മരണഭയം

 

ശാന്തനായ് ശയിക്കുകയാണയാൾ,
നിദ്രാവിഹീനനായ്, ആശുപത്രി കിടക്കയിൽ.
പതിവിലും ഉന്മേഷവാനാണി പൗർണമി രാവിൽ, പക്ഷെ
നിഴലിക്കുന്നാ മുഖത്ത് മരണമാസനമെ-
ന്നറിഞ്ഞോരാ ദീര്ഘദൃഷ്ടി തൻ നിസ്സംഗത.

പ്രിയനാമൊരതിഥിയെ കാത്തിരി-
ക്കുന്നൊരാതിഥേയനെ പോലെ
പമ്മി വരുന്നൊരാ കള്ളന് സ്വാഗതമേകുവാ-
നാകാം മുഖത്തുണ്ടോരർത്ഥ ഗര്ഭമാം പുഞ്ചിരി!
ജനലഴിക്കപ്പുറത്തെ പാർവണ പ്രഭയിലേ-
ക്കിടക്കിടെ കണ്ണുകൾ പായുന്നുണ്ട്.
ജ്വലിക്കുന്നാ കണ്കളിലിപ്പോഴും,
നിറ തോക്കിനെ തളർത്തിയ
ജീവനിശ്വാസമാം തീക്കനൽ സത്യങ്ങൾ തൻ പ്രഭ!
ചൂടേറ്റു വിയർക്കുന്ന, കരയെ തഴുകു-
മൊരു ശാന്തമാം തിരമാല പോൽ,
ഹൃദയധമനികളിലനസ്യൂതമാ-
യൊഴുകുന്നതത്രയും മാനവ-
സ്നേഹത്തിന്റെ മാസ്മര മഹാകാവ്യം!

“അന്ത്യയാമമാഗതമായ് സഖാവേ” കാലാധിപനാ
കാതിലോതി ആദരവോടെ പതിഞ്ഞ ശബ്ദത്തിൽ.
സ്നേഹബാഷ്പം നിറഞ്ഞ നെടുവീർപ്പിലായ് മറുപടി;
“എത്രനേരമായ് കാത്തു നിൽക്കുന്നു ഞാൻ,
നിന്റെയാലിംഗനത്തിനായ്.
മന്ദസ്മിതവദനനായ് എന്റെയീ ഉടലിനെ
വെടിഞ്ഞു യാത്ര തുടങ്ങും മുമ്പ്,
അവസാന പൗർണമി നോക്കി
ഇത്തിരി നേരമിരുന്നോട്ടെ ഞാൻ.
എൻ പ്രാണനൊന്നവസാനമായ് മുങ്ങിക്കുളിച്ചോട്ടെ,
ചന്ദ്രിക തന്നോളങ്ങളിൽ, ഒപ്പമിളങ്കാറ്റിലൊഴുകി വരുന്നൊരാ
നിശാഗന്ധി തൻ വന്യമാം സുഗന്ധത്തിൽ.
മുള പൊട്ടുമാ പുല്നാമ്പുകളെയാശ്ലേഷിക്കുവാൻ വെമ്പുന്ന
നീഹാരകണങ്ങളിലലിയട്ടെയെന്റയീ നിശ്വാസങ്ങൾ.
രാവിൻ ശോഭയിൽ കുറുമ്പ് കളിക്കുന്ന
കുഞ്ഞുമിന്നാമിനുങ്ങുകൾ,
എൻ നയനങ്ങൾക്കു കുളിർമ പകരട്ടെ.
രാവ് തന്നാഡംബരം പറകൊട്ടി പാടുമ്പോഴും,
എന്റെ കാതിൽ മുഴങ്ങട്ടെ, സംഗീതമായ്,
ചീവീടുകൾ തൻ നിർത്താത്ത പ്രതിഷേധങ്ങൾ”.

