പുഴ കണ്ട് നിൽക്കുകയാണുറുമ്പ്;
ഞാനെത്ര പറഞ്ഞിട്ടും
മനസിലാകുന്നില്ല അത്
തിടമ്പേറ്റിയ ആനയുടെ
കണ്ണീരാണെന്ന്.
കടലിൽ തന്നെയാണിപ്പോഴും
മീനുകളെല്ലാം
അവരെന്നോ കണ്ട
കിനാവ് മാത്രമാണ്
കരയിലൂടെ പല വണ്ടികളിലേറി
പായും മറു ജീവിതം.
കിളികൾ കൂടണയുകയല്ല
ചിറകിനടിയിൽ കേറി
ആകാശമാണ്
അവരിൽ അണയുന്നത്.
ക്ഷണിക്കാതെ
മഴയകത്ത് കേറിയിരിക്കും
നാമതിനെ ചോർച്ചയെന്ന്
ഓമനപേരിട്ട് വിളിക്കും.