ഭൂമിയാകെ വേവുന്നൊരീവേളയിൽ
വിയർപ്പു ചാലുകീറുന്നൊരീ മാത്രയിൽ
ഓർക്കുന്നുവോ നീയെന്നെ
ഞാനന്ന് മണമുളള പൂക്കൾ കൊണ്ട്
നിന്റെ ലോകത്തെ സുഗന്ധപൂരിതമാക്കിയവൻ
പല നിറങ്ങളിൽ പൂത്തുലഞ്ഞു
നിന്റെ നയനങ്ങൾക്കു കുളിരേറെയേകിയവൻ
തേൻ കിനിയുന്ന പഴങ്ങളാൽ
നിന്റെ രസമുകുളങ്ങളെ കോരിത്തരിപ്പിച്ചവൻ
നിനക്കു തണലുകിട്ടുവാൻ
പച്ചക്കുട പിടിച്ചു തന്നവൻ
ആയെന്നെ നീ ഓർക്കുന്നുവോ
ഇന്നു ഞാനില്ല , എന്നെ
ഇല്ലാതാക്കിയതു നീയാണെങ്കിലു –
മതിലൊരു പരിഭവവുമില്ലാതെ
നടന്നു നടന്നു നീ തളരുമ്പോൾ
നിനക്കിരിപ്പിടമൊരുക്കി തന്നു
ഗതകാലസ്മരണകളുറങ്ങുന്ന എന്റെ ശേഷിപ്പുകൾ
ആ മരക്കുറ്റികളൊന്നുപോലുമിന്നെങ്ങുമില്ല
എന്നാലും നിനക്കായ് ഇതാ
വേരായ് , തളിരായ് , ഇലയായ്
ഇന്നും വെന്തു കുറുകി
നിന്റെ രോഗങ്ങളെയകറ്റുന്നു ഞാൻ
നിന്റെ വിശേഷദിനങ്ങളിൽ
നിന്റെ സന്തോഷങ്ങളിൽ
ദൂരെയേതോ ദിക്കിൽ നിന്നാണെങ്കിലും
എന്റെ പൂക്കൾ നിനക്കു സമ്മാനമായിയെത്തുന്നു
അന്യദേശത്തു നിന്നായാലുമിന്നും
പല പല രുചികളിൽ
നിന്റെ തീൻമേശയെ അലങ്കരിക്കുന്നതെന്നിൽ
മൊട്ടിട്ട കനികൾ തന്നെ
നീയെത്ര തന്നെയെന്നെ
തളളിപ്പറഞ്ഞാലുമൊടുക്കം
നിന്റെ അന്ത്യനിദ്രയ്ക്ക്
ശയ്യയൊരുക്കുന്നതുമീ ഞാൻ തന്നെ
ആയെന്നെ നീ ഓർത്തുവല്ലോ
കൊടിയ വേനലിൽ
വെന്തു നീറിയപ്പോഴെങ്കിലും
അതുമതിയീ പാവത്തിന്
പൃഥ്വിതന്നുടെ ദാഹം ശമിപ്പിക്കുവാൻ
വീണ്ടുമൊരു കാലവർഷമെത്തും
അന്നു നീ പിന്നെയുമെന്നെ മറന്നുപോകും
എന്നെ നശിപ്പിക്കുവാൻ കൂട്ടുനില്ക്കും
എങ്കിലും പരിഭവമൊട്ടുമില്ലെനിക്ക്
മെയ്യിനെ ചുട്ടുപൊളളിക്കാൻ
വീണ്ടും വേനലെത്തുമല്ലോ
അന്നു നീ പിന്നെയുമെന്നെ ഓർക്കുമല്ലോ