ഇന്ന് പിതാദിവസം
ആഗോളപിതാദിവസം
മക്കളച്ഛനെ പുല്‍കും ദിവസം
എന്‍റെ മകള്‍ വിദൂരദുബായില്‍ നിന്നും
“അച്ഛന്‍” എന്നൊരു കവിതതന്‍ ദൃശ്യസ്വനവിസ്മയം
യൂട്യൂബിലയച്ചുതന്നു സപ്രേമം
അത് കേട്ടു ഞാന്‍ കരഞ്ഞു
തേങ്ങിത്തേങ്ങി കരഞ്ഞു
തേങ്ങുമൊരു പാത്രം പോലെ
തുളുമ്പിത്തുളുമ്പിക്കരഞ്ഞു
മാറിലൊരുകുഞ്ഞിനെയൊതുക്കി
അതിന്‍ തലയില്‍ മുത്തങ്ങളിട്ട്
മറവിതന്‍ മൂടല്‍മഞ്ഞുമൂടുമൊരു
കുന്നിന്‍ചോട്ടിലൂടെ ഞാന്‍ നടന്നു
കരഞ്ഞുകരഞ്ഞെന്‍ കണ്ണില്‍
ഒരായിരം ചെമ്പരുത്തികള്‍ വിരിഞ്ഞു ചുവന്നു
അതുകണ്ടെന്‍റെ ലോകം ചിരിച്ചു
മദ്യപാനചേഷ്ടകളെന്നു വിധിച്ചു
ഇടവപ്പാതിപോല്‍ കണ്ണീരുപെയ്ത്
മറവിക്കമ്പിളിച്ചുരുകള്‍ക്കുള്ളില്‍
കൂമ്പിക്കൂനിക്കിടക്കുമൊരു കുഞ്ഞിന്‍
മുഴിഞ്ഞ വിയര്‍പ്പുമണക്കും തലയില്‍
മുത്തിക്കരയുന്നു ഞാന്‍ വൃദ്ധനാമച്ഛന്‍
എന്നെ സ്വയം മറന്ന്
ഇന്ന് പിതാദിവസം
ആഗോളപിതാദിവസം
മക്കളച്ഛനെ പുല്‍കും ദിവസം
മഴയെവിടെ കുന്നെവിടെ
മൂടല്‍ മഞ്ഞെവിടെ
എനിക്ക് കൊതിച്ചുമ്മവെക്കാന്‍
മണക്കുമൊരു തലയെവിടെ
ഏകാന്തനാം ഒരു പിതാവിന്‍ തോരാമഴദുഃഖം
ഞാറ്റുവേലകളേന്തുന്ന ദുഃഖം
ഇന്ന് പിതാദിവസം
ആഗോളപിതാദിവസം