ഫ്ലാഷ് ന്യൂസ്

 

 

ഉച്ചയൂണും കഴിഞ്ഞു ടിവിയിൽ സിനിമ കാണുകയായിരുന്നു ദീപ്തി,  ഇടക്ക് പരസ്യം വന്നപ്പോൾ ചാനൽ മാറ്റാൻ തുടങ്ങി. മാറ്റി മാറ്റി ഒടുവിലെത്തിയത് പ്രശസ്ത ന്യൂസ് ചാനലിലും , അവിടുന്നും മാറ്റാൻ റിമോട്ടിലെ ബട്ടണിൽ വിരലമർത്താൻ നോക്കുമ്പോഴാണ് ഒരു ഫ്ലാഷ് ന്യൂസിൽ  കണ്ണുടക്കിയത്.

പ്രശസ്ത സിനിമ നടനും സംവിധായകനും ആയ വിക്ടർ മാങ്ങാടൻ അന്തരിച്ചു , ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് സൂചന

വാർത്ത അറിഞ്ഞു ഞെട്ടൽ മാറാത്ത ദീപ്തി മറ്റു രണ്ടു പ്രമുഖ മലയാളം ന്യൂസ് ചാനലുകൾ കൂടി വെച്ച് നോക്കി.

അവിടെയും വാർത്ത വിക്ടറിന്റെ മരണം തന്നെ.

വിക്ടറിന്റെ മരണ വാർത്ത ആദ്യം കണ്ട ചാനലിലേക്ക് ദീപ്തി വിളിച്ചു.

ഹലോ ഗുഡ് ആഫ്റ്റർ നൂൺ , പറയൂ

അങ്ങേതലക്കലിൽ നിന്ന് ഒരാൾ പറഞ്ഞു.

ഇപ്പൊ നിങ്ങളുടെ ചാനലിൽ വന്ന ഒരു വാർത്തയെ കുറിച്ച് പറയാനാണ് , എഡിറ്റോറിയൽ ഡെസ്കിലേക്ക് കൊടുക്കൂ

ദീപ്തി പറഞ്ഞു.

ശരി മാഡം , ”

അയാൾ എഡിറ്റോറിയൽ ഡെസ്കിലേക്ക് കാൾ കണക്ട് ചെയ്തു.
അൽപസമയത്തെ മ്യൂസിക്കിന് ശേഷം ഒരാൾ സംസാരിച്ചു.

ഹലോ “
” ഹലോ “
” പറയൂ ,എഡിറ്റോറിയൽ ഡെസ്കിൽ നിന്ന് രാധാകൃഷ്ണനാണ്‌ സംസാരിക്കുന്നത് “

സിനിമ നടൻ വിക്ടറിന്റെ മരണ വാർത്ത നിങ്ങളുടെ ചാനലിൽ കാണിക്കുന്നുണ്ട് , എവിടെ നിന്നാണ് നിങ്ങൾക്ക് ഈ വാർത്ത ലഭിച്ചത്

അൽപം ഗൗരവത്തോടെ ആണ് ദീപ്‌തി ചോദിച്ചത്.

” ഹ ..ഹ .. , ഒരു മരണ വാർത്തയുടെ സോഴ്സ് അറിയാനാണോ മാഡം വിളിച്ചത് ? “

ഇത് കേട്ടതോടെ ദീപ്തിക്ക് ദേഷ്യം അടക്കാനായില്ല,

എടോ എവിടെനിന്നു വാർത്ത കിട്ടി എന്നറിയാൻ തന്നെയാ വിളിച്ചത് ?
അത് പറ “

ഒരു മരണ വാർത്തയുടെ സോഴ്സ് ചോദിച്ചു ആദ്യമായിട്ടാ ഒരാൾ വിളിക്കുന്നത് , വിശ്വസനീയ കേന്ദ്രത്തിൽ നിന്ന് കിട്ടി , സ്ഥിരീകരിച്ചതിനു ശേഷമേ ഞങ്ങൾ വാർത്ത കൊടുക്കാറുള്ളു…
മാഡത്തിന് മരണത്തെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ വിക്ടറിന്റെ വീട്ടിലേക്ക് വിളിച്ചു നോക്കൂ , അല്ല പിന്ന ..”

