അച്ഛൻമാർക്കൊരു പൂച്ചെണ്ട്

 

 

നാലു മാസങ്ങൾക്കു മുൻപ് നടന്ന സംഭവമാണ് ,ഇത് എന്നെങ്കിലും എഴുതണമെന്നു അന്ന് തിരിച്ചു വീട്ടിൽ എത്തിയപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടിരുന്നു. “ഫാദർ’സ് ഡേ ആണല്ലോ മമ്മി , നമുക്ക് ഡാഡിയ്ക്ക് ഗിഫ്റ്റ്‌സ് വാങ്ങേണ്ടേ ” എന്ന് മോൾ രണ്ടാഴ്ച മുൻപേ ഓർമിച്ചപ്പോൾ മുതൽ മനസ്സിൽ ഒരേ ചിന്ത, ആ സംഭവം ‘പിതാക്കന്മാരുടെ ദിവസം’ തന്നെ കുറിച്ചിടണമെന്നു ….

ഫെബ്രുവരി ആദ്യ വാരം ആയിരുന്നു , അന്നമോൾക്കു മൂന്ന് ദിവസങ്ങളായി പനിയും,ദേഹം വേദനയും . കോവിഡ് വാക്‌സിനേഷൻ എല്ലാം എടുത്തിരുന്നു എങ്കിലും ഡോക്ടറെ ഒന്ന് കാണിച്ചേക്കാം എന്ന് വിചാരിച്ചു.അവളെ ഇപ്പോഴും പീഡിയാർട്ടിക് ഡോക്ടറുടെ അടുത്ത് തന്നെയാണ് കാണിക്കുന്നത്. ഡോക്ടർ’സ് ഓഫീസിൽ വിളിച്ചു അപ്പോയ്ന്റ്മെന്റ് എടുത്തു. മാസ്ക് ധരിക്കണമെന്നും , പാർക്കിങ് ലോട്ടിൽ എത്തിയാൽ ടെക്സ്റ്റ് ചെയ്തു അവരെ അറിയിച്ചു, പറയുമ്പോൾ മാത്രം ഡോക്ടർ’സ് ഓഫീസിൽ വന്നാൽ മതിയെന്നും റിസെപ്ഷനിലെ ലേഡി അറിയിച്ചിരുന്നു.ഞങ്ങൾ കുറച്ചു നേരത്തെ അവിടെ എത്തിയെങ്കിലും, ഓഫീസിലേയ്ക്ക് വന്നോളാൻ അനുമതി കിട്ടി.

ഡോക്ടർ’സ് ഓഫീസിൽ എത്തിയപ്പോൾ , പതിവിനു വിപരീതമായി അവിടെ അസുഖവുമായി വന്നിരിക്കുന്നത് എല്ലാം ടീനേജേഴ്‌സും , കൂടെ അവരുടെ പേരെന്റ്സും. സാധാരണ കുഞ്ഞു കുട്ടികളെയാണ് കൂടുതൽ കാണാറ്.അന്നയ്ക്ക് സമാധാനമായെന്നു തോന്നുന്നു.. ഞങ്ങളുടെ അപ്പോയ്ന്റ്മെന്റ് സമയത്തിനു ഇനിയും മുപ്പതു മിനുട്ടും കൂടെയുണ്ട്. അന്നമോൾ എന്നെ തല ചാരി ഇരുന്നു.

അപ്പോഴാണ് ഒരു പെൺകുട്ടി , അന്നയുടെ അത്ര പ്രായം കാണും പതിനേഴു വയസു ഉണ്ടെന്നു തോന്നുന്നു , വാതിൽ തുറന്നു റൂമിലേയ്ക്ക് പ്രവേശിച്ചത്. ഉടനെ തന്നെ ഫ്രന്റ് ഡസ്കിലെ ലേഡിയോടു എന്തൊക്കെയോ പറയുന്നു . അപ്പോയ്ന്റ്മെന്റ് സമയം ആയെന്നും, ഇൻഷുറൻസ് കാർഡ് കാണിക്കാനും അവർ പറഞ്ഞപ്പോൾ , ആ കുട്ടി തന്റെ കയ്യിലെ പഴ്സിൽ നിന്നും ഒരു കാർഡ് എടുത്തു കൊടുത്തു. അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു , പിന്നെ കുട്ടി തന്റെ ഫോൺ എടുത്തു അച്ഛനെ വിളിക്കുന്നത് കണ്ടു , ഡാഡി വേഗം വരണമെന്നും , പിന്നെയും കുറെ സംസാരിക്കുന്നത് കേട്ടു. ഞാൻ മനസ്സിൽ ഓർത്തു , “ഈ കുട്ടിയുടെ കൂടെ ഒന്ന് വന്നു കൂടെ ആ അച്ഛന്, ഇത്ര തിരക്കാണോ, പാവം മോളെ ഒറ്റയ്ക്ക് ഡോക്‌ടറുടെ അടുത്ത് കാർഡും കൊടുത്തു വിട്ടല്ലോ”.

