ആലപ്പുഴ എസ്.ഡി.കോളേജിലെ ക്ളാസ് മുറിയിൽ സരസ മധുരമായി ക്ളാസെടുത്തു കൊണ്ടിരിക്കുന്ന തിരുവനന്തപുരം സ്വദേശിയായ ആ ഇംഗ്ളീഷ് അദ്ധ്യാപകന്റെ ശബ്ദം പതിഞ്ഞതെങ്കിലും ഇപ്പോഴും ഓർമ്മയിൽ മുഴങ്ങുന്നുണ്ട്. മുന്നിൽ അൽപ്പം കഷണ്ടി കയറിയതെങ്കിലും അതറിയാത്ത രീതിയിൽ ചീകിയൊതുക്കിയ മുടിയും വലിയ കണ്ണുകളുടെ അഴകും ആ മുഖം ഒരിക്കൽ കണ്ടാൽ എന്നും നമ്മുടെ ഓർമ്മയിൽ നിർത്തും.അക്ഷയകുമാർ സാറിന്റെ മുഖം എന്തോ ഒരു സവിശേഷത അടയാളപ്പെടുത്തിയിരുന്നു.ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാനാവാത്ത എന്തോ ഒരു ആകർഷകത്വം ആ സ്വഭാവത്തിലുമുണ്ടായിരുന്നു. ഒരു കാര്യം ഉറപ്പ്. ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ ക്ളാസിലിരുന്നിട്ടുള്ളവർ ആ ക്ളാസ് ഒരിക്കലും മറക്കില്ല.പലപ്പോഴും വിരസമാകാറുള്ള ഇംഗ്ളീഷ് ക്ളാസ്സുകളെ സരസമധുരമായ അവതരണം കൊണ്ട് അക്ഷയകുമാർ സാർ അവിസ്മരണീയമാക്കി. പാഠഭാഗം എടുക്കുന്നതിനിടയിൽ സന്ദർഭോചിതമായി അദ്ദേഹം നടത്തുന്ന കമന്റുകൾ ക്ളാസിൽ ചിരിയുയർത്തും.
ഒരിക്കൽ ഒരു ഇംഗ്ളീഷ് നോവൽ സാർ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.അതിലെ വില്ലൻ കഥാപാത്രത്തിന്റെ സ്വഭാവം വിവരിക്കുന്ന ഭാഗം വായിച്ചിട്ട് സാർ അർഥം പറയുന്നു. ‘’അയാൾ മീശ മുകളിലേക്ക് പിരിച്ചു കയറ്റി..’’ പിന്നെ സാറിന്റെ വക കമന്റ്’ ’’മീശയുള്ളത് കൊണ്ട് അയാൾ പിരിച്ചു കയറ്റി,ഇല്ലെങ്കിൽ എന്തു പിരിച്ചു കയറ്റിയേനെ..’’ ഇങ്ങനെ ഇങ്ങനെ എന്തിനും സാറിന്റെ വക രസകരമായ ഒരു കമന്റും വിശദീകരണവും പ്രതീക്ഷിക്കാം. അതു കൊണ്ടു തന്നെ സാർ പഠിപ്പിച്ച ഏതു ഭാഗവും പരിചയപ്പെടുത്തിയ ഏതു കഥാപാത്രവും വർഷങ്ങളെത്ര കഴിഞ്ഞാലും നമ്മുടെ ഓർമ്മയിലുണ്ടാവും. മലയാളം ഐച്ഛികക്കാരനായ ഞാൻ മലയാളം ക്ളാസ്സുകൾ കട്ടു ചെയതാൽ പോലും സാറിന്റെ ഇംഗ്ളീഷ് ക്ളാസ്സുകൾ കട്ടു ചെയ്യാറുണ്ടായിരുന്നില്ല.
വഴിയിൽ വെച്ചു കണ്ടാലും സംസാരിക്കത്തക്ക രീതിയിൽ ഞങ്ങളുടെ സൗഹൃദം വളർന്നു.സംസാരിക്കുമ്പോഴൊക്കെ ഒരു സംശയം മനസ്സിലുണ്ടായിരുന്നു,പ്രായം മുപ്പത്തിയഞ്ച് കഴിഞ്ഞെങ്കിലും ഇനിയും സാറെന്താ വിവാഹം കഴിക്കാത്തത്. എപ്പോഴെങ്കിലും സാറിനോട് തന്നെ ചോദിച്ച് സംശയം തീർക്കണമെന്നുണ്ടായിരുന്നു. അങ്ങനെ ഒരു അവധിക്കാലത്തിനു ശേഷം തിരിച്ചെത്തിയപ്പോഴാണ് നടുക്കുന്ന ആ വാർത്ത അറിഞ്ഞത്. അക്ഷയകുമാർ സാർ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അഡ്മിറ്റാണ്. വേദനയോടെയാണ് വിദ്യാർഥികൾ അവിശ്വസനീയമായ ആ വാർത്ത പങ്കു വെച്ചത്. അസുഖബാധിതനാണെന്ന് നേരത്തെ അറിയാമായിരുന്നതിനാൽ,മരണം എപ്പോഴും പ്രതീക്ഷിച്ചിരുന്നതിനാലാണ് സാർ വിവാഹം വേണ്ടെന്ന് വെച്ചത്. താൻ കാരണം ഒരു പെൺകുട്ടി വിധവയാകണ്ട എന്ന് തീരുമാനിച്ചു ആ നല്ല മനസ്സ്. മാരകമായ രോഗവിവരം ആരെയുമറിയിക്കാതെ ക്ളാസ്സിൽ പൊട്ടിച്ചിരി തീർത്ത അക്ഷയകുമാർ സാർ ചിരിച്ചു കൊണ്ട് വീണ്ടും ക്ളാസ്സിലേക്ക് തിരിച്ചു വരും എന്ന് തന്നെ അപ്പോഴും ഞാൻ പ്രതീക്ഷിച്ചു,പ്രാർഥിച്ചു.
ഞങ്ങൾ കുറച്ചു പേർ ആശുപത്രിയിലേക്ക് പോകാൻ തയ്യാറാകുമ്പോഴേക്ക് ആ ദു:ഖവാർത്തയുമെത്തി. ഞങ്ങളുടെ പ്രിയപ്പെട്ട അക്ഷയകുമാർ സാർ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ദുഖങ്ങളും വേദനകളും മറച്ചു വെച്ച് മരണം വാതിൽക്കൽ നിൽക്കുമ്പോഴും മറ്റുള്ളവരെ ചിരിപ്പിച്ച് നടന്ന സാറിന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറയുകയായിരുന്നു. ഇന്നും അക്ഷയമായ ഒരോർമ്മയായി നിറയുന്ന വേദനയായി അക്ഷയകുമാർ സാർ മനസ്സിൽ നിൽക്കുന്നു. ഓർമ്മയിൽ നിന്നിറങ്ങി വന്ന് സാറ് ചോദിക്കുന്നു,’’മീശയുണ്ടായിരുന്നതുകൊണ്ട് അയാൾ പിരിച്ചു,ഇല്ലെങ്കിൽ എന്തു ചെയ്തേനെ..’’ ആ ചിരിയുടെ പിന്നിൽ നിറഞ്ഞു നിന്ന വേദന ഇപ്പോൾ ഞാൻ അനുഭവിക്കുന്നു..
Click this button or press Ctrl+G to toggle between Malayalam and English