രാധാകൃഷ്ണന്റെ മറുപടി ദീപ്തിയുടെ നിയന്ത്രണം തന്നെ വിടാൻ തക്കതായിരുന്നു.

അതേടാ ചെറ്റേ , വിക്ടറിന്റെ വീട്ടിൽ നിന്ന് തന്നെയാ വിളിക്കുന്നത് , വിക്ടറിന്റെ ഭാര്യ ..
മനസ്സിലായോടാ
അവന്റെ ഒക്കെ മറ്റെടുത്തെ ജേർണലിസം ,
എന്റെ കൂടെ ജീവനോടെ ഇരിക്കുന്ന എന്റെ ഭർത്താവ്‌ മരിച്ചു എന്ന് വാർത്തയും കൊടുത്തിട്ട് , പിന്നെയും അവന്റെ കോമഡി …
നിന്റെ ചാനലിനെതിരെ എന്ത് ചെയ്യാൻ പറ്റും എന്ന് ഞാനും നോക്കട്ടെ ..”

പിന്നെയും നാലു തെറി കൂടെ പറഞ്ഞിട്ടാണ് ദീപ്തി ഫോൺ വച്ചത്.

ഹോ , എന്നാലും ഇത്രയും തെറി നീ എപ്പോ പഠിച്ചെടി ..”

പൊട്ടിച്ചിരിച്ചുകൊണ്ടാണ് വിക്ടർ ദീപ്തിയോട് പറഞ്ഞത്.

അപ്പോഴേക്കും ലാൻഡ് ഫോണിലും രണ്ടു പേരുടെ മൊബൈലിലേക്കുമെല്ലാം തുടരെ തുടരെ ഫോൺ വന്നു ,

അവർ മറുപടി പറഞ്ഞു മടുത്തു.
മറ്റു രണ്ട് ചാനലുകളിലേക്ക് കൂടി ദീപ്തി വിളിച്ചു , ആദ്യത്തെ ചാനലിൽ വിളിച്ചപ്പോൾ ഉണ്ടായത് തന്നെ ആവർത്തിച്ചു.

ദീപ്തിയോട് വിട്ടുകള എന്ന് പറഞ്ഞെങ്കിലും
ഞാൻ മരിച്ചിട്ടില്ല , ജീവനോടെ ഉണ്ട്
എന്ന് മാധ്യമങ്ങളോട് പറയേണ്ട ദുരവസ്ഥ വിക്ടറിനെയും വിഷമിപ്പിച്ചിരുന്നു.

വിക്ടർ വേണ്ടെന്നു പല തവണ പറഞ്ഞെങ്കിലും ദീപ്തി പിന്മാറാൻ ഒരുക്കമായിരുന്നില്ല.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ , ഡിജിപി, മുഖ്യമന്ത്രി ഇവർക്കൊക്കെ പരാതി നൽകി.
ഒരുപക്ഷെ , കേരളത്തിൽ ഏറ്റവും കൂടുതൽ വ്യാജ വാർത്തകളുടെ , നുണ പ്രചാരണങ്ങളുടെ കൂരമ്പ് ഏറ്റുവാങ്ങിയ ഒരാളെന്ന നിലയിൽ ഇതിന്റെ വ്യാപ്തി കൃത്യമായി അറിയുന്ന ആളാണ് മുഖ്യമന്ത്രി എന്നത് കൊണ്ട് തന്നെ കൃത്യമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ പുറത്തു കൊണ്ടുവരാൻ കർശനമായ നിർദ്ദേശം ഡിജിപി ക്ക് കൊടുത്തു.

പ്രമുഖ മാധ്യമങ്ങളാണ് പ്രതി സ്ഥാനത്ത് , അന്വേഷണം എന്ന് പറഞ്ഞു അങ്ങോട്ട് ചെല്ലാൻ പൊതുവെ പോലീസ് മടിക്കും.
പക്ഷെ മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം ഉള്ളത് കൊണ്ടും വാദി ഒരു മലയാളികളുടെ പ്രിയപ്പെട്ട സിനിമാക്കാരന്റെ ഭാര്യ ആയതുകൊണ്ടും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചു. പ്രണവ് ഭാസ്കർ ഐ.പി. എസ് ആണ് ടീമിനെ നയിക്കുന്നത്.

