ഫ്‌ളോറിഡ: ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷന്‍ കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ നടത്താനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍, നാടക പ്രേമികള്‍ക്കും മറ്റു കലാസ്വാദകര്‍ക്കും വേണ്ടി വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഒരു നാടക മത്സരം “ഫോമ നാടകമേള 2020′ -ന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നു.
ഫോമ നാഷണല്‍ കമ്മിറ്റി മെമ്പറായ ഫ്‌ളോറിഡയിലെ പൗലോസ് കുയിലാടന്‍ നാടകമേള എന്ന ആശയം ഫോമ ഭാരവാഹികളുമായി പങ്കുവെച്ചപ്പോള്‍, ഈ ആശയത്തെ സ്വാഗതം ചെയ്ത് നാടകമേള മത്സരങ്ങള്‍ ഒരു വമ്പിച്ച പരിപാടിയാക്കാന്‍ ഫോമ ഭാരവാഹികള്‍ തീരുമാനിക്കുകയുണുണ്ടായത്. പൗലോസ് കുയിലാടന്‍ ഒരു മികച്ച നടനും, നാടക രചയിതാവും, സംവിധായകനുംകൂടിയാണ്. അദ്ദേഹമാണ് നാടക മേളയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍. ഫ്‌ളോറിഡയില്‍ നിന്നുള്ള നെവിന്‍ ജോസ് ആണു കണ്‍വീനര്‍. കൂടാതെ കമ്മിറ്റി മെമ്പേഴ്‌സ് ആയി ജോസഫ് ഔസോ (കാലിഫോര്‍ണിയ), സണ്ണി കല്ലൂപ്പാറ (ഇല്ലിനോയിസ്), ബിജു തൈച്ചിറ (കാനഡ), നോയല്‍ മാത്യു (ഫ്‌ളോറിഡ), മീര പുതിയേടത്ത് (ജോര്‍ജിയ), സെന്‍സ് കുര്യന്‍ (ടെക്‌സസ്), ജിജോ ചിറയില്‍ (ഫ്‌ളോറിഡ) എന്നിവരും ഒന്നിക്കുന്നു.
മനുഷ്യനും അദൃശ്യനായ കൊറോണയും എന്ന ആശയത്തെ ആസ്പദമാക്കി 10 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകങ്ങള്‍ എഡിറ്റിംഗ് കൂടാതെ ഒറ്റ സ്റ്റാറ്റിക് ഫോണില്‍ ആണ് ഷൂട്ട് ചെയ്ത് അയയ്‌ക്കേണ്ടത്. അവസാന തീയതി 2020 ഓഗസ്റ്റ് 31.
കേരളത്തിലെ മികച്ച നാടകാചാര്യന്മാരാണ് അവസാന വിധികര്‍ത്താക്കള്‍. അതിനു മുമ്പായി ഒരു പ്രീ ജഡ്ജിംഗ് പാനല്‍ രൂപീകരിച്ചിട്ടുണ്ട്. പ്രശസ്ത നടനും, നിര്‍മ്മാതാവും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനലില്‍ പ്രഗത്ഭരായ കൊച്ചിന്‍ ഷാജി, മിത്രസ് രാജന്‍, ചാക്കോച്ചന്‍ ജോസഫ് എന്നിവരുമുണ്ട്.
ആകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. മികച്ച നാടകത്തിനുള്ള ഒന്നാം സമ്മാനമായ 750 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് സിജില്‍ പാലയ്ക്കലോടി, രണ്ടാം സമ്മാനമായ 500 ഡോളര്‍ – അനിയന്‍ ജോര്‍ജ്, മൂന്നാം സമ്മാനം 300 ഡോളര്‍- തോമസ് ടി. തോമസ്. കൂടാതെ മികച്ച നടന്‍- 150 ഡോളര്‍- ടി. ഉണ്ണികൃഷ്ണന്‍, മികച്ച നടി- 150 ഡോളര്‍ വില്‍സണ്‍ ഉഴത്തില്‍, ബെസ്റ്റ് ഡയറക്ടര്‍ 150 ഡോളര്‍- ജിബി എം. തോമസ്, ബെസ്റ്റ് സ്ക്രിപ്റ്റ് 150 ഡോളര്‍- ജോസ് മണക്കാട്ട്, പ്ലാക്കുകള്‍, ട്രോഫികള്‍ – ബിജു ആന്റണി എന്നിവരും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നു.
ഫോമ നാടകമേള 2020-ന്റെ രജിസ്‌ട്രേഷനു മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്ന് കണ്‍വീനര്‍ നെവിന്‍ ജോസ് അറിയിച്ചു. കോവിഡ് 19-ന്റെ സാഹചര്യത്തില്‍ പൊതു പരിപാടികള്‍ നടത്താനുള്ള അവസരമില്ലാത്തതിനാല്‍ വിര്‍ച്വല്‍ ആയിട്ടാണ് മത്സരം ഒരുക്കിയിരിക്കുന്നതെന്ന് ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജെയിന്‍ മാത്യു എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പൗലോസ് കുയിലാടന്‍ (407 462 0713), നെവിന്‍ ജോസ് (352 346 0312).
ഫൈനല്‍ എന്‍ട്രികള്‍ അയയ്‌ക്കേണ്ട വിലാസം: nadakamela2020@gmail.com (in MP4 format)