മഴ നനഞ്ഞെത്തിയൊരീ പുലരി
മനസ്സിൽ മകരമഞ്ഞു വീണ-
പോലൊരു കുളിര്
മന്ദ മാരുതനിലലിഞ്ഞെത്തിയ മാസ്മര ഗന്ധം,
മരണമില്ലാതെയെൻ പ്രണയസ്വപ്നങ്ങളെയുണർത്തി…
മനദാരിൽ വിരിഞ്ഞത് മഴവില്ലോ
നിൻ മന്ദസ്മിതമോ…
എൻ മാറത്ത് വീണഴിഞ്ഞത്
മയിൽപ്പീലിയോ നിൻ കാർകൂന്തലോ….
മാന്ത്രിക വിരലുകളാൽ
തഴുകിയുണർത്തിയ പ്രിയതമേ-
നീയെൻ മമസഖീ…
മന്ദസ്മിതമോടെയെൻ
അരികിലെത്തിയ പ്രിയതേ
നീയെൻ പ്രിയമാനസി…..
മാരിവില്ലഴകുപോൽ നീയെൻ തന്ത്രികളെ
തൊട്ടുണർത്തിയ മാത്രയിൽ
ഞാനറിഞ്ഞു നീയെൻ ജീവാംശമെന്ന്…..
മിടിക്കുന്നു എൻ ഹൃദയം നിനക്കായി,
തുടിക്കുന്നു നിന്റെ പ്രണയത്തിനായി,
തേടുന്നു നിൻ മാസ്മരഗന്ധത്തിനായി
കൊതിക്കുന്നു നിൻ വിയർപ്പുതുള്ളികളിലലിഞ്ഞു ചേരുവാനായി….
ഞാനിന്നീ തണുപ്പിൽ വിറകൊള്ളവെ,
നിൻ ചൂടെനിക്കായി പകർന്നുതന്ന മാത്രയിൽ-
നീയും ഞാനും നാമിലേക്ക് ചുരുങ്ങുന്ന നിമിഷങ്ങളിനിയും ബാക്കി…..
നിൻ ശ്വാസതാളമെനിക്ക്-
താരാട്ട്പാട്ടാവുന്ന രാവുക-
ളിനിയും ബാക്കി….
എൻ മാറിൽപൊടിഞ്ഞ വിയർപ്പുകണങ്ങളെ
മെല്ലെ നീ മുഖമൊന്നുയർത്തി
ചുംബിച്ച മാത്രയിൽ ഞാനറിഞ്ഞു
നീയെൻ പ്രാണന്റെ ബാക്കിപത്രമെന്ന്,
നീയെൻ ജീവശ്വാസമെന്ന്…..