നീതിമാനായ പോലീസ് ഉദ്യോഗസ്ഥൻ , ഈ കേസിൽ കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണം എന്നാഗ്രഹിക്കുന്ന മനുഷ്യൻ.
അയാളുടെ ഇളയമ്മയും മകനും ഡൽഹിയിൽ വെച്ച് ആത്മഹത്യ ചെയ്യാൻ കാരണം ഇതുപോലെ  മാധ്യമങ്ങൾ പ്രചരിപ്പിച്ച വ്യാജ വാർത്ത കാരണമാണ്.

അങ്ങിനെ അപൂർവ്വങ്ങളിൽ അപൂർവമായി  വ്യാജ വാർത്തയുടെ അന്വേഷണം പ്രമുഖ ചാനൽ ഓഫീസുകളിലേക്ക് എത്തി.
പ്രണവ് ഭാസ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിക്ടറിന്റെ മരണ വാർത്ത റിപ്പോർട്ട് ചെയ്ത മൂന്ന് ചാനലുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

തെറ്റ് പറ്റി, ഖേദം പ്രകടിപ്പിച്ചു വാർത്ത പിൻവലിച്ചിട്ടുണ്ട് എന്നാണ് പൊതുവെ മൂന്നു ചാനലുകളിലെയും ന്യൂസ് എഡിറ്റർമാർ പറഞ്ഞത്. എവിടെ നിന്ന് വ്യാജ വാർത്ത കിട്ടി എന്നത് വെളിപ്പെടുത്താൻ അവർ വിസമ്മതിച്ചു. പക്ഷെ അതും കേട്ട് അന്വേഷണം അവസാനിപ്പിക്കാൻ അവർ തയ്യാറായിരുന്നില്ല.

തുടർന്നുള്ള അന്വേഷണത്തിൽ വിക്ടറിന്റെ വ്യാജ മരണ വാർത്ത ആദ്യം പോസ്റ്റ് ചെയ്ത ഫേസ് ബുക്ക് പ്രൊഫൈൽ അവർ കണ്ടെത്തി, ” സത്യനാഥൻ “എന്ന പേരിലുള്ള ആ ഐഡി മലയാളത്തിലെ പല മാധ്യമ പ്രവർത്തകരുടെയും സൗഹൃദ ലിസ്റ്റിൽ ഉണ്ട്. സത്യനാഥനെ കണ്ടെത്തുക എന്നതായി പിന്നീടുള്ള ശ്രമം.

അന്വേഷണ സംഘം വീണ്ടും ആദ്യം സംപ്രേക്ഷണം ചെയ്ത ചാനലിൽ എത്തി , അവിടെത്തെ ന്യൂസ് എഡിറ്റോറിയൽ ടീമിലെ ചിലരെ ചോദ്യം ചെയ്തു, സത്യനാഥന്റെ പോസ്റ്റിൽ നിന്നാണ് അവർ വിക്ടറിന്റെ മരണത്തെ കുറിച്ച് അറിഞ്ഞത് എന്ന് വ്യക്തമായി. സത്യനാഥൻ എന്ന ഐഡി ആരുടേത് എന്ന് സൗഹൃദ ലിസ്റ്റിൽ ഉള്ള പല മാധ്യമ പ്രവർത്തകർക്കും അറിയില്ല.

