കാറ്റിനേക്കാൾ വേഗത്തിൽ

7883482_m

ഉമ്മറത്തിണ്ണയിലിരുന്ന് അച്ചു തെരുവിലേയ്ക്ക് നോക്കി. മതിലിനപ്പുറത്ത് മഴവെള്ളം ഇപ്പോഴും ഒരു കുളംപോലെ കെട്ടിക്കിടക്കുകയാണ്. എന്തൊരുമഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ? ഇന്ന് വെയിലുണ്ട്.വെയിലിന് പൊള്ളുന്ന ചൂടും! സൂര്യൻ പ്രതികാരബുദ്ധിയോടെ നനവെല്ലാം ഒപ്പിയെടുക്കുകയാണോ?

മഴവെള്ളമൊഴുകി, കുണ്ടുംകുഴികളുമായി താറുമാറായികിടക്കുന്ന റോഡിലൂടെ വാഹനങ്ങൾ കരുതലോടെ നീങ്ങുന്നത് കാണാൻ രസമാണ്. സ്‌കൂളിൽ പോകാനില്ലെങ്കിൽ പ്രത്യേകിച്ചും. അപ്പൂപ്പൻ ഉമ്മറത്തിരിക്കുന്നില്ലായിരുന്നെങ്കിൽ സൈക്കളെടുത്ത് പതുക്കെ പോകുന്ന സ്കൂട്ടറുകളോട് മത്സരിക്കാമായിരുന്നു. ഇന്ന് അപ്പൂപ്പനെന്താണ് പത്തുമണികഴിഞ്ഞും ഒരു പത്രവായന?

സ്കൂളിലിപ്പോൾ ഹിന്ദിടീച്ചർ പേരുവിളിയ്ക്കുകയായിരിക്കും.

“അശ്വിൻ ഇന്നും വന്നില്ലേ,” തന്റെ വലിയ കണ്ണട മൂക്കിലേയ്ക്ക് തള്ളിവച്ചുകൊണ്ട് ടീച്ചർ ചോദിയ്ക്കുന്നുണ്ടാവും. “അശ്വിന് പനിമാറിയില്ലേ ?”

പനി മാറിക്കഴിഞ്ഞിരുന്നു. നാലുമണിക്കൂറിടവിട്ട് അമ്മൂമ്മ വായിലേക്കൊഴിച്ചുതരുന്ന ചവർപ്പുള്ള മരുന്ന് അതിൻറെ ജോലി കൃത്യമായി ചെയ്തു. എങ്കിലും വെയിലത്തേയ്ക്ക് നോക്കുമ്പോൾ കണ്ണുകൾ വേദനിയ്ക്കുന്നതുപോലെ.

പനിതുടങ്ങിയത് ഒരാഴ്ച മുൻപാണ്. മഴതുടങ്ങിയ ദിവസം .
രാത്രി അമ്മൂമ്മയോട് ചേർന്നുകിടന്ന് അച്ചു പിച്ചുംപേയും പറഞ്ഞു.
അമ്മ ..അച്ഛൻ .. അച്ഛൻ അമ്മയെ അടിയ്ക്കുകയാണ്. അമ്മ കരയുന്നു..

കണ്ടതൊന്നും വെറും സ്വപ്നമായിരുന്നില്ല. എല്ലാം നടന്നതല്ലേ? അച്ചുകണ്ടതല്ലേ എല്ലാം ?

“ഇവടിരുന്ന് കാറ്റുകൊള്ളാതെ അകത്തുചെന്ന് കിടക്ക്‌ മോനേ,” അമ്മൂമ്മ മുറ്റം തൂക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.

മുറ്റത്ത് നിറയെ ഇലകളാണ്. ജാമ്പമരം ഇലയും കായുമെല്ലാം കൊഴിഞ്ഞ് നനഞ്ഞ കോഴിയെപോലെ നില്ക്കുന്നു!

അമ്മൂമ്മ നിവർന്നു നിന്ന് നെടുവീർപ്പിട്ടു.

