ഇന്റെർസിറ്റിയിലെ നോമ്പ്,ഗൾഫിലെയും..

download-7

അഞ്ചോ ആറോ വയസ്സുള്ളപ്പോൾ തുടങ്ങുന്നതാണല്ലോ പലരുടെയും നോമ്പ് അനുഭവങ്ങൾ.അക്കാലത്തൊക്കെ ഒരു നോമ്പ് പിടിച്ച് പൂർത്തീകരിക്കുന്നതായിരുന്നു എവറസ്റ്റാരോഹണത്തെക്കാൾ പ്രയാസകരമായ കാര്യം. അരദിവസത്തെ നോമ്പും പിന്നെ അര ദിവസത്തെ നോമ്പും ചേർത്ത്ത് ഒന്നാക്കി കൂട്ടുന്ന ആ നോമ്പ് പരിശിലന കാലം മറക്കാവുന്നതല്ല. പ്രായം കൂടുന്തോറും നോമ്പ് ആത്മീയമായ അനുഭൂതിയായി മാറി. ഒരുമാസം കഴിയുമ്പോൾ നോമ്പ് തീർന്നു പോയല്ലോ എന്നതായി പിന്നത്തെ സങ്കടം. ഇങ്ങനെ പ്രായവ്യത്യാസമനുസരിച്ചും കാലവ്യത്യാസമനുസരിച്ചും ഓരോർത്തർക്കും നോമ്പനുഭവങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു.
നാട്ടിൽ നിന്നും അഞ്ചു വർഷങ്ങൾ ഗൾഫ് വാസവുമായി സൗദി അറേബ്യയിലെ ഷറൂറ എന്ന സ്ഥലത്തായിരുന്ന നോമ്പനുഭവങ്ങളും മറക്കാൻ കഴിയില്ല. യമൻ സൗദി അതിർത്തിയായ ഷറൂറയും നജ്റാനുമൊക്കെ ഇന്ന് സംഘർഷ ഭൂമി ആയിരിക്കുന്നു എന്ന് വാർത്തകളിലൂടെ അറിയുമ്പോഴും മനസ്സിൽ വേവലാതിയില്ലാതില.. ബദുക്കളുടെ പ്രദേശമായ അവിടെ വെച്ച് പരിചപ്പെടാനിടയായ സാലിം അലി ഹുജ്റാനെപ്പോലെയുള്ള നിഷ്ക്കളങ്കരായ കുറെ നല്ല മനുഷ്യരുടെ ഓർമ്മകൾ ഇപ്പോഴും മനസ്സിലുണ്ട്. നോമ്പ് വരെ ഞങ്ങൾ തന്നെ ഭക്ഷണം ഉണ്ടാക്കിക്കഴിക്കുകയായിരുന്നു എങ്കിൽ ആ ഒരു മാസം നോമ്പ് തുറ മുതലാളിയുടെ വകയായിരുന്നു. രാത്രി ഇടയത്താഴം കുബ്ബൂസെന്ന അറബികളുടെ ദേശീയ ഭക്ഷണവും. ഞങ്ങളുടെ യഥാർഥ കഫീൽ[സ്പോൺസെർ] ആയിരുന്നില്ല അയാൾ. സൗദി പൗരത്വം നേടിയ അനേകരെപ്പോലെ ഒരു യമനി.. ഖഫീൽ അവിടെ നിന്നും പിന്നെയും ദൂരെ ഖമീസ് മുഷ്ത്തയാത്ത് എന്ന സ്ഥലത്തായിരുന്നു. അയാൾ ഞങ്ങളെ അയാളുടെ ഷറൂറയിലെ സൂപ്പർ മാർക്കറ്റിനും പെട്രോൾ പമ്പിനുമൊപ്പം വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു.
നാളുകൾ കറങ്ങിത്തിരിഞ്ഞ് വീണ്ടും നാട്ടിലെത്തിയപ്പോൾ പടച്ചവന്റെ അനുഗ്രഹം കൊണ്ട് സർക്കാർ സർവീസിൽ കേറാൻ കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലെ ലേബർ ഓഫീസിൽ. രണ്ടു വർഷമേ ഉണ്ടായിരുന്നുള്ളു എങ്കിലും ആ സമയത്തെത് അവിസ്മരണീയമായ ഒരു നോമ്പനുഭവമാണ്. നോമ്പുമായി വെളുപ്പിന് എറണാകുളം ആലപ്പുഴ ഇന്റെർസിറ്റി എക്സ്പ്രസ്സിൽ  തിക്കും തിരക്കും ചായ..കാപ്പി… വട…എന്നിങ്ങനെയുള്ള മൂന്ന് മണിക്കൂറോളമുള്ള നിരന്തര വിളികൾക്കുമിടയിലെ ആ നോമ്പായിരുന്നു ശരിക്കും നോമ്പ്’..
തിരിച്ചു വരുമ്പോൾ കരുനാഗപ്പള്ളി ആകുമ്പോഴേക്കും നോമ്പുകാരെല്ലാം ട്രെയിനിലെ കാന്റീനിൽ എത്തും. ആ സമയമാകുമ്പോഴാണ് ബാങ്ക് വിളിക്കുക. ഒരു മസാല ദോശയും ചായയും കുടിച്ച് തിരിച്ച് സീറ്റിൽ. വീട്ടിലെത്തി വിശാലമായി നോമ്പ് തുറക്കുമ്പോഴേക്കും രാത്രി ഒൻപത് മണിയെങ്കിലുമാകും. അന്ന് പരിചയപ്പെടാൻ കഴിഞ്ഞ പലരും ഇന്നും സൗഹൃദ വലയത്തിലുണ്ട് എന്നത് എത്ര സന്തോഷകരമാണ്. രണ്ടു വർഷത്തെ നോമ്പുകളെ ഇന്റെർ സിറ്റിയിലെതായി ഉണ്ടായിരുന്നുവെങ്കിലും എപ്പോഴും ഓർത്തിരിക്കുന്ന നോമ്പായിരുന്നു അത്.
പിന്നെ നാട്ടിലേക്ക് സ്ഥലം മാറ്റമായി.കുറെ വർഷങ്ങൾ വലിയ കുഴപ്പമില്ലാതെ പോകുകയായിരുന്നു. ഇപ്പോൾ ഇതാ ഈ നോമ്പിന് മുമ്പ് കൊല്ലത്തേക്ക് പ്രമോഷൻ. പ്രമോഷൻ സന്തോഷകരമാണെങ്കിലും നോമ്പും യാത്രയുമായി ചെറിയ പ്രയാസങ്ങളില്ലാതില്ല. ഇന്റെർസിറ്റിയുടെ സമയം വൈകിപ്പിച്ചതിനാൽ ബസ്സിലാക്കി യാത്ര. അങ്ങനെ നോക്കുമ്പോൾ വീട്ടിലും ഗൾഫിലും ട്രെയിനിലും ബസ്സിലുമായി നീളുന്ന വൈവിധ്യപൂർണ്ണമായ ആ നോമ്പനുഭവങ്ങളുടെ ഓർമ്മ നൽകുന്ന ആ അനുഭൂതി ഒന്ന് വേറെ തന്നെ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅനന്തവിസ്മയത്തിൽ അമ്മത്തേന്‍മൊഴി മലയാളം
Next articleഅവനോടു പറയണ്ട. അറിഞ്ഞാൽ അവൻ അഹങ്കാരിയായി മാറും: ബഷീറും എം ടിയും
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here