ആ ഐഡിയുടെ ആളെ കണ്ടെത്താൻ സൈബർ സെൽ ടീമിന്റെ സഹായം തേടാൻ പ്രണവ് ഭാസ്കർ തീരുമാനിച്ചു.
” സത്യനാഥൻ ” എന്ന ഐഡി ഇതുവരെ ഒരു മൊബൈലിൽ നിന്ന് ലോഗ് ചെയ്തിട്ടില്ല, ലാപ്ടോപ്പ് വഴി മാത്രമാണ് ലോഗിൻ ചെയ്യാറുള്ളത് , യഥാർത്ഥ ഐ.പി. അഡ്രസ് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല, പ്രോക്സി ഐ.പി. കൾ ആണ് യൂസ് ചെയ്യാറുള്ളത്, പലതും കാണിക്കുന്ന ലൊക്കേഷൻ ആഫ്രിക്കൻ രാജ്യങ്ങളുടെതും.

പെൻസിൽ മാത്രം ഉപയോഗിച്ച് വരച്ച ഗാന്ധിജിയുടെ ചിത്രമാണ് പ്രൊഫൈൽ പിക്ചർ ആയി കൊടുത്തിട്ടുള്ളത്. ഒരുപാട് വ്യാജ വാർത്തകളുടെ ഉറവിടമാണ് ആ ഫേസ്ബുക്ക് ഐഡി എന്ന് അന്വേഷണ സംഘത്തിന് മനസ്സിലായി. സൈബർ സെല്ലിൽ ഉണ്ടായിരുന്ന അനൂപിനായിരുന്നു ഈ പ്രൊഫൈൽ ആരെയുടേത് എന്ന് കണ്ടെത്താനുള്ള ചുമതല.

ആ പ്രൊഫൈൽ അരിച്ചു പെറുക്കിയ അനൂപിന് ആളെ കുറിച്ച് കൂടുതൽ വിവരം ഒന്നും കിട്ടിയില്ലെങ്കിലും ഒരു പതിനേഴ് – പതിനെട്ട് വയസ്സ് തോന്നിക്കുന്ന സുന്ദരനായ ചെറുപ്പക്കാരന്റെ ഒരു ഫോട്ടോ ലഭിച്ചു.
പിന്നീടുള്ള അന്വേഷണം ആ ഫോട്ടോയിലുള്ള ആളെ തേടിയായിരുന്നു, ആ ഫോട്ടോയോട് സാമ്യമുള്ള മറ്റൊരു ഐഡി കണ്ടെത്തി പക്ഷെ ഏതാണ്ട് 45 നും 50 നും ഇടക്ക് പ്രായം തോന്നും, പേര് സാലി മുഹമ്മദ്. തൃശൂർ സ്വദേശി.

സാലി മുഹമ്മദിനെ പറ്റിയുള്ള വിവരങ്ങൾ തേടാൻ അയാളുടെ പേരിലുള്ള ആ പ്രൊഫൈൽ തന്നെ ധാരാളം, ഒമാനിൽ സീനിയർ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു, ഭാര്യ മുംതാസും മക്കളായ ഫിദ സാലി, ഫഹദ് സാലി എന്നിവരും സാലിയോടൊപ്പം ഒമാനിൽ തന്നെ ആണ്, ഫിദ പ്ലസ് ടു വിദ്യാർത്ഥിനി ആണ്, ഫഹദ് പത്താം ക്ലാസ്സിൽ പഠിക്കുന്നു. അയാളുടെ മൊബൈൽ നമ്പർ ഉൾപ്പെടെ ഉള്ള വിവരങ്ങൾ അനൂപ് അന്വേഷണ സംഘത്തിന് കൈമാറി.

