കറുപ്പാണ് ചുറ്റിലും കടും കറുപ്പ്
എല്ലാം മറക്കുന്നൊരന്ധകാരം
കയ്യിലെ ഛായകൂട്ടിനുള്ളിൽ
വെള്ള നിറം മാത്രം മാഞ്ഞുപോയി
എല്ലാ നിറങ്ങളും കൂട്ടി കലർത്തി ഞാൻ
കാൻവാസിലേക്ക് ഒന്ന് വീശിനോക്കി
ഇരുളും ചുവപ്പും കലർന്നൊരു
ചോര ചുവപ്പിന് കടുത്ത രേഖ…
കറുപ്പാണ് മുന്നിൽ കടും കറുപ്പ്
എല്ലാം മായ്ക്കും കടും കറുപ്പ്
നിശയിതു പെരുക്കുന്നു,
കാട്ടുതീ പോലെ
കൂടെ, നിറംകെടും ജീവിത സ്വപ്നവും
മനസ്സിലൊരിത്തിരി വെട്ടം നിറച്ചു നീ
ഇരുളിടമറനീക്കി ഉറ്റു നോക്കൂ…
പശി തിന്നു ശോഷിച്ച ബാല്യങ്ങൾ കാണാം
മുലപ്പാൽ വറ്റി, വരണ്ട മാതൃത്വവും
വഴി നീളെ ഇരുട്ടിൽ പതുങ്ങും വിഷ പാമ്പുകൾ
നിന്നെയും എന്നെയും ഭയപ്പെടുത്തുന്നു
കറുപ്പാണ് മുന്നിൽ കടും കറുപ്പ്
എല്ലാം മായ്ക്കും കടും കറുപ്പ്
ഇരുളിൻ കരാള ഹസ്‌തങ്ങളിലിന്നു
പുണ്യ ഗ്രന്ഥങ്ങളും ഇരുണ്ടുപോയീ…
വിശക്കുന്ന കുഞ്ഞിന്നു വേദാന്തമല്ല
വിശപ്പടക്കേണ്ടുന്ന വറ്റല്ലേ വേണ്ടു….
ഈ കൊടും അന്ധകാരനിശബ്ദതയിൽ
ഒരു സാന്ദ്വന ശബ്ദമായ് ഉയരണം
ഒരു മെഴുകുതിരി വെട്ടമായ് നിറയണം