രാധേ ,
രാത്രിവണ്ടി
എത്താറായിരിക്കുന്നു
നിന്റെ കാർമേഘങ്ങൾ പെയ്തൊഴിയാതെ
എന്റെ പ്രാണനെ പിന്തുടരുകയാണ്. ഒഴിഞ്ഞ വയലുകളിൽ നിന്റെ നിശ്വാസവും, ആളൊഴിഞ്ഞ പുഴമണലിൽ
നിന്റെ കാല്പാടുകളും
മരമായ് പിറക്കുന്നു .
ഇനിയും
മരിക്കാത്ത
പകലുകൾ
സദാ പൂത്തുലയുന്ന കാട്
രാധേ ,
നിള പോലെ വറ്റിപ്പോയ നമ്മുടെ ഇന്നലെകളിൽനിന്ന്
ഓർമ്മകളിലെ
പുഴയായെങ്കിലും നിറയുവാൻ,
നീയൊന്നു പെയ്യാത്തതെന്ത്?
നല്ല നാളേക്കായി
നാം ചമച്ച പേരുകൾ
ഇനി
നിന്റെ കുഞ്ഞിനായ് കുറിച്ചേക്കുക
കവിതയും
കന്മദവും തിരഞ്ഞു പോയ എന്റെ ചുമലുകളിലിന്ന്
ബലിഷ്ടമായ നുകങ്ങളുടെ
വേദനയാണ് .
കറുപ്പു തിന്ന പകലുകൾ,
ഒറ്റയായുസ്സിൻ തുടിപ്പുകളെ
ഈർച്ചവാളാൽ മുറിക്കുമ്പോൾ
കശേരുക്കളിൽ
പുഴയും,
പുഴയൊഴുകും
വഴിയുമുണ്ട്.
മടക്കയാത്രയുടെ
ഓർമകളിൽ
മഴയിൽ നനഞ്ഞു പറക്കുന്ന
ഒരു പക്ഷിയുടെ
വിതുമ്പലിലും
പ്രാർത്ഥനയിലുമെന്ന
പോലെ
നിന്റെ മുഖവും.
പെയ്ത്തു വെള്ളത്തിൽ
പുഴയിലാണ്ടു പോകുന്ന
ഒരാലിന്റെ
ചുവടു തേടി ഞാൻ
യാത്രയാകുന്നു
രാധേ,
രാത്രി വണ്ടിയെത്തും
മുമ്പ്
നീയൊന്ന്
പെയ്തിരുന്നെങ്കിൽ,
നമ്മുടെ പ്രണയത്തിൻ
നിള
ഇടമുറിയാതൊന്ന്
ഒഴുകിയിരുന്നെങ്കിൽ