അവളുടെഅന്ത്യയാത്ര വിചാരിച്ചതിനെക്കാൾ ഇരുണ്ടതായിരുന്നു. ഏപ്രിൽ മാസത്തിലെ നെഞ്ചാളുന്ന വെയിലിനെ മറയ്ക്കാൻ എവിടെ നിന്നോ പറന്നു കൂടിയ മഴമേഘങ്ങൾ വീടിനു മുകളിൽ പന്തലൊരിക്കിയിരുന്നു. വിതുമ്പി നിൽക്കുന്ന പന്തൽ.(പെയ്യാതിരിക്കട്ടെ, മഴയിൽ ജീവിച്ചവൾ മഴയിൽ മരിക്കാതിരിക്കട്ടെ – വിരഹാത്മഗതം )
എന്റെ കണ്ണു നനഞ്ഞതില്ല. ജീവനോടെ ഞാനവളെ കണ്ടിട്ടില്ല, കണ്ടിട്ടു തന്നെയില്ല. അറിഞ്ഞപ്പോൾ വരണമെന്ന് തോന്നി, അത്ര മാത്രം.
എന്നെയൊരിക്കൽ കാണണമെന്നും പിരിയൻ ഗോവണിയുള്ള കോഫി ഷോപ്പിൽ ഇരുന്ന് വാതോരാതെ മിണ്ടണമെന്നും ഒരിക്കൽ പറയുകയുണ്ടായി. അശ്രദ്ധം
കേട്ടു തീർത്ത കാര്യങ്ങൾ ഇന്ന് വരി തെറ്റാതെ മുൻപിൽ വന്നു നിൽക്കുന്നു.
ഹൃദയം മരിച്ച കണ്ണുകളടച്ച രൂപത്തെ എങ്ങിനെ അടുത്തു ചെന്നു നോക്കും. ഫോട്ടോകളിലോ ആരുടെയോ വരകളിലോ അവൾ ജീവിക്കട്ടെ.
ശ്മശാനത്തിലേക്കുള്ള യാത്രയെ പിന്തുടരാൻ എന്റെ മനസ്സ് കല്പിച്ചു, ഞാനതനുസരിച്ചു. കത്തിച്ചു തുടങ്ങി എന്നറിഞ്ഞപ്പോൾ എന്നാൽ തീർന്നിട്ട് പോകാമെന്നായി. മണിക്കൂറുകൾ കാറിലിരുന്നു. അവിടെ നിന്നയുയർന്നു തുടങ്ങിയ കറുത്ത പുകയിൽ അവളുടെ മൗനത്തേക്കാൾ മൃതി നിറഞ്ഞിരിക്കുന്നു.
” എന്നെ കത്തിച്ചു കളയണ്ട, മണ്ണിനടിയിൽ കുഴിച്ചു മൂടേണ്ട, പെട്ടിക്കുള്ളിലാക്കേണ്ട ” എന്നൊരിക്കൽ അവളെഴുതിയിരുന്നു. എരിഞ്ഞു തീരുന്നിടം കാവൽ നിൽക്കാം. അത്രയും കെൽപ്പുണ്ടെനിക്ക്. നിന്റെ ഹൃദയത്തെ തൊടാതെ എന്റെ ഹൃദയത്തെ പിടിച്ചു നിർത്തിയത്തിൽ ഞാനിന്നാശ്വസിക്കുന്നു. തൊട്ടിരുന്നെങ്കിൽ ഇന്ന് നിനക്ക് ഒറ്റക്ക് പോകേണ്ടി വരില്ലായിരുന്നു.
നിന്റെ കഥകളിൽ ഇല്ലാത്ത അടുത്ത ജന്മത്തിൽ നമ്മൾ കാണുമെന്നും ജീവനുള്ള കണ്ണുകളിൽ നോക്കുമെന്നും ഞാനിന്നെഴുതും.
നിനക്ക് വിട..