പണ്ടേ ഞാൻ പാടിയൊരെന്റെ
പടുപാട്ടിൻ മൊഴികൾ ഇവിടെ
കദനത്തിൻ കരടായിട്ടെൻ
കരളിന്നുള്ളിൽ ഞരങ്ങുന്നു
എവിടെയോ പൊട്ടിയൊലിച്ചൊരു
തീക്കുന്നിൻ ലാവകളെല്ലാം
അടിയുന്നെൻ കരളിൽ മതിലുകളൊക്കെയും
തകർത്തൊഴുകുന്നു
എവിടെയോ തെറ്റിപ്പോയെൻ
പടുപാട്ടിൻ വരിയുടെ ഈണം
ഉയരുന്നൊരു കുറുനരി തന്റെ
അപശബ്ദത്തിൻ നാദവുമായി
അല്ലിനെ നോക്കിയിരുന്നൊരു ആമ്പൽ –
പ്പൂവിന്നുള്ളിലെ വണ്ടത്താനും,
അല്ലിന്നിടയിൽ കണ്ണെറിയുന്നൊരു താരകവും
ഇന്നെന്നെ കളിയാക്കീടുന്നോ?
ചിതറിപ്പോയെൻ പാട്ടിൻ വരികൾ
നീ തീർത്തൊരു തീക്കുണ്ഡത്തിൽ
ഉരുയൊലിക്കുന്നൂ പുതിയൊരു
തീക്കുന്നായ് തീർന്നീടുന്നോ?
അറിയുന്നുണ്ടോ നീയെൻ
ചിറപൊട്ടിയ മിഴിനീർ നദിയുടെ
കടലേതെന്നറിയാത്തൊഴുകി
വഴിമുട്ടിയ ഗദ്ഗദമൊക്കെ
എവിടെയോ ചിരിയുടെ പടഹധ്വനികൾ
ഉയരുന്നെന്നിലലയ്ക്കുന്നിവിടെ
പുതിയൊരു പരിഹാസത്തിന്റെ
പൂച്ചെണ്ടുകൾ തീർക്കുന്നോ നീ!
പറയുന്നില്ലൊരു കഥയും ഞാൻ
പാടുന്നില്ലൊരു പാട്ടും ഞാൻ
ശുന്യതയാം ഗഹ്വര വാതിൽ
തുറക്കട്ടെ, യൊളിക്കട്ടെ ഞാൻ.