പ്രണവ് ഭാസ്കറിന്റെ നേതൃത്വത്തിൽ ഉള്ള ടീമിലെ എ എസ് ഐ ജോബി ആണ് സാലി മുഹമ്മദിനെ വിളിച്ചത്, ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി തന്നെ ലഭിച്ചു, പക്ഷെ
” സത്യനാഥൻ ” എന്ന ഫേസ്ബുക്ക് ഐഡി യുമായി തനിക്കൊരു ബന്ധവുമില്ലെന്ന് സാലി മുഹമ്മദ് ആവർത്തിച്ചു പറഞ്ഞു.
ജോബിക്കും അയാൾ പറഞ്ഞത് സത്യമാണെന്നു തന്നെ ആണ് തോന്നിയത്, പക്ഷെ അയാളെ മാറ്റിനിർത്തിയാൽ പിന്നെ എന്ത് , എവിടെ , ആരിലേക്ക് ?
കുറെ ചോദ്യങ്ങൾ അവരുടെ മുൻപിൽ ഉണ്ടായിരുന്നു. ഒടുവിൽ സാലി മുഹമ്മദിനോട് നാട്ടിലെത്താൻ അവർ ആവശ്യപ്പെട്ടു.
സാലിയുടെ ഫോട്ടോ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും , കൂടുതൽ അന്വേഷണത്തിന് സാലിയുടെ സഹായം ആവശ്യമുണ്ടെന്നും ഉള്ള അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിച്ചു സാലി നാട്ടിലെത്തി, തന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ലെന്നു അയാൾക്ക് നൂറു ശതമാനം ഉറപ്പായിരുന്നു.

സാലിയെ ചോദ്യം ചെയ്യുന്ന കാര്യം എങ്ങിനെയോ ചോർന്നു, സിനിമ നടനും സംവിധായകനുമായ വിക്ടർ മാങ്ങാടന്റെ വ്യാജ മരണ വാർത്ത പോസ്റ്റ് ചെയ്തതിൽ പ്രവാസി മലയാളി സാലി മുഹമ്മദ് അറസ്റ്റിൽ എന്ന വാർത്ത സാലിയുടെ ഫോട്ടോ സഹിതം ചാനലുകൾ ആഘോഷിക്കാൻ തുടങ്ങി.
സാലിയുടെ ഫേസ് ബുക്ക് പ്രൊഫൈലിൽ തെറിവിളിയുടെ പൂരമായിരുന്നു, ശരിക്കും പൊങ്കാല തന്നെ.

പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും ഒന്നും സൈബർ ഇടത്തെ സൈക്കോ കുഴിയാനകൾ വിട്ടില്ല. ചില പ്രത്യേക ആൾക്കാർക്ക് സാലിയുടെ മതമായിരുന്നു ഹരം. പല സെലിബ്രറ്റികളും ചാനൽ നിരീക്ഷകരും പറഞ്ഞുണ്ടാക്കുന്ന ഇല്ലാത്ത സൈബർ അറ്റാക്ക് അല്ല , ഇത് ശരിക്കും അക്ഷരാർത്ഥത്തിൽ ഉള്ള സൈബർ അറ്റാക്ക്. വിക്ടർ മാങ്ങാടനോടുള്ള സ്നേഹം കൊണ്ടോ , വ്യാജ മരണ വാർത്ത വന്നതോ ഒന്നും അല്ല. സാലിയുടെ മതം മാത്രമായിരുന്നു ചില പ്രേത്യേക ഗ്രൂപ്പുകളിലെ ചർച്ച.

ഭാര്യയെയും മക്കളെയും ഒക്കെ വച്ച് തെറിയഭിഷേകം ട്രോളുകൾ എന്ന പേരിൽ നിറയുന്നത് കാണാൻ ആകാതെ ഫേസ് ബുക്ക് അക്കൗണ്ട് തന്നെ സാലി ഡി-ആക്ടിവേറ്റ് ചെയ്തു. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ സാലി പരാതി കൊടുത്തു.

” സത്യനാഥൻ ” എന്ന അക്കൗണ്ടുമായി സാലിയെ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല, ഒടുവിൽ സാലിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കാൻ വിളിച്ചതാണെന്നും പത്രസമ്മേളനം നടത്തി പറയേണ്ടി വന്നു പ്രണവ് ഭാസ്‍കറിന്.

തന്റെ നിരപരാധിത്വം അന്വേഷണ സംഘത്തിന് മുന്നിൽ തെളിയിക്കാൻ കഴിഞ്ഞ സാലി തിരിച്ചു ഒമാനിലേക്ക് പോകാൻ തീരുമാനിച്ചു, ആ വിവരം പറയാനായി പ്രണവ് ഭാസ്കറിനെ കാണാൻ പോയി.

