“പൊട്ടാ.. കാപ്പിയെടുത്ത് കഴിച്ചിട്ട് പുല്ലരിഞ്ഞു വാ..”
“ഇവനിതെവിടെ പോയ്?”
തൊഴുത്തിനപ്പുറത്ത് തൈതെങ്ങില്‍ ചാരി ചിന്താമഗ്നനായി നിന്ന അവനെ ആത്തോലമ്മയുടെ ശബ്ദം ചിന്തയില്‍നിന്നുണര്‍ത്തി.
“ആഹാ.. നീയും സ്വപ്നം കാണാന്‍ തുടങ്ങിയോ ?”
“ഇല്ല. ദാ വന്നൂ ആത്തോലമ്മേ.”
“ഇരുള്‍ വീണു തുടങ്ങി വേഗം പുല്ലരിഞ്ഞുവാ…”
ആ ഗ്രാമവാസികള്‍ക്ക് അവന്‍ പൊട്ടനായിരുന്നു. മാടിനെപോലെ പണിയെടുക്കും. പള്ള നിറയെ ഭക്ഷണം കഴിക്കും. എന്നിരുന്നാലും ചെയ്യുന്ന ജോലിയുടെ കൂലി അവന്‍ കണക്കു പറഞ്ഞു മേടിക്കുകയും ചെയ്യും.
“ഇവന്‍ പൊട്ടെനെന്നാരാ പറഞ്ഞത്? കണ്ടില്ലേ പണമുണ്ടാക്കുന്നത്. ഇന്നാട്ടില്‍ ഇവനോളം പണമുള്ള ഏതു ചെറുപ്പക്കാരുണ്ട്?”
“പൊട്ടാ ഒരു ബ്ലൌസ് വാങ്ങാനുള്ള തുക താടാ.. കണ്ടില്ലേ എന്‍റെ ബ്ലൌസ് നിറം മങ്ങി അങ്ങിങ്ങ് പിഞ്ചി തുടങ്ങി.”
അടിച്ചുതളിക്കാരി ചിരുത കൊഞ്ചികൊണ്ട് അടുത്ത് കൂടി.
“എന്‍റെ പണം കാണ്ടോണ്ട് നീ കിണുങ്ങണ്ട പെണ്ണെ.. എനിക്ക് പെണ്ണുങ്ങളെ കണ്ടൂടാ.. ദൂരെ പോ …”
ചിരുത ദേഷ്യത്തോടെ മുഖം വെട്ടിച്ച് തിരിഞ്ഞു നടന്നു.
കാര്യം പാക്കരന്‍ പൊട്ടനായിരുന്നു. എന്നാല്‍ പണത്തിന്റെ കാര്യത്തില്‍ അവനെ പറ്റിയ്ക്കാന്‍ അന്നാട്ടില്‍ ആര്‍ക്കും തന്നെ സാധിച്ചിരുന്നില്ല. അവന്റെ പണപെട്ടിയ്ക്കുള്ളിലെ കണക്കുകള്‍ അവന്റെ അമ്മയ്ക്ക് പോലും അറിയുമായിരുന്നില്ല. പണം കൊടുത്തു അവന്‍ ഒരു സാധനം വാങ്ങുന്നത് അന്നാട്ടില്‍ ആരും തന്നെ അന്നേവരെ കണ്ടിട്ടുണ്ടായിരുന്നില്ല. അവന്റെ കാഴ്ചപ്പാടില്‍ പണം ഇട്ടുകൂട്ടിവയ്ക്കാനുള്ളത് മാത്രമാണ്. ചിലവഴിക്കാനുള്ളതല്ല.
ഇരു കടവായില്‍ കൂടിയും ഉമിനീരൊലിപ്പിച്ച്, മുഷിഞ്ഞു കീറിയ വള്ളിനിക്കര്‍ തെറുത്ത് കയറ്റി കുളിയും നനയും ഇല്ലാതെ നടക്കുന്ന അവനെ പണം അമൂല്യമായ എന്തോ ആണെന്ന് ആരാവും പഠിപ്പിച്ചത്? ഉറുമ്പ് അരിമണികള്‍ ശേഖരിക്കുന്നതുപോലെ അവന്‍ പണം ശേഖരിച്ചു വച്ചു. അതിന്റെ യഥാർഥ ഉപയോഗം അറിയാതെ തന്നെ.
