മറന്നു വെച്ച കിനാവ്

ഒരുക്കൂട്ടി വെച്ച തന്റെ ശമ്പളത്തിന്റെ കണക്കിൽ സ്വപ്നങ്ങൾ മനസ്സിൽ കണ്ട് അന്ന് ബസ് കയറി. മണൽ കുന്നുകൾക്ക് നടുവിലെ വളഞ്ഞിറങ്ങി വരുന്ന റോഡിലൂടെ വളരെ ദൂരെ നിന്നും വാഹനം വരുന്നത് വ്യക്തമായി കാണാം. ഒരിറക്കത്തിന് ഒരു കയറ്റമെന്ന കൃത്യമായ തോതിൽ തന്നെയാണ് ഈ പ്രദേശം. അബൂദാബി എമിറേറ്റിൽ “ലിവാ” എന്ന ചെറു പട്ടണത്തിനടുത്ത് “ഹമീമി”ലേക്കുള്ള വഴിമദ്ധ്യേ കിടക്കുന്ന “ജബാന” എന്ന പ്രദേശം. കാര്യം ഇതൊരു ജപ്പാനാണെങ്കിലും തൊട്ടടുത്ത് “കണ്ണൂർ” എന്ന സ്ഥലവും ഉണ്ടെന്നുള്ളതാണ്. (خنور) എന്നാണെങ്കിലും ഞമ്മക്ക് കണ്ണൂരെന്നെ. അറബിയോട് തുല്യമായ മലയാള അക്ഷരമില്ലാത്തതിനാൽ കണ്ണൂരെന്ന് പറയും.

രണ്ട് വർഷം കഴിഞ്ഞു പോയത് ഈ മരു പ്രദേശത്താണ്. അബുദാബിയിൽ ജോയിൻ ചെയ്ത് നേരേ കിട്ടിയ വിന്യാസമാണിവിടം. ഏറെ കൗതുകകരമായ ഒരു ഭൂവിതാനം തന്നെ. മരുഭൂമി അധികമൊന്നും താണ്ടേതില്ല, സൗദി അറേബ്യയിലെത്താൻ. ചൂട് സമയത്ത് പൊടിക്കാറ്റും തണുത്ത സമയത്ത് (ളുബാബ് Fog) മഞ്ഞും ഒഴിഞ്ഞ നേരമില്ല ഇവിടെ. മഞ്ഞുണ്ടാകുമ്പോൾ ചില ദിവസങ്ങളിൽ വളരെ ആകർഷകമായ രീതിയിലായിരിക്കും. അഥവാ ശരിക്കും നമ്മുടെ തലക്ക് മുകളിലൂടെ ഒരു കാർ മേഘപ്പന്തൽ വിരിച്ചത് പോലെ തോന്നും. ഇത്തിരി ശക്തമായതാണെങ്കിൽ നേരെ മുമ്പിലുള്ളത് പോലും മറച്ച് വെക്കുന്ന കൊടും മഞ്ഞ്. ഈ മഞ്ഞിലാണ് ഞാനെന്റെ സ്വപ്നത്തിന്റെ വിത്ത് നട്ടത്. അതിനടുത്തായി ഒരു മൺകലവും. അതിൽ ഞാനെന്റെ ശമ്പളം സ്വരുക്കൂട്ടി വെച്ചു. അഞ്ച് സെന്റ് ഭൂമിയെന്ന ലളിതമായ സ്വപ്നം.

സ്വപ്നം മുളപ്പിച്ചെടുക്കേണ്ടതിന്നായി ചില നിയന്ത്രണങ്ങൾ സ്വയം അനിവാര്യമായിരുന്നു. ആയതിനാൽ ലഭിക്കുന്ന ശമ്പളം നാട്ടിലേക്ക് ഞാൻ കൂടുതലായി അയക്കുമായിരുന്നില്ല. ഇവിടെ തന്നെ സുരക്ഷിതമായി കരുതി വെച്ചു. മാസാമാസങ്ങളിൽ വരുന്ന അവശ്യാവശ്യങ്ങൾക്കുള്ളത് മാത്രം അയച്ച് ബാക്കിയുള്ളവ നമ്മുടെ സ്വപ്നക്കുടുക്കയിൽ തന്നെ കിനാവുകളുടെ കാവൽക്കാരനായിരിക്കുന്നു.