ഈയാമവസാനിക്കാൻ ക്ഷണികമാം നിമിഷങ്ങളിനി,
സഖാവിന്റെ മുഖത്ത് മ്ലാനത മൂടി,
സ്ഥൈര്യം കുടുകുടെ ചോർന്നു വിയർത്തു വിളർക്കുന്നു.
അത്ഭുത സ്തബ്ധനായി യമധർമ്മനാരാഞ്ഞു;
“എന്തിനീ ചിത്ത ഭ്രമം…നിനക്ക് മരണ ഭയമോ? ഇതവിശ്വസനീയം!
ഇത്രയും നാള് നീയെന്നോട് കലഹിച്ചു
സ്നേഹിച്ചു തോൽപ്പിച്ചു മുന്നേ നടന്നവൻ.
കാട്ടാള നീതി തൻ ചക്രവ്യൂഹങ്ങളിൽ
തീക്കനൽ കാറ്റേറ്റ് പതറാതെ പൊരുതുമ്പോൾ
നീ നിന്റെ പ്രാണനെയോർത്തതായ് കണ്ടില്ല.
ഇക്കാലമത്രയും ഈ മരുഭൂമിയെ
ഉഴുതു മറിച്ചിട്ട വിപ്ലവ നായകൻ!
അതോ എല്ലാമെന്റെ പൊള്ളയാം വിശ്വാസമോ?”

“നിന്നിലെ ആത്യന്തിക സത്യത്തിലലിയാൻ
എനിക്കെന്നേ സമ്മതം, പക്ഷെ
എനിക്ക് ഭയമുണ്ടെന്റെ മൃത്യു ശേഷിപ്പിനെ!
അങ്ങകലെയാ യൂക്കാലി മരങ്ങളുടെ നിഴലിൽ
അവിടവിടെ മാളങ്ങളിലൊളിച്ചിരിക്കുമൊരു
കൂട്ടരെ നീയൊന്നു സൂക്ഷ്മമായ് നോക്കൂ…അവരുറങ്ങിയിട്ടില്ല,
ഇടക്കിടെയെന്നെ ഒളിഞ്ഞു നോക്കുന്നുണ്ട്.

അഭയം യാചിച്ച ദൈന്യമാം കൺകളിൽ
വംശവേരാരാഞ്ഞ ഹൃദയ വിശാലകർ;
കുരുന്നുനാവിലെ ശാന്തി പാഠങ്ങളിൽ
മതവെറി തിരുകിയ ദൈവ സൂക്ഷിപ്പുകാർ;
പശിക്കുന്ന മർത്യന്റെ മജ്ജയൂറ്റിക്കുവാൻ
അവർക്കായി ഘോരഘോരം വാദിച്ച മഹാനടന്മാർ;
തീ തുപ്പും സത്യത്തിൻ വ്യാളിയെ തളയ്ക്കുവാൻ
ഹുങ്കെന്നു ചാപ്പകുത്തിയ വിനയാന്വിതർ;
അദൃശ്യരായ് ചതിച്ചു വീഴ്ത്തി
കണ്മുന്നിലാശ്ലേഷിച്ച മഹാസ്നേഹിതർ;
പിടിപ്പതു ശ്രമിഞ്ഞിട്ടുമവർക്കു കഴിഞ്ഞീലെന്നെ
കർമ്മഭൂമിയിൽ പിന്തിരിപ്പിക്കുവാൻ എന്നെ നിശ്ശബ്ദനാക്കുവാൻ.
അവർ കാത്തിരിക്കുന്നൂ എന്റെ നാവടങ്ങുവാൻ,
എൻകപാലമേന്തി പുതുതായി നിർവചിക്കുവാൻ.