സാലിക്ക് തിരിച്ചു പോകാം , ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം “

പ്രണവ് ഭാസ്കർ സാലിയോട് പറഞ്ഞു.
സാലി അവിടെ നിന്ന് ഇറങ്ങാൻ നേരം പ്രണവ് ആ ഫോട്ടോയെ കുറിച്ച് വീണ്ടും ചോദിച്ചു.
പ്രീഡിഗ്രി വിദ്യാർത്ഥി ആയിരുന്നപ്പോൾ എടുത്ത ഫോട്ടോ ആണ് ” സത്യനാഥൻ ” പോസ്റ്റ് ചെയ്തത് എന്ന് വ്യക്തമായി.
പ്രീഡിഗ്രിക്ക് ഒരുമിച്ചു പഠിച്ച ഓർമ്മയുള്ള പേരുകളൊക്കെ പ്രണവിനോടും ജോബിയോടും പങ്കുവെച്ചു സാലി ഇറങ്ങി. അടുത്ത ദിവസം ഒമാനിലേക്ക് തിരിച്ചു പോയി.

ജോബിയും ടീമും സാലി പ്രീഡിഗ്രിക്ക് പഠിച്ച സൈന്റ്റ് തോമസ് കോളേജിൽ പോയി, സാലിയുടെ സഹപാഠികളുടെ വിവരങ്ങൾ ശേഖരിച്ചു. സാലി ഉൾപ്പെടെ 62 പേരായിരുന്നു ആ ബാച്ചിൽ പഠിച്ചിരുന്നത്. നാല് പേര് വിവിധ അസുഖങ്ങൾ കാരണം മരണമടഞ്ഞു , ഒരാൾ അപകടത്തിൽ മരിച്ചു, വേറൊരാൾ കോവിഡ് ബാധിച്ചു മരണമടഞ്ഞു.
ബാക്കി വരുന്ന 55 പേരുടെ ഇപ്പോഴുള്ള വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. അദ്ധ്യാപകർ, വക്കീൽ, ചാർട്ടേർഡ് അക്കൗണ്ട്, മാധ്യമ പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ അങ്ങിനെ സമൂഹത്തിൽ ഉന്നതരായ പലരും ആ ലിസ്റ്റിൽ ഉണ്ടായിരുന്നു. കൂലി പണിയെടുത്ത് ജീവിക്കുന്നവരും കച്ചവടം നടത്തുന്നവരും ഒക്കെ അതിലുണ്ട്.

ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആ ലിസ്റ്റിൽ എലിമിനേഷൻ നടത്തി,
ഒടുവിൽ സസ്‌പെക്ട് എന്ന് ചെറിയ തോന്നലുണ്ടാക്കിയ നാലു പേരിലേക്ക് ആ ലിസ്റ്റ് ചുരുക്കി.

അതിലൊരാൾ ശോഭന , എയ്‌ഡഡ്‌ സ്കൂൾ അദ്ധ്യാപിക ആണ് , ഒരു മത സംഘടനയുടെ നേതാവ് കൂടിയാണ്, മതം വെച്ച് കളിക്കാൻ സാലിയുടെ ഫോട്ടോ ഉപയോഗപ്പെടുത്താൻ സാധ്യത ഉണ്ട്.

രണ്ടാമത്തേത് ഒരു പ്രധാന പാർട്ടിയുടെ ജില്ലാ നേതാവാണ് മാത്യു ജോർജ് , പഠിക്കുന്ന സമയത്ത് സാലിക്ക് അൽപം സംഘടനാ പ്രവർത്തനമൊക്കെ ഉണ്ടായിരുന്നു, ഇന്നത്തെ ജില്ലാ നേതാവും സാലിയും അന്ന് എതിർ ചേരികളിൽ ആയിരുന്നു, രണ്ടു തവണ സംഘട്ടനങ്ങൾ ഉണ്ടായിരുന്നു, അതിൽ രണ്ടു പേർക്കും പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട് , പൂർവവൈരാഗ്യം കാരണം സാലിക്കെതിരെ തിരിയാൻ കരണമായാലോ എന്ന സംശയത്തിൽ ആണ് ആ നേതാവ് ലിസ്റ്റിൽ ഇടം നേടിയത്.

