നാക്കെടുത്താൽ
നുണ മാത്രം പറയുന്ന നേതാവ്
മഹാത്മാ ഗാന്ധിയെ
ഉദ്ധരിക്കുന്നതു കാണുമ്പോൾ
എനിയ്ക്ക് കരയാൻ തോന്നുന്നു ,
നിങ്ങൾക്കൊ?
ഹെൽമെറ്റ് വെക്കാതെ
ബൈക്കോടിക്കുന്നവൻ
ഗതാഗത വകുപ്പിലെ അഴിമതിയെ
കുറിച്ച് പറയുന്നതു കേൾക്കുമ്പോൾ
എനിയ്ക്ക് കരയാൻ തോന്നുന്നു ,
നിങ്ങൾക്കൊ?
അഷ്ടിക്ക് വകയില്ലാത്തയാൾ
ബിവറേജസ്സിൽ നിന്ന് മടങ്ങും വഴി
സമ്മർ ബമ്പറിന്റെ ടിക്കറ്റ്
വാങ്ങുന്നതു കാണുമ്പോൾ
എനിയ്ക്ക് കരയാൻ തോന്നുന്നു ,
നിങ്ങൾക്കൊ?
കുരുടന്മാർ നിറങ്ങളെക്കുറിച്ച്
തർക്കം പിടിക്കുന്നതു
കേൾക്കുമ്പോൾ
എനിയ്ക്ക് കരയാൻ തോന്നുന്നു ,
നിങ്ങൾക്കൊ?
സ്വർഗ്ഗത്തിൽ പ്രവേശിക്കാത്തവർ
സ്വർഗ്ഗത്തെക്കുറിച്ച് വിസ്തരിച്ച്
പ്രലോഭിപ്പിക്കുന്നത് കേൾക്കുമ്പോൾ
എനിയ്ക്ക് കരയാൻ തോന്നുന്നു ,
നിങ്ങൾക്കൊ?
ചിരിച്ചിട്ട് കഴുത്തറുക്കുന്നവരും
അറുത്തിട്ട് ചിരിക്കുന്നവരും
തമ്മിൽ വലിയ ഭേദമുണ്ടെന്ന്
നിരൂപിക്കുന്നവരെ കാണുമ്പോൾ
എനിയ്ക്ക് കരയാൻ തോന്നുന്നു ,
നിങ്ങൾക്കൊ?
ഈ നിമിഷത്തിന്റെ മാന്ത്രികത
നുണയാതെ,
ഭൂതകാലത്തിൽ മാത്രം
ജീവിക്കുന്ന ഭൂതങ്ങളെയും
ഭാവിയിൽ മാത്രം നോട്ടമിടുന്ന
പാപികളെയും
വർത്തമാനകാലത്തിൽ
മാത്രം മുഴുകി നീറുന്ന ആർത്തരെയും
കാണുമ്പോൾ
എനിയ്ക്ക് കരയാൻ തോന്നുന്നു ,
നിങ്ങൾക്കൊ ..?