അടുത്തിരുന്ന്
ഹൃദയം പങ്കുവെച്ചിരുന്ന
രണ്ടാളുകളെ
തമ്മിൽ തെറ്റിച്ചു
ഇരു ധ്രുവങ്ങളിലാക്കി
ഭക്തരെന്നും
ദുഷ്ടരെന്നും പേരു ചൊല്ലി വിളിക്കുന്നു.
ചാണകപ്പൊടിയിൽ
പ്ലൂട്ടോണിയം തേടി
ഗവേഷണം നടത്തുന്നു.
നിലവിളികളായും
നിണച്ചാലുകളായും
ആൽഫയും ബീറ്റയും
വലതും ഇടതും പക്ഷം പിടിക്കുന്നു.
നിഷ്പക്ഷനായി ഗാമയും.
അറ്റുപോയ ബന്ധുക്കളെ തേടി
ചെയിൻ റിയാക്ഷനുകൾ
വിസ്ഫോടനം നടത്തുന്നു.
സമാധാനപരമായ
ജനാധിപത്യത്തിന്റെ
സമ്പുഷ്ടീകരണത്തിനായി
റിയാക്ടറുകളിൽ
തമ്മിൽ തല്ലി മരിക്കുന്നു.
ഇനിയും നീണ്ട കാലം
സുഖമായി വാണരുളാൻ
ഒന്നിച്ചിരുന്ന രണ്ടാറ്റങ്ങളെ
തമ്മിൽ തെറ്റിച്ച
ആണവോർജ്ജം
സിരകളിലൂടെ വിതരണം ചെയ്യുന്നു.
ഫ്യൂഷൻ
………….
നിന്റെ വരികളിലും
വരകളിലും
ഹൈഡ്രജൻ ബോംബിന്റെ
ശക്തിയുണ്ടായിരുന്നു.
അകന്നു നിന്ന മാനസങ്ങളെ
അടുപ്പിച്ചു നിർത്തിയ
അക്ഷരക്കൂട്ടുകൾ
അവക്കെന്നും ഭീതി വിതച്ചിരുന്നു.
ഒറ്റക്ഷരങ്ങളായി മാറി നിന്നവരെ
വാക്കുകളും വാക്യങ്ങളുമായി
ശബ്ദവും നാളവും
താപവും വെളിച്ചവും നൽകിയ തൂലികയെ
അവർക്കെന്നും പേടിയായിരുന്നു.
നെഞ്ചിൽ തുളഞ്ഞു കയറിയ തീയുണ്ടകൾ
വീണ്ടും മനസുകളെ ഒന്നിപ്പിക്കുന്നു.
ഇറ്റി വീണ നിണത്തുള്ളികളിൽ
ഒരായിരം ആറ്റങ്ങൾ
ഒന്നിച്ചു ചേരുന്നു.
അടിച്ചമർത്താൻ കഴിയാത്ത
ചെയിൻ റിയാക്ഷനുകൾ
കണക്കു ചോദിക്കാൻ
കളത്തിലിറങ്ങുന്നു.
സമാധാനപരമായ
ഊർജ്ജാവശ്യത്തിനായി
ഫ്യൂഷൻ സിരകളിൽ
വിതരണം നടക്കുന്നു…