലിൽ വീണുവെന്നു വരാം.

ഫ്രാൻസ് വെർഫെൽ Franz Werfel(1890-1945)- കാഫ്കയുടെ സമകാലീനനായ ജർമ്മൻ എക്സ്പ്രഷനിസ്റ്റ് കവിയും നോവലിസ്റ്റും നാടകകൃത്തും. ചെക്ക് റിപ്പബ്ളിക്കിന്റെ തലസ്ഥാനമായ പ്രാഗിൽ ജനിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്തെ സൈനികസേവനത്തിനു ശേഷം യുദ്ധവിരുദ്ധപ്രസ്ഥാനങ്ങളിൽ പങ്കാളിയായി. കഫേകളിൽ യുദ്ധവിരുദ്ധകവിതകൾ ആലപിച്ചുവെന്നതിന്റെ പേരിൽ അറസ്റ്റിലായി. യൂറിപ്പിഡീസിന്റെ ‘ട്രോജൻ സ്ത്രീകൾ’ ജർമ്മനിലേക്ക് ഭാഷാനുവാദം ചെയ്തുകൊണ്ട്1916ൽ നാടകരംഗത്തേക്കു തിരിഞ്ഞു. 1933ൽ എഴുതിയ The Forty Days of Musa Dagh എന്ന നോവൽ പ്രശസ്തമായി. 1938ൽ ഓസ്ട്രിയ നാസികളുടെ കൈയിലായപ്പോൾ ജൂതനായ വെർഫെൽ തെക്കൻ ഫ്രാൻസിലെ പഴയൊരു മില്ലിൽ താമസമാക്കി. 1940ൽ ഫ്രാൻസിന്റെ പതനത്തോടെ അദ്ദേഹം യു.എസ്സിലേക്കു പലായനം ചെയ്തു. ആ യാത്രക്കിടെ, ബേർണഡെറ്റ്  പുണ്യവാളന്‌ കന്യാമറിയത്തിന്റെ ദർശനം കിട്ടിയെന്നു വിശ്വസിക്കപ്പെടുന്ന ലൂർദ്ദ് പള്ളിയിൽ അദ്ദേഹം സാന്ത്വനം കണ്ടു. അമേരിക്കയിൽ എത്തുകയാണെങ്കിൽ ആ പുണ്യവാളനെക്കുറിച്ച് താനൊരു പുസ്തകമെഴുതുമെന്ന് അദ്ദേഹം നേർച്ചയും നേർന്നു. ആ നേർച്ചയുടെ ഫലമാണ്‌ 1941ൽ എഴുതിയ ബേർണഡെറ്റിന്റെ ഗാനം എന്ന നോവൽ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English