തണുപ്പിന്റെ തലോടൽ കഴിഞ്ഞ് ചൂട് കാറ്റിന്റെ സീൽക്കാരങ്ങളടിക്കാൻ തുടങ്ങുന്ന സമയമാണിപ്പോൾ. മണിക്കൂറുകളുടെ ഇടവേളകളിലാണ് ബസ് ഉണ്ടാവുക. അതിനിടയിൽ പോവുന്ന മിക്ക ചെറു വാഹനങ്ങളും, ബസ് ഷെൽട്ടറിൽ ഒരാളെക്കണ്ടാൽ നിർത്തിച്ചോദിക്കും, ഭായി… കിതർ ജായേഗാ……

ചൂടിന്റെയും പൊടിയുടെയുമൊക്കെ സമയമാണെങ്കിലും ബസ്സിൽ നല്ല തണുപ്പാണ്. അത് ശീതീകരിച്ച് സുഖിപ്പിച്ചേ കൊണ്ടുപോവുകയുള്ളൂ. ഇല്ലെങ്കിൽ ബാക്കിയുണ്ടെങ്കിൽ അതിനകത്തിരുന്ന് കരിയേണ്ടി വരും. അര മണിക്കൂർ നേരം പിന്നിട്ട് ലിവ പട്ടണത്തിലെത്തി. ഇനി അബുദാബിയിലേക്ക് സഞ്ചരിക്കണം. അവിടെയാണ് കമ്പനിയുടെ ഓഫീസ്. അവിടെ ചെന്ന് പാസ്സ്പോർട്ട് വാങ്ങണം.

സമയത്തിന് തന്നെ കാര്യാലയത്തിലെത്തി, പാസ്സ്പോർട്ട് വാങ്ങി ഉടൻ പുറത്തേക്കിറങ്ങി. ഇനി ദുബായിലേക്കാണ്. അവിടെ നിന്നാണ് ആകാശ ശകടം കയറേണ്ടത്. നാളെ ഉച്ചകഴിഞ്ഞ്. അവിടെ ചെന്നിട്ട് വേണം ഗൾഫുകാരന്റെ “അതൃപ്പപ്പെട്ടി” കെട്ടാൻ. സാധനങ്ങളൊന്നും വാങ്ങിയിട്ടില്ല. ബന്ധുവും അനുജനുമായ സഹോദരൻ നജീബ് ഖിസൈസിലാണ്. അവൻറടുത്തേക്കാണ് യാത്ര.

ബർദുബായിലെത്തി. ഇവിടെ നിന്ന് ഒന്ന് രണ്ട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആദ്യമായി സ്വരുക്കൂട്ടി വെച്ചിരിക്കുന്ന ശമ്പളം മുഴുവനായി ബേങ്കിൽ നിന്ന് എടുക്കണം. കമ്പനി എക്കൗണ്ടിൽ (കുടുക്കയിൽ) തന്നെയാണവയുള്ളത്. രണ്ടാമതായി അത് നാട്ടിലേക്ക് അയക്കണം. പെട്ടിപ്പർച്ചേസിനുള്ള കാശ് കയ്യിൽ വെക്കണം.

ബസ്സിറങ്ങി നേരെ എടിയം ൽ ചെന്നു കാശെടുത്തു. മാസങ്ങളോളമായി അനക്കാതെ വെച്ച നിധി. അഞ്ച് സെന്റെന്ന സ്വപ്നത്തിന്റെ ആത്മാവ്. നാട്ടിൽ ചെന്ന് എവിടെയെങ്കിലും അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തണം. വീടെന്ന കിനാവിലൂടെ അൽപ നേരം ഒന്ന് ഊളിയിട്ടിറങ്ങി.

പണം നാട്ടിലേക്ക് അയക്കാനായി അടുത്ത് തന്നെ കണ്ട മണി എക്സ്ചേഞ്ചിലേക്ക് നടന്ന് ചെന്നു. അവയുടെ ചില്ല് വാതിലുകൾ അടഞ്ഞുകിടക്കുന്നു. കാരണം, ലഞ്ചിനുള്ള സമയമായി. ഇനി വൈകുന്നേരം നോക്കിയാൽ മതി. തലയിലെഴുത്തിന്റെ ആദ്യഘട്ടമായിരുന്നു ഈ അടച്ച വാതിൽ. നേരെ “ദേര”യിലേക്ക് വെച്ചു പിടിച്ചു. ശാഹുൽ ഹമീദ്കാന്റെ പർദ്ദ പാലസിലേക്ക്. പർദ്ദ വാങ്ങി മാത്രം പരിചയിച്ച ഒരു സഹോദരൻ. അത് കഴിഞ്ഞ് നേരെ നജീബിന്റടുത്തേക്ക് എത്താം. ഇതാണ് കണക്ക് കൂട്ടൽ.