ഒരു അഞ്ചു മിനിട്ടു കഴിഞ്ഞു കാണും, അമ്പതു വയസിനടുത്തു പ്രായമുള്ള ഒരു മനുഷ്യൻ , വലിയ ഉച്ചത്തിൽ വാതിൽ തുറന്ന് ഓടി വന്നു.നല്ല തടിയുണ്ട് , ആകപ്പാടെ അലങ്കോലമായി വസ്ത്രം ധരിച്ചിരിക്കുന്നു , പുറത്തു നല്ല തണുപ്പായിരുന്നിട്ടും മുഖം വിയർക്കുന്നുമുണ്ട് . അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് , ഇയ്യാൾ മാസ്കും ധരിച്ചിട്ടില്ല . ആദ്യം വന്ന കുട്ടി, ഡാഡി എന്നും പറഞ്ഞു അയാളുടെ അടുത്തയക്കു ചെന്നു , രണ്ടു പേരും കൂടെ വീണ്ടും ഫ്രന്റ് ഡെസ്കിലെ ലേഡിയുടെ അടുത്ത് പോയി സംസാരിക്കാൻ തുടങ്ങി. ആ സ്ത്രീ മാസ്ക് കൊടുക്കുന്നതും , അയാൾ അത് വാങ്ങി ഇടുന്നതും കണ്ടു. “അയ്യേ, ഇയാൾ എന്ത് ഉച്ചത്തിലാണ് സംസാരിക്കുന്നത്, ഒരു വിചാരം വേണ്ടേ ഇവിടെ മറ്റു പേഷ്യന്റ്സ് ഇരിക്കുന്നത് , ഒന്ന് വൃത്തിയായി വന്നൂടെ
, ടൈം കീപ് ചെയ്തൂടെ ” എന്ന് ഞാൻ വീണ്ടും ആത്മഗതം .

എന്തായാലും അച്ഛനും, മോളും കൂടെ അവിടെ വാതിലിന്റെ അടുത്തുള്ള രണ്ടു ഇരിപ്പിടങ്ങളിൽ വന്നിരുന്നു. അയാൾക്ക്‌ ഇപ്പോഴും ഒരു സമാധാനമില്ലാത്തതു പോലെ , ഇടയ്ക്കു വാതിലേയ്ക്ക് നോക്കുന്നുമുണ്ട് .
പെട്ടെന്ന് അയ്യാൾ ചാടി എഴുനേറ്റു , വാതിൽ തുറന്നു പിടിച്ചു .. ഒരു സ്ത്രീ ഒരു വീൽ ചെയറും തള്ളി വാതിൽ കടന്നു അകത്തേയ്ക്കു വന്നു .അപ്പോഴാണ് ഞാൻ കണ്ടത് , വീൽ ചെയറിൽ ഒരു ആൺകുട്ടി ,പതിനാലു വയസു തോന്നും ,സ്പെഷ്യൽ നീഡ്‌സ് ഉള്ള കുട്ടിയാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാകും. അച്ഛൻ വീൽ ചെയർ അമ്മയുടെ കയ്യിൽ നിന്നും വാങ്ങി , വാതിൽക്കൽ നിന്നും മാറിയുള്ള വേറെ ഒരു ഇരിപ്പിടത്തിലേയ്ക്ക് നീങ്ങി .അമ്മയും, മോളും അച്ഛന്റെ പിന്നാലെ അടുത്തുള്ള സീറ്റുകളിലേയ്ക്കും .

