1
നീ വിചാരിക്കുംപോലെ
മഞ്ഞയോ ചുകപ്പോ നീലയോ അല്ല ഞാൻ.
നിറങ്ങൾ എന്റെ ബാഹ്യകവചം മാത്രമെന്നറിക.
ദശലക്ഷം വര്ഷങ്ങൾക്ക് മുമ്പ്
നീയെന്നെ കണ്ടെത്തുംമുമ്പേ ഞാനുണ്ട്.
അരണി കടഞ്ഞൊ
കരിങ്കൽച്ചീളുകൾ കൂട്ടിമുട്ടിച്ചോ
നിന്റെ പിതാമഹന്മാർ എനിക്ക് ജന്മമേകിയിട്ടുണ്ടാകാം.
2
വായ വാലോടു ചേർത്ത് മൂന്നരച്ചൂറ്റിൽ
വിശ്രാന്തി പൂകിടും വിശുദ്ധസർപ്പത്തീ.
പുല്ലാംകുഴൽസുഷിരത്തിലൂടെ
കദംബവനം കടന്നു യമുനയോടൊപ്പം
ധീരസമീരനായൊഴുകും വെണ്ണത്തീ.
ബോധിവൃക്ഷച്ചുവട്ടിൽ
ലോകകല്യാണമാർഗമോതി
പുകയാതെ മന്ദം മധ്യമത്തിൽ വിളങ്ങീടും
അഖിലാണ്ഡനിർവ്വാണത്തീ.
ഗാഗുൽത്തായിലെ കുരിശില്‍
ആളിപ്പിടഞ്ഞണഞ്ഞുയർത്തെഴുന്നേൽക്കും
തീത്താരകം.
3
കരുണയ്ക്കും ക്രൗര്യത്തിനുമപ്പുറം
എന്നെ നീ പ്രതിഷ്ഠിക്കുക.
തീപ്പുരയിലേക്കുള്ള പാതയിൽ
ചിതയൊരുക്കുന്നോരുടെ
കബന്ധങ്ങൾ ഞാനേറ്റുവാങ്ങും.
ആരാധിക്കുന്നവരെയല്ലാ,മറിച്ച്
അനുസരിക്കുന്നവരെയത്രെ എനിക്കിഷ്ടം!
നാഡികളിലൂടെ സഞ്ചരിക്കുന്ന
അഗ്നിപർവതമാണ് ഞാൻ.
നിന്റെ ആരോഹണങ്ങളൊക്കെ
എനിക്ക് അവരോഹണങ്ങൾ മാത്രം.
മുന്ഗാമികളിൽനിന്നു നിന്നിലൂടെ പിന്ഗാമികളിലേക്കു
ഒഴുകുന്ന ഈ നിർമലമായ പ്രവാഹപ്രക്രിയയെ
തടുക്കാൻ തക്ക ഊക്കുള്ളവനായി ആരുണ്ടിവിടെ?
4
തീപ്പന്തങ്ങളേന്തി വരുന്നൊരെ,യാ-
ക്രോശങ്ങൾക്കിടയിലോർക്കയൊരുകാര്യം :
കാറ്റിൻഗതി മാറിവീശുകിൽ തൽക്ഷണം
കത്തിക്കരിച്ചിടും നിങ്ങളെത്താനവ !
മരവിച്ചുപോയതാം പൊൻകരളി-
ലാരാനുമിത്തിരിയമൃതം തളിച്ചീടുകി-
ലങ്ങനെയെങ്കിലങ്ങനെയാകട്ടെ,
ജ്വലിച്ചുയരട്ടെ! പ്രേമ,മീ ഹിമഭൂമിയിൽ!!
5
കടന്നു പോകേണ്ട തീപ്പാലത്തിൽ
പുര പണിഞ്ഞേക്കരുത്.
മറുകരയിൽ ഞാനുണ്ട്;
എന്റെ സഹസ്രം കൈനാമ്പുകൾ നീട്ടി
നിന്നെ സ്വീകരിക്കാൻ!
Good venuji
Your inner thoughts are always great.
Keep it up. Expecting more…