നായിഫിലെത്തി. ഇനി നിസ്കരിച്ചിട്ടാകാം ബാക്കി കാര്യങ്ങൾ. ഇതിനിടയിൽ വയറും ചിലതൊക്കെ വിളിച്ച് പറയുന്നുണ്ട്. മലയാളികൾക്ക് സുപരിചിതവും പ്രശസ്തവുമായ ശർവാനി (സർഊനി) പള്ളിയിലെത്തി.

നാലോ അഞ്ചോ മണിക്കൂറുകൾക്ക് മുമ്പേ തുടങ്ങിയ യാത്രയാണ്. ഏകദേശം നാനൂറോളം കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ട്. ഇതിനിടയിലെ ചെറിയ ദൂരങ്ങളിലേക്കുള്ള നടത്തം. ആകെ വിയർത്ത് ക്ഷീണിച്ചിട്ടുണ്ട്. ഒരു പക്ഷേ ക്ഷീണം അവബോധത്തെ നിമിഷ നേരത്തേക്കെങ്കിലും മറയിട്ട് വെച്ചിട്ടുണ്ടാകാം. വിശപ്പിന്റെ വിളിയാളവും അക്ഷന്തവ്യമാണ്. നേരെ റിഫ്രെഷ് മെൻറിനായി ബാത്ത് റൂമിലേക്ക് പോയി. ഇരിക്കുന്ന നേരം കീശയിലുള്ള പേഴ്സ് പുറത്തേക്ക് തള്ളി നിന്നതിനാൽ, താഴെ വീഴാതിരിക്കാനായി അതെടുത്ത് ഫ്ലഷ് ടാങ്കിന് സമാനമായി നിൽക്കുന്ന തട്ടിൽ വെച്ചു. കാര്യങ്ങളെല്ലാം സാധിച്ച് ആശ്വാസമായി അംഗ സ്നാനത്തിനായി വന്നു. അംഗ സ്നാനം കഴിഞ്ഞ് പാന്റ്സിന്റെ കീശയിലൂടെ കൈകൾ ഒന്നു നടപ്പോൾ………………..

പേഴ്സ് ടോയ്ലറ്റിൽ നിന്നെടുത്തിട്ടില്ലെന്ന് അപ്പോഴാണ് മനസ്സിലാക്കുന്നത്. ഉടനെ ഓടിപ്പോയി. വളരെ തിരക്കേറിയ ഒരു പള്ളിയും സമയവുമാണത്. ഇതിനിടയിൽ എത്രയോ പേർ കയറിയിറങ്ങിയിട്ടുണ്ടാകും. ഉറക്കെ വിളിച്ച് ചോദിച്ചു. സഹോദരങ്ങളേ………. ഒരു പഴ്സ്…… മറന്ന് വെച്ചു…….. ആർക്കെങ്കിലും ലഭിച്ചുവോ….? എന്റെ പഴ്സ്……..

പല രാജ്യക്കാർ, വ്യത്യസ്ത തൊഴിൽ ചെയ്യുന്നവർ അവിടെക്കൂടിയിട്ടുണ്ട്. ധാരാളം മലയാളികളും. എല്ലാവരും എന്റെ ശബ്ദവും പെരുമാറ്റവും കണ്ട് ഒരു നിമിഷം ശ്രദ്ധിച്ചു. മലയാളികൾ കൂടെക്കൂടി. ഞാൻ പോയ ടോയ്ലറ്റിന് മുന്നിൽ കാത്തിരുന്നു. പ്രതീക്ഷയോടെ. അതിൽ ആളുണ്ട്. അൽപ നേരത്തിന് ശേഷം അതിലുള്ളയാൾ പുറത്തിറങ്ങി. “സഹോദരാ…. ഒരു പേഴ്സുണ്ടോ അകത്ത്?”. ഇല്ല. ഏ……….. ഉടനെ അകത്ത് കയറി നോക്കി. ഇല്ല. അയാൾക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി. അയാൾ സ്വയം ഒരു പരിശോധനക്ക് ആ ആൾക്കൂട്ടത്തിന് മുന്നിൽ വിധേയനായി. അയാളുടെ അഭിമാന പ്രശ്നവും കൂടിയാണല്ലോ?…ഇല്ല, അയാളിലില്ല. പക്ഷേ…… സമയം അൽപം വൈകിയിരുന്നു. രണ്ടോ മൂന്നോ പേർ കയറിയിറങ്ങേണ്ട സമയം കഴിഞ്ഞിരുന്നു. അപ്പോൾ അയാൾക്ക് മുമ്പിൽ………? എനിക്ക് ശേഷം……..? ഉപയോഗിച്ചവരിൽ ആരോ അതെടുത്തു. അയാളുടെ കയ്യിലുണ്ടാകും. ഒരു പക്ഷേ നിസ്കാരത്തിനായി അയാൾ പള്ളിയിലെത്തിക്കാണും. നിസ്കരിച്ച ശേഷം തരുമായിരിക്കും. ആശ്വാസ വാക്കുകൾ ചൊരിഞ്ഞ് അവിടെ കൂടിയ സഹോദരങ്ങൾ എന്നോടൊപ്പം പള്ളിയിലെത്തി. കൂട്ടം കണ്ട എല്ലാവരും കാര്യങ്ങൾ അറിഞ്ഞു. ഉടനെ പുറത്തേക്ക് പോകാവുന്ന എല്ലാ വാതിൽക്കലും ആളുകൾ നിന്ന് ചോദിച്ച് കൊണ്ടേ ഇരുന്നു. ഒരു പഴ്സ്…………. ഒരു പഴ്സ്…………..