മൂന്നാമത്തെ ആൾ ഒരു കാലത്ത് സാലിയുടെ അടുത്ത സുഹൃത്തായിരുന്ന സുരേഷ് , പിന്നീട് സാലിയുടെ അമ്മാവന്റെ മകളുമായി പ്രണയത്തിൽ ആയി, അതിനെ തുടർന്ന് രണ്ടു കുടുംബങ്ങളും തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായി, പിന്നീട് സാലിയുമായി അയാൾ അകൽച്ചയിലായി.

നാലാമത്തെ ആൾ മാധ്യമ പ്രവർത്തകൻ ആണ് ഒരു പ്രധാന ചാനലിലെ സീനിയർ ന്യൂസ് എഡിറ്റർ ജോൺ സാമുവേൽ.
ഇവരെ നാലുപേരെ ചുറ്റിപറ്റിയായി പിന്നീട് അന്വേഷണം, ദിവസങ്ങൾക്കുള്ളിൽ ആ ലിസ്റ്റ് നാലിൽ നിന്ന് മൂന്നായി, ശോഭന ടീച്ചർ ഒഴിവാക്കപ്പെട്ടു, അധികം താമസിയാതെ മാത്യു ജോർജും ഒഴിവായി , അടുത്ത ദിവസം തന്നെ സുരേഷും ലിസ്റ്റിൽ നിന്ന് ഒഴിവായി.
ജോൺ സാമുവേൽ മാത്രമായി ആ ലിസ്റ്റ് ചുരുങ്ങി.

പക്ഷെ എങ്ങിനെ മുന്നോട്ട് പോകും എന്നത് വലിയ പ്രശ്നമായി, മലയാളത്തിലെ പ്രധാനപ്പെട്ട ചാനലിലെ സീനിയർ ന്യൂസ് എഡിറ്റർ, എന്നും പ്രൈം ടൈമിൽ വിവിധ വിഷയങ്ങളിൽ ചർച്ച നയിക്കുന്ന ആങ്കർ, മലയാളിക്ക് ചിരപരിചിതമായ മുഖം.
അനേഷണ സംഘിന് പുറത്തു മറ്റൊരാൾ അറിഞ്ഞാൽ തന്നെ വിവരം ജോൺ സാമുവേലിന് ലഭിക്കുമെന്നുറപ്പാണ്, ആകെ അനിശ്ചിതത്വം , എങ്ങിനെ മുന്നോട്ട് പോകണമെന്നതിൽ അന്വേഷണ സംഘത്തിന് ആശയകുഴപ്പം. വ്യക്തമായ തെളിവുകൾ ഒന്നും ഇതുവരെ കിട്ടിയിട്ടുമില്ല.
ഒടുവിൽ , ജോൺ സാമുവേലിന്റെ ഫ്ലാറ്റിൽ പരിശോധന നടത്താൻ തീരുമാനിച്ചു.
ജോണും ഭാര്യയും മക്കളും അവിടെ ഇല്ലെന്നുറപ്പുവരുത്തി ബ്രോഡ് ബാൻഡ് കണക്ഷൻ നൽകിയ കമ്പനിയുടെ സർവീസ് ടെക്‌നിഷ്യൻസ് എന്ന വ്യാജേന അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ ജോബിയും രാജേഷും ഫ്ലാറ്റിൽ എത്തി. അവിടെ ഉണ്ടായിരുന്ന ജോലിക്കാരി ജോണിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ജോബി തടസ്സപ്പെടുത്തി.

ജോണിന്റെ പേർസണൽ ലാപ്ടോപ്പ് അവർ കണ്ടെത്തി, പക്ഷെ ഓപ്പൺ ചെയ്യാൻ ലോഗിൻ ചെയ്യാൻ പറ്റുന്നില്ല, സൈബർ സെല്ലിൽ നിന്ന് ഐടി വിദഗ്ധരെ സഹായത്തിനു വിളിച്ചു. ഒടുവിൽ ലാപ്ടോപ്പ് ഓപ്പൺ ചെയ്തു.

