മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ജനുവരി 30 മുതൽ ഫെബ്രുവരി രണ്ടുവരെ തിരുവനന്തപുരത്ത് നടക്കും.
ചരിത്രപ്രസിദ്ധമായ കനകക്കുന്ന് കൊട്ടാരത്തിൽ പ്രത്യേകമായി ഒരുക്കിയ എട്ടുവേദികളിലായാണ് അക്ഷരോത്സവം. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ മൂന്നാം പതിപ്പാണ് നാല് ദിവസങ്ങളായി ഇത്തവണ തിരുവനന്തപുരത്ത് നടക്കുന്നത്.
കടലാസിലെ അക്ഷരങ്ങൾ ഡിജിറ്റലിലേക്ക് ചുവടുമാറുകയും അതിസങ്കീർണമായ രാഷ്ട്രീയകാലം രാജ്യത്തെ ഇളക്കിമറിക്കുകയും ചെയ്യുമ്പോൾ എല്ലാറ്റിനെയും പ്രതിഫലിപ്പിക്കുന്ന കഥയും കവിതയും നോവലും ചിന്തയും സിനിമയും കനകക്കുന്നിൽ സംഗമിച്ച് സർഗാത്മകമായ സംവാദങ്ങളിലേർപ്പെടും.