അച്ചുവിന് വിഷമമൊന്നും തോന്നിയില്ല. അമ്മയുണ്ടായിരുന്നെങ്കിൽ അമ്മ ചെയ്‌തേനെ ഇതെല്ലാം. അമ്മൂമ്മയല്ലേ അമ്മയെ പറഞ്ഞുവിട്ടത് ?

അമ്മ കരഞ്ഞു കൊണ്ട് അമ്മൂമ്മയുടെ മടിയിൽ കിടന്ന ദിവസം അവനോർമ്മയുണ്ട്.

“എനിയ്ക്ക് പോയല്ലേ പറ്റൂ അമ്മേ .എനിയ്ക്കും മോനും ഇനിയും അന്തസ്സോടെ ജീവിക്കണ്ടേ ?”
“അച്ചൂനെ ഞാൻ നോക്കികോളാം.കുട്ടികൾ വേഗം വളരും. മോള് അച്ചൂനെ ഓർത്ത് വിഷമിക്കണ്ട!” അമ്മൂമ്മ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞിരുന്നു.
കുട്ടികൾ വേഗം വളരുംപോലും. അച്ഛന്റെ കാറിനേക്കാൾ വേഗത്തിൽ? വലിയ നിരത്തിലൂടെ പഞ്ഞുപോകുന്ന ബസിനേക്കാൾ വേഗത്തിൽ? ഒരൊറ്റ മൂളലിൽ ജാമ്പമരത്തിലെ ഇലകളെല്ലാം കൊഴിയ്ക്കുന്ന കാറ്റിനേക്കാൾ വേഗത്തിൽ?

അച്ചു അമ്മൂമ്മ പറഞ്ഞത് കേൾക്കാത്തതുപോലെ ഉമ്മറത്ത് തന്നെ ഇരുന്നു. കാറ്റുകൊണ്ട്‌ ഇനിയും പനി വരുന്നെങ്കിൽ വരട്ടെ. പനി മാറിയില്ലെന്നറിയുമ്പോൾ അമ്മ വരാതിരിക്കില്ല!

അച്ഛനും വരുമോ? ഇനി അമ്മയുമായി ഒരു ബന്ധവുമില്ല എന്നല്ലേ അച്ഛൻ പറഞ്ഞത്? അമ്മയോട് ബന്ധമില്ലെങ്കിൽ അച്ചുവിനോടും ബന്ധമില്ലാതാകുമോ?
അച്ഛൻ അമ്മയെ തല്ലിയത് എന്തിനായിരുന്നു. അതുകൊണ്ടല്ലേ അമ്മ അച്ചുവിനെയും കൊണ്ട് ഇങ്ങോട്ട് വന്നത് ?

മതിലനപ്പുറത്ത് നിന്നൊരു ‘മ്യാവൂ’ വിളികേട്ട് എഴുനേറ്റുനിന്ന് നോക്കി. കുറിഞ്ഞിയല്ല. കുറിഞ്ഞിയെ കാണാനില്ലല്ലോ. ഏതുനേരവും അച്ചുവിന്റെ കാൽച്ചുവട്ടിൽ നിന്ന് മാറാത്തതാണ്. കഴിഞ്ഞയാഴ്ച, പനിവരുന്നതിനുമുൻപ് ഒരു ദിവസം, കുറിഞ്ഞി മതിലിന്മേൽ വെയിൽകാഞ്ഞുകൊണ്ട് കിടന്നപ്പോൾ, അച്ചു അവളുടെ വാലിൽ പിടിച്ച് വലിച്ചു. കുറിഞ്ഞി പേടിച്ച് താഴേയ്ക്ക് ചാടി. പൂച്ചയല്ലേ, വീണാലും നാലുകാലിൽതന്നെ! അവളുടെ പകച്ച നോട്ടം കണ്ട് അച്ചുവിന് ചിരിവന്നു. ഒരിയ്ക്കലും ഇല്ലാത്ത പോലെ കുറിഞ്ഞി ഓടിപ്പോയ്ക്കളഞ്ഞു.