എല്ലാവരും അവരവരാൽ കഴിയുന്ന അന്വേഷണങ്ങൾ നടത്തുന്നുണ്ട്. അന്യരാജ്യക്കാരും പങ്കാളികളാവുന്നുണ്ട്. ഒരു കൂട്ടം ആളുകൾ എനിക്ക് ചുറ്റും ആശ്വാസ വാക്കുകളുമായും നിൽപുണ്ട്. കലങ്ങിയ കണ്ണുകളുമായി എന്ത് ചെയ്യണമെന്നറിയാതെ, എന്ത് പറയണമെന്നറിയാതെ നിൽക്കുകയാണ് ഞാൻ. വൈകി വന്നവരൊക്കെ കാര്യം അറിഞ്ഞു. ഓരോരുത്തർക്കും സങ്കടമായി. ഇത്രയും പൈസ ഉണ്ടായിന്നോ? എന്തിനാണിത്രയും പൈസ കയ്യിൽ വെച്ച് നടക്കുന്നത്? ചോദ്യശരങ്ങൾ പലത്? നേരിടാൻ വയ്യ. സമയം വൈകുന്നേരമാവുന്നു. അത് വരെ എന്നോടൊപ്പം നിന്ന നല്ല മനസ്സുകൾ പറഞ്ഞു. ഇനി നമുക്കൊരു കാര്യം ചെയ്യാം. പോലീസ് സ്റ്റേഷനിലേക്ക് പോകാം. തൊട്ടപ്പുറത്താണ്. പരാതി നൽകാം. അതിൽ സമയം വൈകിപ്പിക്കേണ്ട. കാശിന് പുറമെ മറ്റുള്ള തിരിച്ചറിയൽ കാർഡുകളൊക്കെ ഉള്ളതല്ലേ… വേഗം വേണം. ബന്ധുക്കളായി ആരും എന്റെ കൂടെ ഇല്ല. ഉടനെ ഞാൻ അബ്ദുറഹ്മാനിക്കാനെ വിളിച്ചു. ശർവാനിപ്പള്ളിക്കടുത്തേക്ക് ഉടൻ എത്തണമെന്ന് മാത്രം പറഞ്ഞു. കാര്യങ്ങൾ വന്നിട്ട് പറയാം.

പല അനുഭവക്കാരും കൂട്ടത്തിലുണ്ട്. അതിനാൽ നേരെ എന്നെയും കൂട്ടി അബ്ദുള്ളക്കാന്റെ അടുത്തുള്ള ടൈപ്പിംഗ് സെന്ററിൽ ചെന്നു. അദ്ദേഹം മാറ്റർ തയാറാക്കാൻ പറ്റിയ ആളാണത്രെ. കാര്യങ്ങളറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം അയാൾക്കുണ്ടായി. അദ്ദേഹം പരാതി തയാറാക്കി തന്നു. അതോടൊപ്പം കമ്പനിയിൽ നിന്നും ഒരു ലറ്ററും വേണം. അതിന്റെ കാര്യങ്ങളും മറ്റും അയാൾ പറഞ്ഞു തന്നു. ഉടനെ അബുദാബിയിലേക്ക് വിളിച്ചു. ഓഫീസ് സ്റ്റാഫുകളെല്ലാം പോകാൻ തയാറെടുക്കുകയാണ്. എങ്ങിനെ ലറ്റർ കിട്ടും? പക്ഷെ, ശമീർക്ക…… അദ്ദേഹം എന്നെ കൈവിട്ടില്ല. സ്നേഹത്തോടെ ആദ്യം വഴക്ക് പറഞ്ഞു. ഉടൻ ഇ മെയിൽ ചെയ്യാമെന്ന് പറഞ്ഞു. ശേഷം ജി എമ്മി നെ വിളിച്ച് സീൽ ചെയ്ത് തരാൻ ഏർപ്പാടാക്കി. അരമണിക്കൂർ നേരത്തെ കാത്തിരിപ്പിന് ശേഷം കമ്പനിയിൽ നിന്നുള്ള ലറ്റർ മെയിൽ വഴി ലഭിച്ചു.

