ലഘുമുദ്ര
റോസാമണമില്ല
റോസാനിറമില്ല
ഈ ശവംനാറിമനസ്സിന്;
കൊടിയദാരിദ്ര്യത്തിലും അത് വിടാതെ
ഉപാസിക്കുന്നൂ
നിന്റെ നിറത്തെ!
മണത്തെ!!
വായ്ത്താരി
ഒരു ഞാന്‍ കൊണ്ട് പൂജാരി
രണ്ടു ഞാന്‍ കൊണ്ട് മൂരി
മൂന്നു ഞാന്‍ കൊണ്ട് മൂശാരി
പൂജ്യം ഞാന്‍ കൊണ്ട്, ഇരിക്കട്ടെ,
ഒരു വായ്ത്താരി സ്രഷ്ടാവിന്!
പിറകോട്ട്
എത്തേണ്ടിടത്ത് എത്താന്‍
പിറകോട്ടടിച്ചുപോകാം.
മുന്നോട്ട് പോകാമെന്ന്
പറയുന്നവരോട്
നമുക്ക് വലിയ ചങ്ങാത്തമില്ല.
പർവ്വതാരോഹണത്തെക്കാൾ
നമുക്കിഷ്ടം കടൽ കടയലാണ്.
നേരിട്ട്
ഈ മുഴുക്കുടിയന്റെ ശബ്ദതാരാവലിയില്‍
കുടം ചഷകം പാനപാത്രം എന്നീ പദങ്ങളില്ല;
നിയമം ലംഘിച്ചു വാറ്റുന്നവളുടെ
ചെഞ്ചോരിവായില്‍നിന്നു
നേരിട്ട് കുടിക്കയാണിവന്‍.
അതു കൊണ്ടാകാം അനുസരണയുള്ള
മാംസഭുക്കുകൾക്ക്
ഇവൻ പ്രിയമുള്ളവനാകാതെപോയത്.
മഹാമുദ്ര
മൗനംവിതക്കാതെ കവിത നൂറുകൊയ്ത ഞാൻ പൊട്ടക്കവി
പൊട്ടക്കവിയുടെ ചമയം വെടിഞ്ഞാറേ ഞാന്‍ ഒരൊറ്റക്കവിത
നിന്റെ മനസ്സിൽ നിശ്ശബ്ദം മുഴങ്ങുമൊരൊറ്റക്കാവ്യം!
ഭഗ്നപ്രണയത്തിൻ മഹാകാവ്യം!!