ഫൊക്കാനയിലെ തിരഞ്ഞെടുപ്പു പ്രഹസനം ലജ്ജാകരം (സുധാ കർത്താ)

കഴിഞ്ഞ ദിവസം ഫൊക്കാനയിലെ ഒരു വിഭാഗം സ്വയം ജേതാക്കളായി പ്രഖ്യാപനവുമായി വന്നത് തികച്ചും ലജ്ജാകരമാണ്. വിരലിലെണ്ണാവുന്ന പ്രവർത്തകരും അതിലും താഴെയുള്ള സംഘടനകളുടെയും പിന്തുണ അവകാശപ്പെട്ട് ഈ ഗ്രൂപ്പ് നടത്തിയ ‘പൊറാട്ടുനാടകം ‘ ജനാധിപത്യത്തിനും സാമൂഹ്യ ധാരണകൾക്കുമെല്ലാം വെല്ലുവിളിയാണ്; അട്ടിമറിയുമാണ്.
ട്രസ്റ്റി ബോർഡ് ചെയർമാനിൽ നിന്നും ഗ്രൂപ്പ് പ്രവർത്തനമുൾപ്പെടെയുള്ള പക്ഷപാതപരമായ പ്രവർത്തനങ്ങൾ പ്രകടമായി കണ്ടു തുടങ്ങിയപ്പോൾ ഇത്തരം ഒരു നാടകം ലക്ഷ്യമാക്കിയാണ് അദ്ദേഹവും കൂട്ടരും പ്രവർത്തിക്കുന്നതെന്ന് ഫൊക്കാന പ്രവർത്തകർക്ക് മനസ്സിലാകുന്നില്ല. തികച്ചും അനൗചിത്യവും അപക്വവുമായ ഈ നടപടി സ്വാർത്ഥതയും അധികാരാന്ധരതയുമാണെന്നു മാത്രമേ മനസ്സിലാക്കാനാവൂ.
ഇത്തരം ദുരുദ്ദേശവും ഗൂഢാലോചനയുമൊന്നുമറിയാതെ നിഷ്കളങ്കരായ ചില സംഘടനകൾ അംഗത്വം പുതുക്കാൻ ഇവർ അയച്ചിരുന്നു.പുതുക്കൽ നടപടി ജനറൽ സെക്രട്ടറിയാണ് നടത്തേണ്ടത്.ഇവർ സ്വയം ഫൊക്കാനയിൽ നിന്നും പുറത്തു പോയിരിക്കുകയാണ്.ഈ തിരഞ്ഞെടുപ്പ് പ്രഹസനവും വിജയീ പ്രഖ്യാപനവുമെല്ലാം ഭരണഘടനാപ്രകാരം നിയമവിരുദ്ധമാണ്, അച്ചടക്ക ലംഘനമാണ്.
ഈ നീക്കത്തിന് പ്രേരകമായ ഔചിത്യം സാധാരണ പ്രവർത്തകർക്ക് മനസ്സിലാക്കുന്നില്ല. ഫൊക്കാനയ്ക്ക് ഭരണ പ്രതിസന്ധിയില്ല, കോവിഡ് ദുരിതത്തിന്റെ അനിശ്ചിതത്വം മാത്രം. കൂട്ടം കൂടി തിരഞ്ഞെടുപ്പ് നടത്താനോ കൺവൻഷൻ നടത്താനോ സർക്കാർ അനുവദിക്കുന്നില്ല. കോവിഡ് കാലഘട്ടത്തിൽ രാജ്യം മുഴുവനും ആശങ്കയിലും അനിശ്ചിതത്വത്തിലുമാണ് ;പ്രവർത്തന മാന്ദ്യത്തിലാണ്. ട്രസ്റ്റി ബോർഡിന്റെ ഈ നടപടി ,കോവിഡ് സാഹചര്യത്തിൽ എന്തു മല മറിക്കാനാണാവോ ??
കൺവൻഷനും തിരഞ്ഞെടുപ്പും 2021 ജൂലൈയിൽ നടത്തുവാനുള്ള നാഷനൽ കമ്മിറ്റിയുടെ തീരുമാനം ശ്ളാഘനീയമാണ് ഔചിത്യപൂർവമാണ്.
കോവിഡ് മഹാമാരിക്കു മുമ്പ് നിരവധി കാരുണ്യ പ്രവർത്തനങ്ങളും പ്രവാസി ക്ഷേമ പ്രവർത്തനങ്ങളുമാണ് പ്രസിഡന്റ് മാധവൻ നായരുടെയും സെക്രട്ടറി ടോമി കോക്കാട്ടിന്റെയും നേതൃത്വത്തിൽ നടന്നു വരുന്നത്. അസൂയാർഹമായ രീതിയിൽ നടന്ന ഇവരുടെ പ്രവർത്തനം ഫൊക്കാനയുടെ യശസ്സും കീർത്തിയും വർദ്ധിപ്പിക്കുന്നതായിരുന്നു. ഇതായിരിക്കാം ട്രസ്റ്റി ബോർഡ് ചെയർമാനെ ചൊടിപ്പിച്ചത്. പിണിയാളുകളുടെ കൂടെ ചേർന്ന് സംഘടനാ നിയന്ത്രണം മൊത്തമായി കൈക്കലാക്കുവാൻ പുറംവാതിലിലൂടെ ശ്രമിച്ചത്. തികച്ചും ലജ്ജാകരം!
അംഗ സംഘടനകളെ വെട്ടിനിരത്തുക, പിന്തുണ നൽകാത്ത അംഗ സംഘടനകളെ പിളർത്തുക ,ചൊൽപ്പടിക്കു നിൽക്കില്ലെന്നറിഞ്ഞാൽ പുതിയ അംഗത്വ സംഘനകളെ തിരസ്കരിക്കുക, അംഗ സംഘടനകളെ അശക്തരാക്കുക, ബൈലോയിലെ ലിഖിത നിയമങ്ങളെ വെല്ലുവിളിക്കുകയും വളച്ചൊടിക്കുകയും തുടങ്ങി സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളാണ് ഈ ഗ്രൂപ്പ് വർഷങ്ങളായി പിന്തുടരുന്ന സംഘടനാ വിരുദ്ധ മനോഭാവം .തികച്ചും ലജ്ജാകരം!
തല മുതിർന്ന, ചരിത്രമറിയുന്ന ഫൊക്കാനയുടെ പല സ്ഥാപക നേതാക്കളും എഴുപതിന്റെ നിറവിലെത്തിയിരിക്കുകയാണ്. അവർക്ക് പുതിയൊരങ്കത്തിന് ബാല്യമുണ്ടോ എന്നത് സംശയകരമാണ്.
പുതിയ പ്രവർത്തകർ ആകർഷിക്കപ്പെടുമ്പോൾ ഫൊക്കാനയുടെ ചരിത്രവും സംസ്കാരവും പ്രസക്തിയും കൈമാറുവാൻ സാധിക്കുന്നില്ല. ഇന്നു ഗ്രൂപ്പുകളിക്കുന്ന, ഈ അഭിനവ ‘ചന്തു’മാർ സ്വയം ഫൊക്കാനയുടെ സ്ഥാപകരായി അവതരിക്കുകയാണ്, രക്ഷിതാവായി അഭിനയിക്കുകയാണ്ത, തലതൊട്ടപ്പൻമാരായി ചമയുകയാണ്. തരം താണ വിലപേശലുകൾക്കും സ്വാർത്ഥ മോഹങ്ങൾക്കുമായി ഫൊക്കാനയെ ഉപകരണമാക്കുകയാണവർ.

തികച്ചും ലജ്ജാകരം!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here