ആശ്വാസ വാക്കുകൾ കൊണ്ട് സമാധാനപ്പെടുത്താൻ ശ്രമിക്കുന്ന ഒരു കൂട്ടത്തിന് നടുവിലായി, മുഴുവനും യാന്ത്രികമായ ഒരു ചലനത്തിലാണ് ഞാൻ.
പേഴ്സിലുൾപ്പെട്ടിട്ടുള്ള തിരിച്ചറിയൽ കാർഡുകൾ, എല്ലാറ്റിലുമുപരി…. പൈസ….

കൃത്യമായി എനിക്ക് മാത്രമല്ലേ അറിയൂ. നായിഫ് പോലീസ് സ്റ്റേഷന്റെ പടികൾ കയറുമ്പോൾ…….. അപേക്ഷ സമർപ്പിക്കുമ്പോൾ……… ചോദ്യോവലികൾക്ക് മറുപടികൾ നൽകുമ്പോൾ……….. ഞാൻ കേൾക്കുന്നത് എന്റെ ഹൃദയമിടിപ്പ് മാത്രമായിരുന്നു. ഉയർന്ന് താഴുന്ന അനർത്ഥങ്ങളുടെ താളപ്പിഴയോടു കൂടിയ പെരുമ്പറ കൊട്ടൽ….

വഴിയിൽ ഒളിഞ്ഞു കിടന്ന വിധി എന്നെ വാരിപ്പുൽകി. അത് എവിടെയും തങ്ങി നിൽക്കില്ലെന്നാണല്ലോ ചൊല്ല്. ഒരൽപം നേരത്തേ ഞാൻ ആ മണി എക്സ്ചേഞ്ചിൽ എത്തിയിരുന്നെങ്കിൽ, അല്ല… അവൾ ഒരു പത്ത് മിനിറ്റ് താമസിച്ച് ക്ലോസ് ചെയ്തിരുന്നെങ്കിൽ………ആവി പറക്കുന്ന റൺവെയുടെ കാഴ്ചകൾ കണ്ട് ചില്ലുകൂടക്കരികെ വിമാനത്തിലിരിക്കുമ്പോൾ, മണി എക്സ്ചേഞ്ചിന്റെ അടച്ചിട്ട വാതിൽ മാത്രമാണ് കൺമുന്നിൽ. തലേ ദിവസത്തിന്റെ വിശപ്പും ദാഹവും ഉറക്കമില്ലായ്മയും ഒന്നും എന്നെ ബാധിച്ചില്ല. കാരണം ചിന്തകൾ, നഷ്ടപ്പെട്ട് പോയതിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു. തിരിച്ച് വരുമ്പോഴേക്കും എന്റെ തിരിച്ചറിയൽ രേഖകളെങ്കിലും ലഭിച്ചുവെന്ന ഒരു വാർത്ത കേൾക്കാൻ ഭാഗ്യം ലഭിക്കണേ……….. എന്ന പ്രാർത്ഥന മാത്രമായിരുന്നു. അഞ്ച് സെന്റെന്ന സ്വപ്നത്തിലേക്ക് സ്വരുക്കൂട്ടിയ രണ്ടു ലക്ഷത്തി തൊണ്ണൂറായിരം (2,90,000) രൂപ ക്ഷണ നേരത്തെ സ്മൃതി ഭ്രംശത്താൽ വിസ്മൃതിയിലായത് വിശ്വസിക്കാനാവാതെ, ഉൾക്കൊള്ളാനാവാതെ…… മരവിച്ച മനസ്സുമായി നിൽക്കുന്ന എന്നെയും വഹിച്ച്, ആകാശ നീലിമയിലേക്ക് ആ വിമാനം ഉയർന്നു പൊങ്ങി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here