വിഷക്കണ്ണുകൾ തീണ്ടുമ്പോൾ
നീലനിറമാകുന്നു ഇപ്പോഴും ഉടൽ
ചോര വറ്റി
തണുത്തുറഞ്ഞ മുഖത്ത്
കോറിവരച്ചാലും മാഞ്ഞു പോകുന്നു ചിരി
മേലാകെ പൊന്തിയ കൂർത്ത മുള്ളുകൾ
പൊട്ടിയൊലിച്ചു പഴുത്ത വ്രണങ്ങൾ
അലങ്കാരങ്ങൾ വലിച്ചൂരി
പൂവുടുപ്പിന്റെ ഞൊറികൾ
മെലിഞ്ഞ കൈകളിൽ കൂട്ടി പിടിച്ച്
ചത്തു മലച്ച കണ്ണുകൾ കൂർപ്പിച്ച്
പാദസ്വരമണികൾ കിലുക്കാതെ കാൽവിരലൂന്നി
ഇരുട്ട് പാർക്കുന്ന പത്തായമുറിയിൽ ചെന്നൊളിച്ചിരിക്കും ഓർമ്മകൾ
കട്ട പിടിച്ച കറുപ്പ് മേലാകെ വാരിചുറ്റി, നിശബ്ദം…
അപ്പോൾ ഉടൽ ഇല്ലാതാകും, ഭയവും…
പതിയെ, മുള്ളുകൾ പൊഴിഞ്ഞു വീഴും
വ്രണങ്ങൾ പൊറുക്കും
പുതുമണം പരക്കും
ഉയിർ തുടിക്കും
കണ്ണെഴുതി
പൊട്ടു തൊട്ട്
പട്ടുടുത്ത്
മടിയിലിരുത്തി
ഇരുൾ താരാട്ട് പാടും
മെല്ലെ തലോടും
കണ്ണിൽ ചിരിക്കും
എന്ത് തെളിച്ചമാണ് ആ കണ്ണുകൾക്ക്!
പരസ്പരം കൈകോർത്താൽ
ഇരുട്ടിനും എനിക്കും ഒരേ നിറം!
ലോകമേ, നിന്റെ വിഷക്കണ്ണുകൾ ഇനിയെന്നെ കാണില്ല
എനിക്ക് ഭയമാണ്,
നിന്നെ,
നിന്റെ നിറങ്ങളെ,
നിനക്കൊപ്പം നിറം മാറുന്നവരെയും!