കുഞ്ഞിക്കാലടി ഓരടിവെച്ചവനെൻ
പിന്നാലെ തപ്പിതടഞ്ഞൊന്നുവന്നപ്പോഴെൻ
പൈതലിൻ നനുത്തചുണ്ടുകളിൽ
മുഴങ്ങി അച്ഛായെന്ന മുറവിളികൾ…
ഓരോ അടിയും നീങ്ങുമ്പോഴുമെൻ-
ഹൃദയം പിടയ്ക്കുവാൻ തുടങ്ങി…
എന്നിൽ നിന്നുമവൻ അകലുന്നതോർത്ത്….
ഹൃദയം വിതുമ്പിതുടങ്ങി….
മങ്ങിയ കാഴ്ച്ചകൾ സമ്മാനിച്ചുകൊണ്ട്
കണ്ണുനീർ കണങ്ങളുമെത്തിയിരുന്നു….
അവരും കാണട്ടെ എൻ കുരുന്നിനെ….
കണ്ണുനീർതുള്ളികളും കാത്തിരുന്നതാവാം
അവനെയൊന്നു കാണുവാൻ……
എൻ കൈകളും കൊതിച്ചിരുന്നതാവാം
അവനെയൊന്ന് കെട്ടിപുണരാൻ……
എൻ ചുണ്ടുകൾ മോഹിച്ചിട്ടുണ്ടാവാം
അവനെയൊന്ന് ചുംബിച്ചീടാൻ……..
എൻ കാതുകൾ കാതോർത്തിട്ടുണ്ടാവാം
അവന്റെ ഹൃദയതാളം കേൾക്കുവാൻ……..
കൊതിക്കാതെ ഇരിക്കാൻ പറ്റുമോ….
അവൻ,
എന്റെ ജീവന്റെ അവശേഷിപ്പല്ലേ…..
ഇരുളിൽ തപ്പിതടയുന്നൊരെൻ അച്ഛൻഹൃദയം……….
ഒരു വസന്തകാലത്തിൽ ഞാനെൻ
വിരലാൽ തൊടുക്കുറിചാർത്തി
സീമന്തിനിയാക്കിയവൾ……
ഇന്നെൻ മന്ത്രത്തിൻ ബീജാങ്കുരത്തെ
എന്നിൽ നിന്നും അറത്തുമാറ്റുമ്പോൾ
ഓർമ്മകൾതൻ ഇരുണ്ട കൈവഴികളിലേക്ക്
ഞാനെന്ന താതൻ
പതറിവീഴുന്നു……
നിശബ്ദതസ്വപ്നങ്ങൾപോലും
എന്നിൽ ആഴ്ന്നിറങ്ങുന്നു…
രാവുകളിലെ സ്വപ്നങ്ങളായി
അവനിന്ന് മാറിയിരിക്കുന്നു….
യാഥാർത്ഥ്യത്തിൻ മിഥ്യയിൽ
ഞാനവനെ തേടുമ്പോൾ
എന്തേ അവനെന്നിൽ നിന്നും അകന്നുപോകുന്നു….
കൊതിക്കുന്ന മനസും പിടയ്ക്കുന്ന-
ഹൃദയവുമേന്തിയെൻ കുരുന്നിനരികിൽ നിൽക്കാൻ
നിശ്ചിത സമയം ഉണ്ടത്രേയെനിക്കിന്ന്…..
സമയം അതിക്രമിക്കുംന്തോറും കേൾക്കാം
ഈർഷതൻ വികട സരസ്വതി വിളയാട്ടങ്ങൾ…..
കോടതിവരാന്തകളിലെൻ കുരുന്ന്
പിച്ചവെക്കുന്നത് കാണാൻ ഭാഗ്യം
സിദ്ധിച്ച അച്ഛനാണ് ഞാനെന്ന്
പുഞ്ചിരിയോടെ ഓർക്കുമ്പോൾ,
ഹൃദയത്തിൽ കനം തൂങ്ങിയിരിക്കും…..
എൻ സ്വപ്നങ്ങൾക്ക് നരകേറി തുടങ്ങിയിരിക്കുന്നു…..
വരണ്ടുണങ്ങിയ ആത്മാവും
എന്നുള്ളിൽ ബാക്കിയായി അലയടിക്കുന്നു……
മനസ്സിൻ ജാലകത്തിലൂടെയെൻ
ജീവനെ പുഴുവെന്നകണക്കെയാരോ-
കാർന്നുതിന്നുന്നു……
പന്തയത്തിൻ പ്രതികാരപാത്രമാകുന്നതെൻ-
കുരുന്നെന്ന്
എന്തേ ആരുമറിയാതെപോകുന്നു…..
ധാർമ്മികനീതിയുടെ ദാർഢ്യത്തിൽ-
അവളെൻ കുരുന്നിനെ കവരുമ്പോൾ
പ്രാണയാത്രയുടെ ബാക്കിപത്രമായി
തത്ത്വമെന്തെന്നറിയാതെയെൻ മറുജീവനും………