കുറിഞ്ഞിയും പിണങ്ങിപ്പോയോ?

അച്ചുവിന് കരച്ചിൽ വന്നു.

“എന്തിനാ മോൻ കരയുന്നെ? ” അപ്പൂപ്പൻ പത്രം മടക്കിവച്ച് അച്ചുവിനെ നോക്കി. “തല വേദനിക്കുണ്ടോ?”
“കുറിഞ്ഞി…” അവൻ വിതുമ്പി.
” കുറിഞ്ഞിയെ ഞാൻ കാണിച്ചു തരാം.” അപ്പൂപ്പൻ ചിരിച്ചുകൊണ്ട് ഉത്സാഹത്തോടെ എഴുനേറ്റു.

അമ്മൂമ്മയുടെ മുഖത്തേയ്ക്ക് നോക്കാതെ,

അപ്പൂപ്പനോടൊപ്പം മുറ്റത്തുകൂടെ നടന്നു.

“എങ്ങോട്ടാ ?” അമ്മൂമ്മ ചോദിച്ചു. അച്ചു കേട്ടതായി ഭാവിച്ചില്ല.

കോഴികൾ നിലത്തുവീണ ജാമ്പയ്ക്ക കൊത്തിത്തിന്നുകയാണ്. കൊതിച്ചികൾ! ഏതുനേരവും തീറ്റ തന്നെ !!
ഒരു കല്ലെടുത്ത്‌കാട്ടി അവയെ പേടിപ്പിച്ചാലോ ? മുറ്റത്തുനിന്ന് ചെറിയൊരു ഉരുളൻ കല്ലെടുത്തു. അപ്പൂപ്പനെ പേടിച്ച് ഉന്നം പിടിച്ചില്ല.

അപ്പൂപ്പൻ പഴയ അടുക്കളക്കെട്ടിലാണ് . കരിപിടിച്ച ആ മുറി അച്ചുവിന് തീരെ ഇഷ്ടമല്ല. എങ്കിലും വിമ്മിഷ്ടത്തോടെ അകത്തേയ്ക്ക് നോക്കി. അവിടെ പഴയ ആട്ടുകല്ലിനരികിൽ കുറിഞ്ഞി കിടക്കുന്നു! അടുത്ത് കണ്ണുതുറന്നിട്ടില്ലാത്ത മൂന്ന് പൂച്ചക്കുഞ്ഞുങ്ങളും!!
ഒന്ന് വെളുത്തത്. രണ്ടെണ്ണം കറുപ്പും വെളുപ്പും കലർന്നത്. കുഞ്ഞുങ്ങൾ കുറിഞ്ഞിയോടൊട്ടിക്കിടക്കുന്നു. കുറിഞ്ഞി സ്നേഹത്തോടെ നക്കിതുടയ്ക്കുകയാണ് കുഞ്ഞുങ്ങളെ.

അച്ചുവിന്റെ കയ്യുയർന്നത് അവൻ പോലും അറിയാതെയാണ് . കല്ലേറുകൊണ്ട പൂച്ചക്കുഞ്ഞ് വേദനകൊണ്ട് പുളഞ്ഞു. അതിന്റെ കരച്ചിൽ ഒരു മനുഷ്യക്കുഞ്ഞിന്റേത് പോലെ തന്നെ ആയിരുന്നു.

“അച്ചൂ..” അപ്പൂപ്പൻ ഭയവും അമ്പരപ്പും കലർന്ന ശബ്ദത്തിൽ ഉറക്കെ വിളിച്ചു.

അത് കേൾക്കാൻ അച്ചു നിന്നില്ല. അവൻ മുറ്റം മുറിച്ചു കടന്ന് തെരുവിലൂടെ അതിവേഗത്തിൽ ഓടി.

കാറ്റ് അവന്റെ ചെവിയിൽ മൂളിക്കൊണ്ട് അവനോടൊപ്പം കൂടി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here