എങ്ങും ഇരുള്‍ പരന്നു കഴിഞ്ഞിരുന്നു. പൊട്ടന്‍ ഒരു വല്ലം പുല്ലുമായി കുറിഞ്ഞി മലയുടെ ഓരത്ത് കൂടി ധൃതിയില്‍ മഠം ലക്ഷ്യമാക്കി നടക്കുകയായിരുന്നു.
“പൊട്ടാ സന്ധ്യമയങ്ങിയാല്‍ ഒറ്റയ്ക്ക് ഇതുവഴി യാത്ര അരുത്. അത് അപകടമാണ്.”
എതിരെ വന്നവര്‍ പറഞ്ഞത് ശ്രദ്ധിക്കാതെ അവന്‍ മുന്നോട്ട് നടന്നു.
അരിഞ്ഞ പുല്ലു പൈക്കള്‍ക്ക് ഇട്ടുകൊടുത്ത ശേഷം അന്നത്തെ കൂലി വാങ്ങാന്‍ ചെല്ലുമ്പോള്‍ ആത്തോലമ്മ അടുക്കള വാതിലില്‍ അവനെ പ്രതീക്ഷിച്ച് നില്‍പ്പുണ്ടായിരുന്നു.
“ആത്തോലമ്മേ.. കുറിഞ്ഞിമലയുടെ താഴ് വാരാത്ത് എന്താ അപകടം?”
“അതറിയില്ലേ നിനക്ക്? സന്ധ്യമയങ്ങിയാല്‍ മാണിക്യവും പേറി നാഗത്താന്‍മാര്‍ ഇറങ്ങും. അതാ ഇരുള്‍ വീണാല്‍ മനുഷ്യര്‍ അതിലെ പോകാത്തത്.”
വീട്ടിലേക്കുള്ള മടക്കത്തില്‍ അവന്റെ ചിന്ത മുഴുവന്‍ ആ മാണിക്യത്തെ കുറിച്ചായിരുന്നു. കാലം കഴിയും തോറും നാഗത്താനും മാണിക്യവും പൊട്ടന്റെ മനസ്സില്‍ മറവിയാല്‍ മൂടപ്പെട്ടു കിടന്നു.
“എന്റെ അപ്പന്‍ പറഞ്ഞല്ലോ മാണിക്യം കിട്ടിയാല്‍ ഒരു ഇരുനില മാളിക പണിയുമെന്ന്.”
“മണിക്യത്തിനു അത്രയും പണം കിട്ടുമോ?”
“പിന്നില്ലാതെ. മാണിക്യം കൊടുത്താല്‍ കിട്ടുന്ന പണം കൂട്ടിയിട്ടാല്‍ എന്നോളം ഉയരം വരുമെന്നാ അപ്പന്‍ പറഞ്ഞത്.”
ആശാന്‍ കളരിയില്‍ അക്ഷരം പഠിക്കാന്‍ പോകുന്ന കുട്ടികളുടെ സംസാരം പൊട്ടനെ വീണ്ടും മാണിക്യത്തെ കുറിച്ച് ചിന്തിക്കാന്‍ വിവശനാക്കി.
ആ ദിവസം മുഴുവന്‍ അവന്‍ ചിന്താമഗ്നനായിരുന്നു. പശുവിനുപുല്ലരിയുമ്പോള്‍ ആദ്യമായി എന്ന പോലെ അവന്‍ കുറിഞ്ഞി മലയെ ഏറെ നേരം നോക്കി നിന്നു.
“ആ വൃക്ഷങ്ങള്‍ക്കിടയില്‍ എവിടേയോ ആ മാണിക്യം ഉണ്ടാകും.”
അന്ന് വെളുപ്പിന് കിഴക്ക് വെളിച്ചം വീശിതുടങ്ങിയപ്പോള്‍ തന്റെ ചെറ്റക്കുടിലിന്റെ മറ നീക്കി അവന്‍ പുറത്തിറങ്ങി.
“പൊട്ടാ.. എങ്ങോട്ടാ?” അവന്റെ അമ്മയുടെ പാതിമയക്കത്തിലുള്ള ചോദ്യം അവന്‍ കേട്ടിലെന്നു നടിച്ചു. മങ്ങിയ വെളിച്ചത്തിൽ, ഒരു നിഴൽ രൂപമായി, എന്തോ ലക്ഷ്യംവച്ച് അവൻ മുന്നോട്ട് നടന്ന് നീങ്ങി…
അതില്‍ പിന്നെ അവനെ അന്നാട്ടില്‍ ആരും കണ്ടതേ ഇല്ല..