എന്റെ ജഡം കണ്ടയുടനാ കഴുകന്മാർ പറന്നിറങ്ങും;
ഭ്രാന്തമായ് കരയും, നിർജീവമാം പുഷ്പങ്ങൾ മൂടും;
എന്നെക്കുറിച്ച് നിതാന്തമായ് നന്മകൾ പറയും;
പിണ്ഡത്തിന്റെ പ്രദർശനചന്തയിൽ ആത്മാവിനെ
ബലികൊടുക്കുന്ന ഉപജാപ കർമ്മത്തിൻ പ്രാരംഭ പ്രക്രിയ!
ആ കാണുന്ന നിലാവെളിച്ചത്തിനപ്പുറം,
നിനക്കുകാണാമൊരു നിഗൂഢമാം ഫാക്ടറി!
ശവങ്ങളെ പുടപാകം ചെയ്ത് ബാഷ്പങ്ങളെ സാന്ദ്രീകരിച്ച്
പലതരം പെർഫ്യൂമുകളുണ്ടാക്കി
കോടികൾ കൊയ്യുന്ന രാസപ്രവർത്തനം!
ഉപോല്പന്നമായുണ്ടാകുമെന്റെ നട്ടെല്ല് കത്തിച്ച ചാരം,
അത് കോൺക്രീറ്റിലിട്ടുറപ്പിച്ചവരെന്റെ പ്രതിമ പണിയും.
മാറാല മൂടിയ ഭൂതക്കണ്ണാടി കൊണ്ടെന്റെ ഡി എൻ എ നോക്കും,
എനിക്കന്യമാം ജാതിമതവംശങ്ങളങ്കുരിക്കും.
അവർ വികൃതമാക്കുമെൻ ജീവാക്ഷരങ്ങളെ,
വിഷലിപ്തമാം തുരുമ്പിൻ നാരായമുന കൊണ്ട്
ലിപികളിൽ അർബുദ വ്രണങ്ങളുണ്ടാക്കി
വലത്തോട്ടു പടർത്തും, അനന്തരമവരെന്റെ ചരിത്രം രചിക്കും.
ഉദിക്കുവാൻ വെമ്പുന്ന, കുഞ്ഞുസൂര്യൻമാരുടെ
കണ്ണുകൾ മൂടിക്കെട്ടി, അന്ധകാരങ്ങളിലവർ
ചൂഷണം നിർബാധമായ് തുടരുമത് നിശ്ചയം.”.

വന്നൂ ഗദ്ഗദ കണ്ഠനായ് ധർമ്മിഷ്ഠൻ തൻ മറുപടി;
“ഞാനറിയുന്നുവെല്ലാമെൻ സ്നേഹിതാ,
വേദന കൊണ്ട് പുളയുന്ന ആത്മാക്കളുടെയസഹ്യമാം നിലവിളി,
എത്രയോ കേൾക്കുന്നു ഞാനെൻ ഭ്രമണപഥങ്ങളിൽ!
അങ്ങകലെ ലണ്ടനിൽ ഹൈ ഗേറ്റ് സെമിത്തേരിയിൽ;
ഡൽഹിയിൽ രാജ്ഘോട്ടിൽ;
ഒരു മഹാന്റെ സ്വപ്നങ്ങളെ ഇപ്പോഴും വിൽക്കുന്നൊരാ
അമേരിക്ക തൻ ഫുൾട്ടണിൽ.

നീയെൻ ധർമലോകത്തെ ശ്രേഷ്ഠമാക്കിയോൻ
കലാതിവർത്തിയാം നിനക്കായ് ഞാനേകുന്നു,
ഈ ദുഷ്ടജീവികൾക്കഗോചരമാമൊരു കർമ്മമണ്ഡലം!
നീയെന്റെ നരകം സ്വർഗീയമാക്കിക്കൊൾക
ഈ രസാതല ഭൂമിയെ ഞാനേറ്റെടുക്കാം
നീ നിന്റെ യാത്ര തുടരൂ….”

വിദ്രുതമായ ഹൃദയ താളം ശാന്തമായ്,
ക്രമേണ മെല്ലെയായ്, കാലത്തിന് കൈകളിൽ
ചുംബിച്ച് ആ കണ്ണുകൾ മടങ്ങി.
സ്വസ്തി ചൊല്ലി യാത്രയായ് മഹാത്മാവ്!
ഒപ്പമാ പൗര്ണമിയും, ഒരുപാടു പിറകിലായി കാലവും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here