ഞെട്ടിക്കുന്ന വിവരങ്ങളാണ് ആ ലാപ്ടോപ്പ് അവർക്ക് നൽകിയത് , ” സത്യനാഥൻ ” എന്ന ഫേസ് ബുക്ക് അക്കൗണ്ട് ഉപയോഗിച്ചിരുന്നത് ആ ലാപ്‌ടോപ്പിലൂടെ ആണ്, അതിനു പുറമേ വേറെയും മൂന്നോളം ഫേക്ക് അക്കൗണ്ടുകൾ, അതിൽ രണ്ടെണ്ണം സ്ത്രീകളുടെ പേരിൽ.

മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റ് ആയ എഴുത്തുകാരിയെ, വനിതകളായ രാഷ്ട്രീയ നേതാക്കളെ, സിനിമ താരങ്ങളെ ഒക്കെ വ്യക്തിഹത്യ നടത്തിയ, അസഭ്യം പറഞ്ഞ ഐഡിയും ജോണിന്റെത് തന്നെ എന്ന് അന്വേഷണ സംഘത്തിന് മനസ്സിലായി.
വ്യാജ വാർത്തകൾ നിർമ്മിക്കൽ മാത്രമല്ല പല സൈബർ ക്രൈമുകളുടെ കേന്ദ്രം തന്നെ ആണ് ജോൺ സാമുവേൽ എന്ന് ആ ലാപ്‌ടോപ്പിലൂടെ തെളിഞ്ഞു.

ജോബി വിവരങ്ങൾ പ്രണവ് ഭാസ്കറിനെ അറിയിച്ചു. ഡിജിപി ഉൾപ്പെടെ ഉള്ള ഉന്നത ഉദ്യോഗസ്ഥരുമായി പ്രണവ് ചർച്ച നടത്തി, ജോണിനെ കസ്റ്റഡിയിൽ എടുക്കാൻ തന്നെ തീരുമാനിച്ചു.

ജോൺ സാമുവേലിനോട് പ്രണവിന്റെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടു, ലാപ്ടോപ്പ് ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ ആണ് ഉള്ളതെന്ന് മനസിലാക്കിയ ജോൺ ഒടുവിൽ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായി.

തന്റെ പുതിയ സിനിമയിലൂടെ ശക്തമായ മാധ്യമ വിമർശനം നടത്തിയത് കൊണ്ടാണ്,
അതും പലസ്ഥലങ്ങളിലും ജോണിനെയും അവരുടെ ചാനലിനെയും ആണ് വിമർശിക്കുന്നതെന്നു എന്ന് പ്രേക്ഷകന് സൂചന നൽകുന്ന രീതിയിൽ വിമർശനം നടത്തിയത് കൊണ്ടാണ് വിക്ടർ മാങ്ങാടനെതിരെ ജോൺ വ്യാജ വാർത്ത സൃഷ്ട്ടിക്കാൻ കാരണം എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.

ചോദ്യം ചെയ്യലുകൾക്കൊടുവിൽ ജോൺ സാമുവലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കോട്ടും സ്യുട്ടുമണിഞ്ഞു അന്തി ചർച്ച നടത്തി മലയാളിയെ ” പ്രബുദ്ധനാക്കുന്ന ” ജോൺ സാമുവലിന്റെ തനിനിറം പുറത്തുകൊണ്ടുവരാനും അയാളിലെ സൈക്കോ ക്രിമിനലിനെ പുറംലോകത്തെ അറിയിക്കാനും വിക്ടർ മാങ്ങാടന്റെ ഭാര്യ ദീപ്തിയുടെ പരാതി കൊണ്ട് കഴിഞ്ഞു.
വിക്ടർ മാങ്ങാടന്റെ വ്യാജ മരണം വാർത്തയാക്കിയ മാധ്യമങ്ങൾക്ക് ജോൺ സാമുവലിന്റെ അറസ്റ്റ് വർഗ്ഗ സ്നേഹം കൊണ്ട് ഒരു ” ഫ്ലാഷ് ന്യൂസ് ” പോലും ആയില്ല.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here