ആ അച്ഛൻ , വളരെ സാവധാനത്തിൽ ,മകന്റെ ചെയർ തന്റെ അടുത്ത് ഉറപ്പിച്ചിട്ടു , ചെയറിന്റെ സൈഡ് പോക്കറ്റിൽനിന്നും , ഒരു സഞ്ചി എടുത്തു തുറന്നു. നല്ല വൃത്തിയായി അടുക്കി വച്ചിരിക്കുന്ന ഒരു കോട്ടൺ തൂവാല പാക്കിൽ നിന്നും ഒന്നെടുത്തു,, തന്റെ മകന്റെ വായിൽനിന്നും ഒലിച്ചിറങ്ങുന്ന ഉമിനീർ , എത്ര സ്നേഹത്തോടും, ക്ഷമയോടും കൂടെയാണെന്നോ തുടച്ചു കൊടുത്തത്.. മോൻ തന്റെ അച്ഛനെ നോക്കി , ആഹ്ളാദം നിറഞ്ഞ ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങി. അച്ഛനോ, മോന്റെ നെറുകയിൽ പതുക്കെ തലോടിക്കൊണ്ടിരുന്നു .
ഞാൻ അയാളുടെ മുഖത്തേയ്ക്കു നോക്കി , മകന്റെ കളി ചിരികളിൽ മുഴുകി, തന്റെ ലോകം ആ മകനിൽ മാത്രമാക്കിയ പിതാവിന്റെ സംതൃപ്‌തമായ മുഖം ഞാൻ കണ്ടു .. കുറച്ചു മുൻപ് ഉച്ചത്തിൽ സംസാരിച്ചു , ബഹളം വച്ച ഈ പിതാവ് തന്നെയാണോ ഇപ്പോൾ ഇത്ര സൗമ്യനായി തന്റെ കുഞ്ഞിനോട് കൂടെ ഇരിക്കുന്നത്..
എന്റെ ദൈവമേ ഈ അച്ഛനെപ്പറ്റിയാണല്ലോ അറിയാതെ ഞാൻ ഓരോന്ന് ചിന്തിച്ചു കൂട്ടിയത് .തനിക്കു വേണ്ടി ചെലവഴിക്കാൻ അദ്ദേഹത്തിന്റെ ടൈംടേബിളിൽ സമയം ഇല്ല , തന്റെ ആരോഗ്യം, സൗന്ദര്യം ,വസ്ത്രധാരണം , ഇതിനേക്കാൾക്കുപരിയായി തന്റെ മകനുവേണ്ടി പരിപൂർണനായി മാറ്റി വച്ച ഒരു അച്ഛൻ. തൻറെ കുടുംബത്തിന്റെ നേടും തൂണായ ഒരു പിതാവ്. കാർ പാർക്കിംഗ് ചെയ്തു, തന്റെ മകന്റെ അപ്പോയ്ന്റ്മെന്റ് പോകാതിരിക്കാൻ , മോളെ നേരത്തെ വിട്ടിട്ടു വിയർത്തുകുളിച്ചു ഓടി വന്ന ഒരു അച്ഛൻ, മകന് വേണ്ടി അക്ഷമയോടെ , വാതിൽ തുറക്കാൻ കാത്തിരുന്ന അച്ഛൻ .

ആ പിതാവിന്റെ മുഖത്തെ സന്തോഷത്തിന്റെ തിരയിളക്കങ്ങൾ , എന്റെ മനസ്സിൽ പശ്ചാത്താപത്തിന്റെയും ,ആശ്ചയിരത്തിന്റെയും വേലിയിറക്കങ്ങളായി , നീർമിഴിപുഴകളായൊഴുകി ..
ഈ ഫാദർ’സ് ഡേയ്ക്ക് ഈ അച്ഛനും , ഇത് പോലെയുള്ള എല്ലാ അച്ഛന്മാർക്കും എന്റെ ഹൃദയത്തിൽ വിരിഞ്ഞുനിൽക്കുന്ന സ്നേഹത്തിന്റെ സുഗന്ധ പുഷ്പങ്ങൾ !

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here