സമയം ഏകദേശം രാത്രി 12 മണി കഴിഞ്ഞിരിക്കും, ഞാൻ നല്ല ഉറക്കത്തിലേക്കു വഴുതിയിരുന്നു
ഉറക്കത്തിൽനിന്നും എന്നെ എഴുന്നേൽപ്പിച്ചു ഒരു പുസ്തകവും കൂടെ ഒരു കറുത്ത പേനയും എന്റെ നേർക്ക് നീട്ടി മോനെന്നോടു പറഞ്ഞു,
HAPPY FATHER’S DAY PAPPA
അവനെ കെട്ടിപിടിച്ചു മൂർദ്ധാവിൽ ഒരു ഉമ്മ വച്ചു
പിന്നീട് ഉറക്കം നഷ്ടപെട്ട കിനാകണ്ണുകളിലൂടെ പുറം തള്ളപ്പെട്ട ഭൂതകാലത്തിന്റെ കൊട്ടി അടച്ച വാതിൽ പഴുതിലൂടെ ഞാൻ ഓർമകളെ ഒളിഞ്ഞു നോക്കി.
എന്റെ കുട്ടിക്കാലത്തും ഇങ്ങനെ ഒരു ദിവസം ഉണ്ടായിരിക്കുമോ, ഉണ്ടാവാം എന്റെ അറിവില്ലായ്മകൊണ്ടു അറിയാഞ്ഞതാവാം.
ഇനി അറിഞ്ഞിരുന്നെങ്കിലും ….
കനത്തുപെയ്യുന്ന ഇടവമാസ പേരും മഴയത്തു, ഇരട്ട കരിമ്പടം പുതച്ച കുറ്റാകുറ്റിരുട്ടത്തു, കിടന്നുറങ്ങുന്ന പടിഞ്ഞാറ്റയിൽനിന്നു അച്ഛന്റെ മുറി വരെ….
ഒരു പക്ഷെ ഇത്രയും ആയാൽ തന്നെയും പാതിരാത്രിയിൽ അച്ഛനെ വിളിച്ചുണർത്തുക…….
എന്നും രാവിലെ വീടിന്റെ ഉമ്മറ കോലായിയിലെ തെക്കേ അറ്റത്തു പല വർണ വയറുകൾ കൊണ്ട് മെടഞ്ഞ ഒരു ഇരുമ്പു കസേരയിൽ ‘അമ്മ നൽകിയ കട്ടൻചായ വലിച്ചു കുടിക്കുമ്പോൾ ഉച്ചത്തിലൊരു ചോദ്യമുണ്ട്,
“പിള്ളേര് എണീറ്റില്ലേ ഇതുവരെ”
‘അമ്മ ഈ ചോദ്യത്തിന് ഉത്തരം നൽകാറില്ല, ഈ ചോദ്യം അമ്മയോടല്ലെന്നു അമ്മയ്ക്കറിയാം അത് നമുക്ക് എഴുന്നെല്കാനുള്ള അലാറമാണ്.
ഉമ്മറ പടിയുടെ രണ്ടു ഭാഗങ്ങളിലായി ഞാന് ഏട്ടനും…
ഒഴിഞ്ഞ ഗ്ലാസ് താഴെവച്ചു ഒരു ദിനേശ് ബീഡി എടുത്തു കത്തിച്ചു, കട്ടൻചായയുടെ ലഹരി വലിച്ചെടുത്തു ഇടക്കണ്ണിട്ടു നോക്കും,
നമ്മൾ എഴുന്നേറ്റുവെന്ന് ഉറപ്പു വരുത്തും പോലെ….
പിന്നീട് പ്രഭാത കർമങ്ങൾ കഴിഞ്ഞു ഞങ്ങൾ വരുമ്പോഴേക്കും അച്ഛൻ പോയിരിക്കും.
മുഖത്ത് ഗൗരവം നടിച്ചു, മനസ്സിൽ ഒരു കടലോളം സ്നേഹം ഒളിപ്പിച്ച ആ നോട്ടം… ആത്മാവ് വിട്ടൊഴിയുന്ന അവസാന ശ്വാസം വരെ എനിക്ക് കാവലായി എന്നും അച്ഛനുണ്ട്, അതാണെന്നും എന്നെ മുന്നോട്ടു നയിക്കുന്ന പ്രേരണ, കരുത്തും കരുതലുമായി അച്ഛൻ പകർന്നു നൽകിയ എന്തും നേരിടാനുള്ള ഉൾക്കരുത്തും
ഒരിക്കലും നിറഞ്ഞു കണ്ടിട്ടില്ലാത്ത ആ കണ്ണുകൾക്ക് പിന്നിൽ അലയടിച്ചുയരുന്ന കണ്ണീർ തിരമാലകൾ ഇന്ന് ഞാൻകാണുന്നു,
ഞാൻ ഇന്ന് ആ ഒരു നോട്ടത്തിനായ് കൊതിക്കുന്നു….
ആകാശത്തിന്റെ അനന്ത നീലിമയ്ക്കപ്പുറം അച്ഛൻ ഞങ്ങളെ നോക്കുന്നുണ്ടാവും, ആ കടലോളം സ്നേഹം നെഞ്ചിലൊതുക്കി.. എന്നും അതി കഠിനം എന്ന് തോന്നിച്ച ആ മനസ്സ് ഉരുകി ഒലിക്കുന്നുണ്ടാവാം….
അറിവില്ലായ്മകൊണ്ടോ, ഒരുപക്ഷെ ധൈര്യം ഇല്ലായ്മകൊണ്ടോ, അന്ന് പറയാനാവാഞ്ഞത് ഞാൻ ഇന്ന് അതെ ഭയഭക്തി ബഹുമാനത്തോടെ പറയട്ടെ
“ഹാപ്പി ഫാദർ’സ് ഡേ”