മടക്കിവെച്ച പുസ്തകം

 

 

മടക്കിവെച്ചൊരാപുസ്തകം
നിവര്‍ത്തിയപ്പോഴെത്ര
ശലഭങ്ങളാണുയിർകൊണ്ടു
യരങ്ങളിലേയ്ക്കു
ചിറകടിച്ചത്…

മഷിയുണങ്ങിയപേനയാൽ
വീണ്ടുമെഴുതാൻ
തുടങ്ങിയപ്പോഴെത്ര
ചിത്രങ്ങളാണു ചിന്തയിൽ
വർണ്ണങ്ങളേകിത്തെളിഞ്ഞത്…

അടഞ്ഞ ജാലകം
കൊളുത്തു
നീക്കിത്തുറന്നമാത്രയിലെത്ര
വാക്കുകളാണു വെള്ളിവെളിച്ചമായ്
കിനിഞ്ഞിറങ്ങിയത്…

മഴച്ചാര്‍ത്തുകളിങ്ങാർത്തു
ചിരിച്ചപ്പോൾ
നമ്മൾ നടന്നുതീര്‍ത്ത
ദിനങ്ങളെല്ലാമിന്നെത്ര
വേഗമാണൊരുകുടക്കീഴിൽ
നനഞ്ഞൊട്ടിച്ചേർന്നുനിന്നത്...

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here